ജോർജുകുട്ടിയുടെ മൂന്നാംവരവിനായി കാത്തിരിക്കുന്നത് മലയാളിപ്രേക്ഷകർ മാത്രമല്ല, തിരക്കഥ തേടി ബോളിവുഡിൽനിന്നുവരെ സിനിമാസംഘങ്ങൾ എത്തുന്നു.ദൃശ്യം3 ഉൾപ്പെടെ നാല് സിനിമകളാണ് ജീത്തുജോസഫ് ഈ വർഷം സംവിധാനം ചെയ്യുന്നത്. പുതിയ സിനിമകളുടെ വിശേഷങ്ങളിലേക്ക്...
അപർണാ ബാലമുരളിയും ആസിഫ് ആലിയും പ്രധാനവേഷത്തിലെത്തുന്ന ‘മിറാഷാ’ണ് പ്രദർശനത്തിനൊരുങ്ങിയ അടുത്ത ജീത്തുജോസഫ് ചിത്രം, പേരിൽത്തന്നെ കൗതുകം ഒളിപ്പിക്കുന്ന സിനിമയുടെ വിശേഷങ്ങൾ...
മിറാഷ് ഒരു ത്രില്ലർ സിനിമയാണ്, ത്രില്ലർ ഗണത്തിൽപ്പെടുത്താമെങ്കിലും ഇമോഷൻസിന് പ്രാധാന്യമുണ്ട്. കഥയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപർണാ ബാലമുരളിയാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരംതേടിയുള്ള അവരുടെ യാത്രയാണ് സിനിമ, അന്വേഷണങ്ങൾ ഒരുഘട്ടം കഴിയുമ്പോൾ അവരിതുവരെ കണ്ടതും മനസ്സിലാക്കിയതുമൊന്നുമല്ല യഥാർഥപ്രശ്നമെന്ന് തിരിച്ചറിയുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ, മരീചിക പോലുള്ളൊരു കാഴ്ചയാണ് കഥയുടേത്. അപർണയുടെ സഞ്ചാരത്തിനൊപ്പം വന്നുചേരുന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്, ഓൺലൈൻ ന്യൂസ് ചാനൽ സ്വന്തമായുള്ള റിപ്പോർട്ടറുടെ വേഷമാണ് ആസിഫിന്റേത്. ഹന്ന റെജി കോശിയാണ് മറ്റൊരു വേഷം അവതരിപ്പിക്കുന്നത്. നാലഞ്ച് കൊല്ലം മുൻപ് ചർച്ചയിലേക്കുവന്ന സിനിമയാണ് മിറാഷ്. കഥയിൽ എന്റേതായ നിർദേശങ്ങളെല്ലാം ഉൾപ്പെടുത്തി, ഹിന്ദിയിൽ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. നായികാ പ്രാധാന്യമുള്ള കഥയാണ് മിറാഷിന്റേത്. നായനാകുന്ന നടന് അഭിനയപ്രാധാന്യമുള്ള അവസരങ്ങളുണ്ടെങ്കിലും നായികയ്ക്ക് പ്രാധാന്യം ഒരല്പം കൂടുതലാണ്, അതുകൊണ്ടുതന്നെ ബോളിവുഡിലെ നായകന്മാർ പലരും പിന്മാറി. അങ്ങനെയാണ് ഞങ്ങൾ വീണ്ടും മലയാളത്തിലേക്കുതന്നെ എത്തുന്നത്. ഞാൻ ആസിഫിനോട് സിനിമയെക്കുറിച്ച് പറഞ്ഞു, എന്തെങ്കിലും ചെയ്യാനുള്ള വേഷമാണെങ്കിൽ നമുക്ക് തീർച്ചയായും ചെയ്യാമെന്നാണ് ആസിഫ് പറഞ്ഞത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ മുന്നോട്ടുപോകുകയായിരുന്നു. കോഴിക്കോടും കോയമ്പത്തൂരുമായി നടക്കുന്ന കഥയാണ് മിറാഷിന്റേതെങ്കിലും ഈ രണ്ടു സ്ഥലത്തിനും പുറമേ കാരൈകുടിയും മലയാറ്റൂരുമെല്ലാം സിനിമ ചിത്രീകരിച്ചു. കൂമനുശേഷം ആസിഫുമായി ഒന്നിക്കുന്ന ചിത്രമാണിത്, മിറാഷ് ഒരു ടീം വർക്കായിരുന്നു അതിന്റെ നേട്ടം സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.
