മുജീബുര്‍റഹ്മാന്‍ കരിയാടന്‍
മലയാള സിനിമ പ്രേക്ഷകരോടൊപ്പം കഴിഞ്ഞ 13 വര്‍ഷമായി ദൃശ്യമുണ്ട്. ജോര്‍ജ്ജ് കുട്ടിയും റാണിയും അഞ്ജുവും അനുവും സഹദേവനും വരുണും പ്രഭാകറും ഐ ജി ഗീതാപ്രഭാകറും സുരേഷ് ബാബുവും ആന്റണിയുമൊക്കെയായി സിനിമാ പ്രേക്ഷകര്‍ അവരെ കൊണ്ടാടിയിട്ടുമുണ്ട്.
മലയാളം അന്നുവരെ കാണാത്തൊരു ട്വിസ്റ്റുകളുമായി ആദ്യദൃശ്യം വെള്ളിത്തിരയില്‍ വരുമ്പോള്‍ ജോര്‍ജ്ജ് കുട്ടിയുടെ കുടുംബം ജീവിക്കാന്‍ വളരെ പ്രയാസപ്പെടുന്നൊരു സാധാരണ കുടുംബമായിരുന്നു. പതിമൂന്ന് വര്‍ഷം മുമ്പ് കേബിള്‍ ടി വി ഓപ്പറേറ്ററായിരുന്നു ജോര്‍ജ്ജ് കുട്ടിയെങ്കില്‍ മൂന്നാമത്തെ ദൃശ്യത്തിലെത്തുമ്പോള്‍ അയാള്‍ സിനിമാ തിയേറ്റര്‍ മുതലാളിയും സിനിമാ നിര്‍മാതാവും വലിയ കര്‍ഷകനുമൊക്കെയായി സാമ്പത്തികമായി വളര്‍ന്നിട്ടുണ്ട്. അയാളുടെ മൂത്ത മകള്‍ വിവാഹ പ്രായത്തിലെത്തിയിട്ടുണ്ട്- സ്വാഭാവികമായ പരിണാമം.
ഒരേ കുറ്റകൃത്യത്തിന്റെ തുടര്‍ കാഴ്ചകള്‍ എങ്ങനെയാണ് മൂന്നാമതും പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിക്കുന്നതെന്ന ആകാംക്ഷ സ്വാഭാവികമാണ്. സിനിമയുടെ ടിക്കറ്റ് പ്രീസെയില്‍ ഈ ആകാംക്ഷയുടെ ആഴം അടയാളപ്പെടുത്തുന്നുമുണ്ട്.
പുതുമുഖ സംവിധായകനെ വെച്ച് ജോര്‍ജ്ജ് കുട്ടി നിര്‍മിച്ച ആദ്യചിത്രമാണ് ദൃശ്യം. ബോക്‌സോഫീസില്‍ ഹീറ്റാകുന്ന ദൃശ്യം നൂറു കോടി കടക്കുന്നുണ്ട്. ജോര്‍ജ്ജ്കുട്ടിയുടെ ജീവിത കഥ ആസ്പദമാക്കിയാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ഒരു പൊലീസ് വേട്ടയാടലില്‍ ഉള്‍പ്പെട്ടു പോകുന്ന കുടുംബത്തിന്റെ കഥയാണ് സൂപ്പര്‍ സ്റ്റാറിനെ വെച്ച് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു ആ ചിത്രം. അതുകൊണ്ടുതന്നെ ഔട്ട്‌സൈഡ് കേരളയും ഓവര്‍സീസ് റേറ്റ്‌സുമൊക്കെ ജോര്‍ജ്ജ്കുട്ടി പറഞ്ഞ വിലയ്ക്ക് വിറ്റുപോകുന്നുമുണ്ട്.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഐ ജി ഗീതാ പ്രഭാകറിന്റെ മകന്‍ കൊല്ലപ്പെട്ട സംഭവം ജോര്‍ജ്ജ് കുട്ടിയേയും കുടുംബത്തേയും വിട്ടുപോകുന്നില്ല. ആ കേസ് കോടതി ഒഴിവാക്കിയെങ്കിലും പൊലീസ് ഫയലുകളില്‍ അടച്ചുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭാഗ്യവും സമയവും കൊണ്ട് രക്ഷപ്പെട്ടു പോയ ജോര്‍ജ്ജ്കുട്ടിയും കുടുംബവും എവിടെയെങ്കിലും പിടിക്കപ്പെടുമെന്ന ഭയം അവരിലുണ്ട്.
