
ജിംഷി ഖാലിദും നഹാസ് ഹിദായത്തും അൻപറിവ് മാസ്റ്റേഴ്‌സിനൊപ്പം
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'ഐ ആം ഗെയിം' എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നത്. സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ്.
ആക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അന്‍പറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആയിരിക്കുമെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകന്‍ നഹാസ് ഹിദായത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. അന്‍പറിവ് മാസ്റ്റേഴ്‌സ്, ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് എന്നിവര്‍ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നഹാസ് കുറിച്ചത്, 'ഒരു വമ്പന്‍ സിനിമാറ്റിക് പ്രകമ്പനത്തോടെ ദിവസം പൂര്‍ത്തിയാക്കി' എന്നാണ്.
ദുല്‍ഖര്‍ സല്‍മാന്റെ 40-ാം ചിത്രമായി ഒരുക്കുന്ന 'ഐ ആം ഗെയിം'ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്.
'ആര്‍ഡിഎക്‌സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം'ന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടന്നത് തിരുവനന്തപുരത്താണ്. 'കബാലി', 'കെജിഎഫ്' സീരിസ്, 'കൈതി', 'വിക്രം', 'ലിയോ', 'സലാര്‍' എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് 'ആര്‍ഡിഎക്‌സ്' എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍, ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, വിഎഫ്എക്‌സ്: തൗഫീഖ്, എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍: ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണന്‍ ഗണപത്, സ്റ്റില്‍സ്: എസ്ബികെ, പിആര്‍ഒ- ശബരി.
Content Highlights: Dulquer Salmaan `I americium Game` Action Scenes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·