ജീത്തുജോസഫിന്റെ സംവിധാനത്തിൽ ഈ വർഷം നാലുസിനിമകളാണ് ഒരുങ്ങുന്നത്. ഭാരിച്ച ഉത്തരവാദിത്വമല്ലേ അത്, അത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത് എങ്ങനെയാണ്?
2025-ൽ നാല് സിനിമകളുടെ സംവിധാനമാണ് ഏറ്റെടുത്തത്, അതങ്ങനെ സംഭവിച്ചതാണ്. കഴിഞ്ഞവർഷം പ്രദർശനത്തിനെത്തിയ നുണക്കുഴി അതിനു മുൻവർഷത്തിൽ ചിത്രീകരണം പൂർത്തിയാക്കിയതാണ്. 2024-ൽ സിനിമകളൊന്നും ഷൂട്ട് ചെയ്തിട്ടില്ല, മോഹൻലാൽ നായകനാകുന്ന റാം സിനിമയുടെ കാര്യങ്ങളിലകപ്പെട്ട് തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ 2024-ൽ സംവിധാനംചെയ്യാൻ ഉദ്ദേശിച്ച സിനിമകളും ഈ വർഷത്തേക്ക് കയറിവന്നു. നിർമാതാക്കൾ നമുക്കുവേണ്ടി കാത്തിരിക്കുകയാണ് അതുകൊണ്ടുതന്നെ അവരെ പ്രയാസത്തിലാക്കാൻ പറ്റില്ല.
മിറാഷാണ് പ്രദർശനത്തിന് ഒരുങ്ങിനിൽക്കുന്ന സിനിമ. ബിജുമേനോനും ജോജു ജോർജും അഭിനയിക്കുന്ന വലതുവശത്തെ കള്ളൻ ത്രില്ലർ സിനിമയാണ്, ദൃശ്യം3 സെപ്‌റ്റംബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ഫഹദ് ഫാസിൽ സിനിമയുടെ ചിത്രീകരണം 2025 ഡിസംബറിൽ തുടങ്ങും. യഥാർഥ സംഭവം മുൻനിർത്തിയുള്ള സിനിമയാണിത്. സിനിമയ്ക്ക് നൽകാനായി ചില പേരുകൾ മനസ്സിലുണ്ടെങ്കിലും ഒന്നും ഉറപ്പിച്ചിട്ടില്ല. നേര് സിനിമയിൽ എനിക്കൊപ്പമുണ്ടായിരുന്ന അഡ്വ. ശാന്തി മായാദേവിയുടേതാണ് രചന. എഴുത്തുജോലികളെല്ലാം ആറേഴുമാസം മുൻപേ പൂർത്തിയാക്കിക്കഴിഞ്ഞു. ത്രില്ലർ ഗണത്തിൽ പ്പെടുത്താവുന്ന ലീഗൽ ഡ്രാമയാണ് ചിത്രം.
ഒരുവർഷം നാലു സിനിമകൾ സംവിധാനം ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റേതായ തിരക്കുകളും പലതരത്തിലുള്ള സമ്മർദങ്ങളുമുണ്ടാകും. പക്ഷേ, സിനിമചെയ്യുക എന്നത് അത്രയേറെ ഇഷ്ടപ്പെട്ടും ആഗ്രഹത്തോടെയും ചെയ്യുന്ന ജോലിയായതിനാൽ അതൊന്നും ബാധിക്കുന്നില്ല. വരും വർഷങ്ങളിൽ കൃത്യമായ ഇടവേളകളെടുത്ത് മുന്നോട്ടുപോകാൻ ശ്രദ്ധിക്കും.