ഈ ഭയത്തിലൂടെയാണ് ദൃശ്യം മൂന്ന് പുരോഗമിക്കുന്നത്. ഒരു മനുഷ്യനും അയാളുടെ കുടുംബവും എത്ര വര്‍ഷമാണ് ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത്. അല്ലെങ്കിലും അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെയാണ് ആ ഭയവും ആശങ്കയും.
![]()
അമിത പ്രതീക്ഷയില്ലാതെ കണ്ടുവെന്നതാണ് ദൃശ്യം ഒന്നിന് ഇത്രയേറെ പ്രേക്ഷക പ്രീതി ലഭിക്കാന്‍ കാരണമായതെങ്കില്‍ രണ്ടും മൂന്നൂം ദൃശ്യങ്ങള്‍ക്കു മേല്‍ പ്രതീക്ഷയെന്ന അമിത ഭാരമുണ്ടായിരുന്നു. ഈ ഭാരത്തെ ചുമലിലേല്‍ക്കുക മാത്രമല്ല അതിജീവിക്കുകയും ചെയ്യുന്നുണ്ട് മൂന്നാമത്തെ ദൃശ്യത്തിലും മോഹന്‍ലാലിന്റെ ജോര്‍ജ്ജ് കുട്ടിയും മീനയുടെ റാണിയും അന്‍സിബയുടെ അഞ്ജുവും എസ്തറിന്റെ അനുവും.
എല്ലാ ആശങ്കകളേയും ഉള്ളിലൊതുക്കി നടക്കുന്ന ജോര്‍ജ്ജ്കുട്ടിയെ മോഹന്‍ലാല്‍ മനോഹരമാക്കിയെന്ന് പറയേണ്ടതില്ല. അദ്ദേഹത്തിന്റെ കഴിവുതന്നെ അത്തരം ഉള്ളിലൊളിപ്പിച്ച വികാരങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കുകയെന്നതാണ്. ആദ്യ ദൃശ്യത്തിലെ റാണിയില്‍ നിന്നും മൂന്നാം ദൃശ്യത്തിലേക്കെത്തുമ്പോള്‍ മീനയ്ക്ക് കാര്യമായി ചെയ്യാനൊന്നുമില്ലെങ്കിലും ആദ്യ രണ്ടു ഭാഗങ്ങളുടെ തുടര്‍ച്ചയെ അവര്‍ മുറിക്കുന്നില്ല.
അന്‍സിബയുടെ അഞ്ജുവും എസ്തറിന്റെ അനുവുമാണ് ദൃശ്യം മൂന്നിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍. ആദ്യ ഭാഗത്തിലെ ട്രോമ കൊണ്ടുനടക്കുന്ന അഞ്ജുവിനെ തന്റെ ഭാവങ്ങളിലൂടെ അന്‍സിബ മികവുറ്റതാക്കിയിട്ടുണ്ട്. അധികം സംഭാഷണങ്ങളൊന്നുമില്ലാത്ത കഥാപാത്രത്തെ പ്രകടനം കൊണ്ട് മനോഹരമാക്കേണ്ടുന്ന ഉത്തരവാദിത്വം അന്‍സിബയ്ക്കുണ്ടായിരുന്നു. അന്‍സിബയുടെ അഞ്ജുവിന്റെ നേരെ എതിര്‍വശത്താണ് എസ്തറിന്റെ അനു നില്‍ക്കുന്നത്. ജെന്‍സി പെണ്‍കുട്ടിയുടെ എല്ലാ ഭാവങ്ങളും പേറി സകലതിനേയും പൊളിച്ചടുക്കി കയ്യില്‍ കൊടുക്കാനുള്ള അനുവെന്ന യുവതി എസ്തറിന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഓവര്‍ സ്മാര്‍ട്ടെന്ന് പലപ്പോഴും തോന്നിപ്പിക്കുമ്പോഴും അതെന്തിനാണെന്ന് പ്രേക്ഷകനെ പലപ്പോഴായി ഈ കഥാപാത്രം ബോധ്യപ്പെടുത്തുന്നു.
ആദ്യ സിനിമയിലെ എസ് ഐ സഹദേവനായി കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊളിച്ചടുക്കുന്നു. ഇത്തവണ പൊലീസിലില്ലെങ്കിലും ഗുണ്ടയും വില്ലനും പൊലീസുകാരനും പ്രതികാരദാഹിയുമൊക്കെയായി തന്റെ സഹദേവനെ ഷാജോണ്‍ മോള്‍ഡ് ചെയ്‌തെടുത്തിട്ടുണ്ട്.
