‘ദീപാവലി ദിനത്തിൽ പാക്ക് താരങ്ങൾ ഞങ്ങളെ അസഭ്യം പറഞ്ഞു, കൊടുത്തത് അതിനുള്ള മറുപടി’: തുറന്നുപറ‍ഞ്ഞ് ഇന്ത്യൻ താരം

4 days ago 5

അൽ അമിറാത്ത് (ഒമാൻ) ∙ അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ ആഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം യഷ്‌വീർ ഗൗഡ്. മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങളിൽ നിന്നുണ്ടായ പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടി നൽകാനുള്ള ദൃഢനിശ്ചയമാണ് വിജയാഘോഷത്തിൽ കണ്ടതെന്ന് താരം വ്യക്തമാക്കി.

What you should work next

ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ ഫൈനലിൽ വീണ്ടും ഏറ്റുമുട്ടിയപ്പോൾ ആ തോൽവിക്ക്  പകരംവീട്ടുകയായിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ മൂന്നു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. അർജുൻ രാജ്പുതിന്റെ സെഞ്ചറിയുടെ മികവിൽ ഇന്ത്യ 208 റൺസ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിൽ ഹംസ സറൂറിന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തിനിടെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും ഉണ്ടായതിനെത്തുടർന്ന് തോൽവി ഇന്ത്യൻ താരങ്ങളെ ഏറെ നിരാശരാക്കിയിരുന്നു.

എന്നാൽ അതിനുള്ള മറുപടി ഫൈനലിൽ നൽകാനായിരുന്നു ഇന്ത്യൻ താരങ്ങളുടെ തീരുമാനം. കിരീടവിജയത്തിന് പിന്നാലെയുള്ള ആഘോഷങ്ങൾക്ക് ഇത്രയധികം വൈകാരികത കൈവന്നതിന്റെ കാരണം യഷ്‌വീർ വിശദീകരിച്ചു. ‘‘ദീപാവലി ദിനത്തിൽ നടന്ന മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ ചില വാക്കേറ്റങ്ങളുണ്ടായി. അസഭ്യമായ ഭാഷയും ഉപയോഗിക്കപ്പെട്ടു. ആ മത്സരത്തിൽ തോറ്റതിനാൽ അന്ന് ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഫൈനലിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ കരുത്ത് എന്താണെന്ന് തെളിയിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.’’– യഷ്‌വീർ ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.

Aise observe nai kiya tho kya kiya! 💥🥳 Congratulations Team India U19! #U19AsiaCupFinal https://t.co/qa5CwKXClj

— Desi Rajneeti (@DR__Mudit) November 14, 2026

നവംബർ 14ന് നടന്ന ഫൈനലിൽ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 252 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിലായിരുന്നു. എന്നാൽ മനാൽ ചൗഹാൻ (47), പുറത്താകാതെ 49 റൺസ് നേടിയ മോഹിത് ഉൽവ എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന പന്തിൽ ബൗണ്ടറി നേടിയ മോഹിത് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

വിജയത്തിന് പിന്നാലെ ആവേശത്തോടെ ആഘോഷിച്ച താരങ്ങളിൽ യഷ്‌വീറും ഉണ്ടായിരുന്നു. എതിർടീമിലെ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. ആഘോഷങ്ങളെക്കുറിച്ചും അതിനെച്ചൊല്ലിയുള്ള വ്യത്യസ്ത അഭിപ്രായങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ, നേരത്തെ തങ്ങൾ നേരിട്ട അനുഭവങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന് യഷ്‌വീർ വ്യക്തമാക്കി.

“അവർ നേരത്തെ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്തത്. അന്ന് അവർ നിശബ്ദരായിരുന്നപ്പോൾ ഞങ്ങളും നിശബ്ദരായിരുന്നു. ഞങ്ങൾ ഇന്ത്യൻ ജഴ്‌സിയാണ് ധരിച്ചിരുന്നത്. ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. എല്ലാവരും വികാരാധീനരായിരുന്നു.’’– യഷ്‌വീർ കൂട്ടിച്ചേർത്തു.

കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ആഘോഷപ്രകടനങ്ങൾക്കെതിരെ ചില കോണുകളിൽനിന്ന് വിമർശനവും ഉയർന്നിരുന്നു. ആഘോഷങ്ങൾ അതിരുകടന്നെന്നായിരുന്നു ആരോപണം. എന്നാൽ ഇതിനു മറുപടിയുമായി ബിസിസിഐ രംഗത്തെത്തി. ആവേശകരവും നിർണായകവുമായ മത്സരങ്ങളിൽ താരങ്ങളുടെ വികാരങ്ങൾ നിയന്ത്രണാതീതമാകുന്നത് സ്വാഭാവികമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ചൂണ്ടിക്കാട്ടി.

‘‘അത് അവരുടെ സ്വഭാവത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതിഫലനമാണ്. മത്സരം എത്രത്തോളം ആവേശകരമായിരുന്നെന്ന് ചിന്തിച്ചുനോക്കൂ. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ വിജയസാധ്യത വളരെ കുറവാണെന്നാണ് തോന്നിയത്. എന്നാൽ ഇന്ത്യ അവിടെനിന്നു തിരിച്ചുവന്ന് വിജയം സ്വന്തമാക്കി. ടീമിന്റെ ആത്മവിശ്വാസവും അവസാന നിമിഷംവരെ പൊരുതാനുള്ള മനോഭാവവുമാണ് ഇതു വ്യക്തമാക്കുന്നത്. ഇത്രയും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽനിന്ന് ഒരു മത്സരം വിജയിക്കുമ്പോൾ താരങ്ങൾക്ക് അത് ആഘോഷിക്കാനുള്ള അവകാശമുണ്ട്. അതിനു നമ്മൾ അവരെ അനുവദിക്കണം.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Under-19 Asia Cup India vs Pakistan last triumph celebrations were fueled by revenge for erstwhile insults, arsenic explained by Indian cricketer Yashveer Goud. The thrilling last lucifer showcased India's resilience and determination to flooded aboriginal tourney setbacks.

Read Entire Article