ദൃശ്യം 3 പ്രഖ്യാപിച്ചതുമുതൽ ജോർജുകുട്ടിയുടെ അടുത്ത വരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഹിന്ദിയിലും മലയാളത്തിലും ഒരേസമയത്ത് ചിത്രീകരണം തുടങ്ങുമെന്ന അടക്കംപറച്ചിലുകളെല്ലാം വ്യാപകമാണ്
സെപ്റ്റംബർ പകുതിയോടെ ദൃശ്യം 3 തുടങ്ങണമെന്നാണ് കരുതുന്നത്. തിരക്കഥ പൂർത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിക്കുന്നതാണ് എന്റെ രീതി. എഴുത്തുജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇന്നുരാവിലേയും ചില ഭാഗങ്ങൾ എഴുതി. ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയിൽനിന്ന് സിനിമക്കാർ വരുന്നതായുള്ള വാർത്തകൾ ശരിയാണ്. അവരെല്ലാം തിരക്കഥ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ ചിത്രീകരണം തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നു. പക്ഷേ, അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നു.
ദൃശ്യത്തിന്റെ മൂന്നാംഭാഗം ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേർ കഥകളെഴുതി, എനിക്ക് മെയിലയച്ചിട്ടുണ്ട്. അതൊന്നും വായിച്ചുനോക്കാതെ ഡിലീറ്റ് ചെയുകയായിരുന്നു. കഥയുമായി ബന്ധപ്പെട്ട എന്റെ ആലോചനകളെ ഒരുവിധത്തിലും അതൊന്നും സ്വാധീനിക്കരുതെന്ന തീരുമാനമായിരുന്നു അതിനുപിന്നിൽ.
രണ്ടാംഭാഗം പൂർത്തിയാക്കിയ സമയത്തുതന്നെ മനസ്സിൽ തുടർച്ചയെക്കുറിച്ചുള്ള ചില ചിന്തകളുണ്ടായിരുന്നു. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ദൃശ്യം 2 എന്റെ വീട്ടിലെ ഹോം തിയേറ്ററിലിരുന്നാണ് ലാലേട്ടൻ കാണുന്നത്. രണ്ടാംഭാഗം അവസാനിപ്പിച്ച രീതി കണ്ടിട്ടാകണം, ഇതിനൊരു മൂന്നാംഭാഗത്തിന് സാധ്യത നോക്കുന്നുണ്ടോയെന്ന് ലാലേട്ടൻ ചോദിച്ചു. മൂന്നാംഭാഗത്തെക്കുറിച്ചൊന്നും അന്ന് പറയാൻ അറിയില്ലെങ്കിലും വീണ്ടുമൊരു തുടർച്ച വരുന്നുണ്ടെങ്കിൽ കഥ ഇങ്ങനെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുപറഞ്ഞ്, ചില ചിന്തകൾ അദ്ദേഹത്തോട് പങ്കുവെച്ചു.
ജോർജുകുട്ടി ഒരു വരവുകൂടി വരുന്നുണ്ടെങ്കിൽ അതിന്റെ ക്ലൈമാക്‌സ് ഇത്തരത്തിലാകുമെന്നാണ് അന്നുഞാൻ പറഞ്ഞത്. ലാലേട്ടന് അതിഷ്ടമായി, എഴുതിനോക്കൂ, ശരിയായാൽ മുന്നോട്ടുപോകാം എന്നുപറഞ്ഞ് അദ്ദേഹം മടങ്ങി. മനസ്സിൽ കയറിക്കൂടിയ ആ ചിന്ത മുൻനിർത്തി പിന്നീട് പലപ്പോഴായി ആലോചനകൾ നടന്നു. അതെല്ലാം വളർന്ന് മൂന്നാംഭാഗത്തിലേക്കെത്തുകയായിരുന്നു. ദൃശ്യം 3-ന്റെ ക്ലൈമാക്‌സായിരുന്നു ആദ്യം മനസ്സിൽ തെളിഞ്ഞത്.
Content Highlights: Jeethu Joseph discusses his upcoming films, including the highly anticipated Drishyam 3
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·