'ദിസ് ടൈം ഫോര്‍ ആഫ്രിക്ക'; ദൗർഭാഗ്യങ്ങളുടെ ഇന്നിങ്സിന് വിട; ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ലോകകിരീടം

7 months ago 7

പ്രതിഭകളുടെ എണ്ണത്തില്‍ ലോകത്തെ മറ്റേത് ടീമിനോടും കിടപിടിക്കാവുന്നവരായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം ലോകോത്തര താരങ്ങള്‍ നിറഞ്ഞതായിരുന്നു എക്കാലത്തെയും പ്രോട്ടീസ് ടീം. പക്ഷേ ഒരു ഐസിസി ലോക കിരീടത്തിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് ചില്ലറക്കാലമൊന്നുമല്ല. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന ചീത്തപ്പേരുള്ളവരായിരുന്നു ദക്ഷിണാഫ്രിക്ക. 1992, 1999, 2007, 2015, 2023 ഏകദിന ലോകകപ്പുകളിലെല്ലാം സെമി ഫൈനലില്‍ അവര്‍ക്ക് കാലിടറി. 1996-ലും 2011-ലും ക്വാര്‍ട്ടര്‍ ഫൈനലിലും. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലിലെത്തിയിട്ടും ഇന്ത്യയോട് തോറ്റു. 2009, 2014 ടി20 ലോകകപ്പുകളിലെ സെമി ഫൈനലില്‍ തോറ്റ് പുറത്തായി. 2000, 2002, 2006, 2013, 2025 വര്‍ഷങ്ങളിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലെല്ലാം സെമി ഫൈനലില്‍ കടന്നെങ്കിലും ഒരിക്കല്‍ പോലും ഫൈനല്‍ കളിക്കാന്‍ സാധിക്കാത്തവരായിരുന്നു ദക്ഷിണാഫ്രിക്ക. ഇക്കാലത്തിനിടയ്ക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ട് തവണ ക്വാര്‍ട്ടറിലും 12 തവണ സെമിയിലും ഒരു തവണ ഫൈനലിലും ദക്ഷിണാഫ്രിക്ക തോറ്റു. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയ്ക്ക് നിര്‍ഭാഗ്യം പിന്തുടര്‍ന്ന ഒരു ടീമുണ്ടോ എന്നത് സംശയമാണ്.

ഒടുവിലിതാ ആ കോട്ടമെല്ലാം തീര്‍ത്ത് ക്രിക്കറ്റിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മുട്ടുകുത്തിച്ചാണ് ദക്ഷിണാഫ്രിക്ക ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്.

1992-ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍, മഴപെയ്ത സിഡ്‌നിയിൽ അന്ന് കളി നിര്‍ത്തിവെക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍വേണ്ടത് 13 പന്തുകളില്‍നിന്ന് 22 റണ്‍സ്. മഴമാറി കളിതുടങ്ങുമ്പോള്‍ അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്ക് വലിയ സ്‌ക്രീനില്‍ തെളിഞ്ഞു 'ഒരു പന്തില്‍നിന്ന് 22 റണ്‍സ്'. ആ പന്ത് നേരിട്ട ബ്രയാന്‍ മാക്മില്ലന്‍ നിര്‍വികാരനായി അത് ലെഗ്‌സൈഡിലേക്ക് തട്ടിയിട്ടു... ഒരു റണ്‍സ് എടുത്ത് ഡ്രസ്സിങ് റൂമിലേക്ക് നടന്നു. ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിലേക്ക് പ്രോട്ടീസിനെ മുന്നില്‍ നിന്ന് നയിച്ച ഏയ്ഡന്‍ മാര്‍ക്രം അന്ന് ജനിച്ചിട്ടില്ല... അന്നത്തെ ആ മഴനിയമം ആ മത്സരത്തിനുശേഷം ചവറ്റുകൊട്ടയിലേക്ക് പോയി പകരമെത്തിയതാണ് 'ഡക്ക്വര്‍ത്ത്-ലൂയിസ്'.

അന്നുമുതല്‍ മൂന്നുപതിറ്റാണ്ടിലേറെ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ഫൈനല്‍ കണ്ടിട്ടില്ല. 'സെമി ശാപം' അവരുടെ തലയ്ക്കുമുകളില്‍ എന്നുമുണ്ടായിരുന്നു. അന്നുമുതല്‍ അവര്‍ വീണുപോയത് ലോകകപ്പുകളിലെ ഏഴു സെമിഫൈനലുകളിലായിരുന്നു.