ദൃശ്യം മൂന്നിന് ലാന്റ് ചെയ്യാനും പറഞ്ഞുവെക്കാനുള്ള കഥയിലേക്ക് പ്രവേശിക്കാനും ആദ്യപകുതി വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. അവസാനത്തെ മുക്കാല്‍ മണിക്കൂര്‍ നേരത്തിനിടയിലാണ് സിനിമ അതിന്റെ ത്രില്ലര്‍, മിസ്റ്ററി സ്വഭാവം പുറത്തെടുക്കുന്നത്. അവിടെ പ്രേക്ഷകര്‍ക്ക് നായകനും വില്ലനും സഹതാരങ്ങളുമൊക്കെ അവര്‍ തന്നെയാണോ എന്ന് സംശയിച്ചു പോയേക്കാം.
ഒരേ സിനിമയുടെ, അതും ഒരേ കഥയുടെ മൂന്നാമത് ഭാഗമെടുക്കുമ്പോള്‍ അതിനുണ്ടാവേണ്ടുന്ന സ്വാഭാവിക ഒഴുക്ക് സൃഷ്ടിക്കാന്‍ ജീതു ജോസഫിന്റെ തിരക്കഥയ്ക്ക് സാധിച്ചില്ലെന്നതാണ് സിനിമയുടെ പ്രധാന പോരായ്മ. ഭാരമില്ലാതെ എഴുതിയ ഒന്നാം ദൃശ്യത്തില്‍ നിന്നും ഉത്തരവാദിത്വത്തിന്റെ മൂന്നാം ദൃശ്യത്തിലെത്തുമ്പോള്‍ സംവിധായകനും എഴുത്തുകാരനുമായ ജീതുവിന് അത് താങ്ങാനാവാതെ പോകുന്നുണ്ട്. തന്റെ സങ്കല്‍പ്പങ്ങളിലൂടേയും തിരക്കഥയിലൂടെയും കാഴ്ചക്കാരനെ കൊണ്ടുപോകാന്‍ പലപ്പോഴും സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ പോരായ്മയാണ്. മാത്രമല്ല, എവിടേക്കൊക്കെ സിനിമ സഞ്ചരിക്കണമെന്ന തിരക്കഥാകൃത്തിന്റെ ഭാവനയെ സിനിമ കാണുന്ന പ്രേക്ഷകന്‍ സൂചനകളുടെ പിന്‍ബലത്തില്‍ പരാജയപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. എങ്ങനെയൊക്കെ കഥ വികസിക്കാമെന്ന് പ്രേക്ഷകന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും അത്തരത്തില്‍ ആലോചിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ക്രെഡിറ്റ് ആദ്യ ദൃശ്യത്തിലൂടെ ജീതു ജോസഫിനു കൂടി അവകാശപ്പെട്ടതാണെന്ന് മറക്കുന്നില്ല.
സിനിമയില്‍ വേറിട്ട് നില്‍ക്കാതെ ഒപ്പമൊഴുകുന്ന അനില്‍ ജോണ്‍സണിന്റെ സംഗീതത്തിന് കയ്യടി കൊടുക്കേണ്ടതുണ്ട്. തിരക്കഥയുടെ ബലം കുറയുന്നുവെന്ന് തോന്നുന്നിടത്തെല്ലാം പശ്ചാതല സംഗീതം രക്ഷക്കെയ്‌ക്കെത്തുന്നുണ്ട്.
മോഹന്‍ലാലിന്റെ ജോര്‍ജ്ജ്കുട്ടിയും ഇര്‍ഷാദിന്റെ സുരേഷ് ബാബുവും സംസാരിക്കുന്ന ഒരു ദൃശ്യത്തില്‍ പുഴയും മലയും വനവും ചേര്‍ന്ന് വെള്ളിത്തിര മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രംഗത്തെ പ്രത്യേക ക്യാമറ ആംഗിളുകള്‍ കൊണ്ട് മനോഹരമാക്കാനായത് ചിത്രത്തിലെ എടുത്തുപറയാവുന്ന കാഴ്ചയാണ്.
തന്റെ കുടുംബത്തെ രക്ഷിക്കാനും അവരെ നിലനിര്‍ത്താനും ഏതറ്റം വരെയും പോകുന്ന ഒരു സാധാരണക്കാരനാണ് ദൃശ്യം ഒന്നിലെ ജോര്‍ജ്ജ് കുട്ടിയെങ്കില്‍ അയാള്‍ മൂന്നിലെത്തുമ്പോള്‍ അങ്ങനെയുള്ള ഒരാളായി തുടരുന്നുണ്ടോ എന്ന സംശയവും ബാക്കിയാകും. ഒരേ സംഗതി പല തവണ ആവര്‍ത്തിച്ചാല്‍ ഒരാള്‍ അതായി മാറുമെന്നത് പ്രാപഞ്ചിക സത്യമാണല്ലോ.





English (US) ·