Published: September 04, 2025 02:42 PM IST
1 minute Read
തിരുവനന്തപുരം ∙ രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മത–സാമുദായിക നേതാക്കൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഓണവിരുന്നിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസണും. ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു സാംസൺ, ദുബായിലേക്കു പുറപ്പെടുന്നതിനു മുൻപാണ് ഓണവിരുന്നിൽ പങ്കെടുത്തത്. വെള്ള കുർത്തയും മുണ്ടും ധരിച്ചാണ് സഞ്ജു എത്തിയത്. സഞ്ജു ഓണസദ്യ കഴിക്കുന്നതും ചടങ്ങിനെത്തിയ വിവിധ ആളുകളുമായി സൗഹൃദസംഭാഷണം നടത്തുന്നതും പുറത്തുവന്ന വിവിധ ദൃശ്യങ്ങളിലുണ്ട്.
സഞ്ജുവിന്റെ സുഹൃത്തും നടനും സംവിധായകനുമായി ബേസിൽ ജോസഫും ഓണവിരുന്നിൽ പങ്കെടുത്തിരുന്നു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലും ഇതിനു ശേഷം ബേസിൽ പങ്കെടുത്തു. ചടങ്ങിൽ ബേസിൽ നടത്തിയ പ്രസംഗം കയ്യടി നേടുകയും ചെയ്തു.
നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച ഓണസംഗമത്തിനും വിരുന്നിനുമെത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്നു സ്വീകരിച്ചു. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക സംസ്കാരിക, മാധ്യമ, കലാ, കായിക രംഗത്തെ പ്രമുഖർ, മതമേലധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ദുബായിലേക്കു പോയതോടെ കെസിഎൽ ക്രിക്കറ്റിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കൊച്ചി ടീമിന് സഞ്ജുവിന്റെ സേവനം നഷ്ടമാകും. ലീഗിൽ ചൊവ്വാഴ്ച കാലിക്കറ്റിനെതിരായ മത്സരത്തിൽ കൊച്ചി ടീമിൽ സഞ്ജു കളിച്ചിരുന്നില്ല. എന്നാൽ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. കെസിഎലിലെ തന്റെ അരങ്ങേറ്റ സീസണിൽ ഒരു സെഞ്ചറിയും 3 അർധ സെഞ്ചറിയും സഞ്ജുവിന്റെ പേരിലുണ്ട്.
English Summary:








English (US) ·