02 August 2025, 09:04 PM IST

സൈനയും കശ്യപും | Instagram/saina
ന്യൂഡല്‍ഹി: വേർപിരിയുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ വീണ്ടും ഒന്നിക്കാനൊരുങ്ങി ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും. സാമൂഹികമാധ്യമങ്ങളിൽ ഒന്നിച്ചുള്ള ചിത്രം ഇരുവരും പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഒന്നിക്കാൻ ശ്രമിക്കുകയാണെന്നും ചിത്രത്തിന് താഴെ കുറിച്ചു. നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ച് സൈനയാണ് താനും കശ്യപും വേര്‍പിരിയുകയാണെന്ന് അറിയിച്ചത്.
'ചിലപ്പോൾ ദൂരം സാമീപ്യത്തിന്റെ വില പഠിപ്പിക്കും, ഇതാ ഞങ്ങൾ വീണ്ടും ശ്രമിക്കുന്നു.'- കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൈന കുറിച്ചു.
2018-ലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സൈന, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായിരുന്നു അവര്‍.
2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. 32 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരുന്നു അദ്ദേഹം. ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായ പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപിചന്ദ് എന്നിവരില്‍ നിന്ന് കശ്യപ് പരിശീലനം നേടിയിരുന്നു. ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം കൂടിയായിരുന്നു കശ്യപ്.
Content Highlights: Saina Nehwal and Parupalli Kashyap Reunite After Announcing Separation








English (US) ·