Published: October 21, 2025 07:39 PM IST
1 minute Read
തിരുവനന്തപുരം∙ സ്‌കൂള്‍ ഒളിംപിക്‌സിന് തലസ്ഥാനത്തു തുടക്കമായി. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍ ദീപശിഖയ്ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിക്ക് എത്താന്‍ കഴിയാതിരുന്നതിനാല്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ.ഉമേഷ് പതാക ഉയര്‍ത്തി. മേളയുടെ അംബാസഡര്‍മാരായ സഞ്ജു സാംസണും കീര്‍ത്തി സുരേഷും ആശംസകള്‍ അര്‍പ്പിച്ചു. നാളെ മുതല്‍ 12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളില്‍ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.
കായിക മേഖലയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണെന്ന് മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്കൂൾ വിദ്യാർഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുന്നു. മേള വഴി ഉണ്ടാകുന്ന സാഹോദര്യവും, കായിക ഉണർവും സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും ഭാഗമാകുന്ന മേള, കേവലം മത്സരമല്ല, കായിക കേരളത്തിന്റെ മഹത്തായ സാംസ്കാരിക സംഗമമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ‘‘ചരിത്രത്തിലേക്ക് ഒരു കുതിപ്പ് എന്ന വിശേഷണത്തോടെയാണ് അറുപത്തിയേഴാമത് സംസ്ഥാന സ്കൂൾ കായികമേള ആരംഭിക്കുന്നത്. 41 കായിക ഇനങ്ങളിലായി, 12 സ്റ്റേഡിയങ്ങളിൽ കുട്ടികൾ വേഗതയുടെയും കരുത്തിന്റെയും പുതിയ ചരിത്രമെഴുതാൻ തയാറെടുക്കുകയാണ്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കായിക രംഗത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നതിലൂടെ അനുകരണീയമായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വർണ്ണക്കപ്പാണ്. കായിക മേളയുടെ ദീപശിഖ ഐ.എം. വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ എച്ച്.എം. കരുണപ്രിയയും സംയുക്തമായി തെളിയിച്ചു. തുടർന്ന് ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ജൂനിയർ ടീം അംഗം അദ്ധീന മറിയം സ്കൂൾ ഒളിംപിക്സ് പ്രതിജ്ഞ വായിച്ചു. വൈകിട്ട് നാല് മുതൽ ജില്ലയിലെ വിവിധ സ്കൂളുകൾ, എസ്പിസി, എൻസിസി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മേളയിൽ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഉൾപ്പെടുന്ന വിവിധ ജില്ലകളുടെ ടീമുകളുടെ മാർച്ച് പാസ്റ്റ് നടന്നു. സഞ്ജു സാംസൺ, കീർത്തി സുരേഷ് എന്നിവരുടെ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
English Summary:








English (US) ·