1999 ഏകദിന ലോകകപ്പ്

സെമിയില്‍ ഓസ്‌ട്രേലിയയുടെ 213 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലുപന്തുകളും ഒരുവിക്കറ്റും ശേഷിക്കെ ഒരു റണ്‍സ് മതിയായിരുന്നു. ലാന്‍സ് ക്ലൂസ്‌നര്‍, പന്ത് നേരേ തട്ടിയിട്ട് ഓടുന്നു. എതിര്‍ എന്‍ഡിലെ അലന്‍ ഡൊണാള്‍ഡ് ആദ്യം ഓടിയില്ല. ലാന്‍സ് ക്ലൂസ്‌നറുടെ ഓട്ടം ഡ്രസ്സിങ് റൂമിലേക്ക് നീണ്ടു. അയാള്‍ക്ക് അറിയാമായിരുന്നു ഒരു റണ്ണൗട്ട് ഉറപ്പാണെന്ന്... മത്സരം ടൈ... നെറ്റ് റണ്‍റേറ്റില്‍ ഓസ്‌ട്രേലിയ ഫൈനലില്‍.

2007 ഏകദിന ലോകകപ്പ്

സെമിയില്‍ എതിരാളികള്‍ വീണ്ടും ഓസ്‌ട്രേലിയ. വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്തിരുന്ന ദക്ഷിണാഫ്രിക്ക ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍, ഇന്നിങ്‌സ് 149-ല്‍ ഒതുങ്ങി. ഓസ്‌ട്രേലിയ ഏഴുവിക്കറ്റിന് ജയിച്ചു.

2009 ട്വന്റി-20 ലോകകപ്പ്

സെമിയില്‍ എതിരാളി പാകിസ്താന്‍. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ ടീമുകളെ തോല്‍പ്പിച്ചുവന്ന ദക്ഷിണാഫ്രിക്ക ഫേവറിറ്റുകള്‍. ഷാഹിദ് അഫ്രിദിയുടെ അര്‍ധസെഞ്ചുറിയുടെ മികവില്‍ പാക് സ്‌കോര്‍ 149. ഹെര്‍ഷല്‍ ഗിബ്‌സിനെയും (5) എ.ബി. ഡിവിലിയേഴ്‌സിനെയും (1) അഫ്രിദിതന്നെ പുറത്താക്കി. 142-ല്‍ ദക്ഷിണാഫ്രിക്ക പുറത്ത്.

2013 ചാമ്പ്യന്‍സ് ട്രോഫി

ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു സെമി ഫൈനല്‍ ദുരന്തം. എട്ട് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ പ്രോട്ടീസിനെ, ഡേവിഡ് മില്ലറും റോറി ക്ലെയിന്‍വെല്‍ട്ടും ചേര്‍ന്ന് 175 എന്ന നിലയിലെത്തിച്ചു. പക്ഷേ, മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ജോനാഥന്‍ ട്രോട്ടിന്റെ 82 റണ്‍സ് ബലത്തില്‍ ഏഴ് വിക്കറ്റും 12 ഓവറും ബാക്കിയിരിക്കേ വിജയിച്ചു. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് മുകളില്‍ ഒരു ഇരുണ്ട മൂടല്‍മഞ്ഞ് തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അന്നത്തെ തോല്‍വിയോടെ കോച്ച് ഗാരി കിര്‍സ്റ്റണ്‍ പറഞ്ഞു.

2014 ട്വന്റി-20 ലോകകപ്പ്

സെമിയിലെ എതിരാളി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 എന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യന്‍ ഇന്നിങ്‌സില്‍ വിരാട് കോലിയുടെ 72 (44) താണ്ഡവമായിരുന്നു. അഞ്ചുപന്തുകള്‍ ശേഷിക്കെ ഇന്ത്യന്‍ വിജയം.

2015 ഏകദിന ലോകകപ്പ്

എതിരാളി ന്യൂസീലന്‍ഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 281. മഴനിയമത്തില്‍ ന്യൂസീലന്‍ഡിന് ലക്ഷ്യം 43 ഓവറില്‍ 298 ആയി. ഒടുവില്‍ ഒരു പന്തുമാത്രം ശേഷിക്കെ ഡെയ്ല്‍ സ്റ്റെയിനിനെ സിക്‌സടിച്ച് ഗ്രാന്‍ഡ് എലിയട്ടിന്റെ വിജയസ്മിതം.

2023 ഏകദിന ലോകകപ്പ്

സെമിയില്‍ എതിരാളി വീണ്ടും ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ടൂര്‍ണമെന്റിലെതന്നെ കുറഞ്ഞ സ്‌കോറുകളിലൊന്നായ 212-ല്‍ ഒതുങ്ങി. ഓസ്‌ട്രേലിയയും ഈഡന്‍ ഗാര്‍ഡന്‍സിലെ ആ പിച്ചില്‍ തപ്പിത്തടഞ്ഞു. ഒടുവില്‍ 48-ാം ഓവറിലാണ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടത്.

ഇതിനു ശേഷം 2024 ടി20 ലോകകപ്പ് ഫൈനലില്‍ ജയിച്ചെന്ന ഘട്ടത്തില്‍ നിന്ന് കളി കൈവിട്ട ദക്ഷിണാഫ്രിക്ക ഏഴു റണ്‍സിന് തോറ്റു. പിന്നാലെ ഈ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ന്യൂസീലന്‍ഡിനോട് 50 റണ്‍സിന് തോറ്റ് പുറത്തായി.

Content Highlights: South Africa yet breaks the ICC curse, winning the World Test Championship against Australia

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article