02 August 2025, 08:24 PM IST

Photo: x.com/airnewsalerts/
നാഗ്പുർ: വനിതാ ചെസ്സ് ലോകകപ്പ് നേടിയ ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖിന് 3 കോടി രൂപ പാരിതോഷികം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. നാഗ്പുരില്‍ വെച്ച് നടന്ന അനുമോദനച്ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പാരിതോഷികം കൈമാറിയത്. ജോര്‍ജിയയിലെ ബാത്തുമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ (1.5-0.5) തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.
ഇത് നാഗ്പൂരിനോ മഹാരാഷ്ട്രയ്‌ക്കോ മാത്രമല്ല, രാജ്യത്തിന് മുഴുവൻ അഭിമാനിക്കാവുന്ന നിമിഷമാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു. വനിതാ ചെസ്സിൽ പരമ്പരാഗതമായി ചൈനയാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ നമ്മുടെ സ്വന്തം ദിവ്യയും കൊനേരു ഹംപിയും ഉൾപ്പെടെ രണ്ട് ഇന്ത്യൻ വനിതകൾ അതിനെ മറികടന്നിരിക്കുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും, ഒരു മഹാരാഷ്ട്രക്കാരൻ എന്ന നിലയിലും, ഒരു നാഗ്പുർ സ്വദേശി എന്ന നിലയിലും ദിവ്യയുടെ വിജയത്തിൽ ഞാൻ അതീവമായി അഭിമാനിക്കുന്നു. - ഫഡ്നാവിസ് പറഞ്ഞു.
കിരീടനേട്ടത്തോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തിയിരുന്നു. ഹംപി, ദ്രോണവല്ലി ഹരിക, ആര്‍. വൈശാലി എന്നിവര്‍ക്കു ശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ. വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ജു വെന്‍ജുനെ ആരാണ് നേരിടേണ്ടതെന്ന് തീരുമാനിക്കുന്ന അടുത്ത വര്‍ഷത്തെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ ദിവ്യ സ്വന്തമാക്കിയിരുന്നു.
Content Highlights: Maharashtra awards Rs 3 crore to Divya Deshmukh for FIDE World Cup triumph








English (US) ·