Published: December 14, 2025 03:58 PM IST
1 minute Read
മുംബൈ ∙ യശസ്വി ജയ്‌സ്വാളിന്റെ കിടിലൻ സെഞ്ചറിയുടെയും സർഫറാസ് ഖാന്റെ അടിപൊളി അർധസെഞ്ചറിയുടെയും കരുത്തിൽ മുഷ്താഖ് അലി ട്രോഫിയിലെ സൂപ്പർ ലീഗ് മത്സരത്തിൽ വമ്പൻ സ്കോർ അനായാസം ചേസ് ചെയ്തു പിടിച്ച് മുംബൈ. ഹരിയാനയ്ക്കെതിരായ മത്സരത്തിൽ 235 റൺസ് വിജയലക്ഷ്യമാണ് 17.3 ഓവറിൽ മുംബൈ മറികടന്നത്.
ഓപ്പണറായി ഇറങ്ങിയ ജയ്സ്വാൾ 50 പന്തിൽ 101 റൺസെടുത്തപ്പോൾ, സർഫറാസ് ഖാൻ 25 പന്തിൽ 64 റൺസുമെടുത്തു. ട്വന്റി20യിൽ ജയ്സ്വാളിന്റെ നാലാം സെഞ്ചറിയാണിത്. 48 പന്തിൽ, 16 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് ജയ്‌സ്വാൾ മൂന്നക്കം കടന്നത്. 18–ാം ഓവറിൽ, വിജയത്തിലേക്കു വെറും ഏഴു റൺസ് മാത്രം വേണ്ടപ്പോഴാണ് ജയ്‌സ്വാൾ പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിലും ജയ്സ്വാൾ ഇന്ത്യയ്ക്കു വേണ്ടി സെഞ്ചറി നേടിയിരുന്നു. ട്വന്റി20 ടീമിലും ജയ്‌സ്വാളിനെ പരിഗണിക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് അഭ്യന്തര മത്സരത്തിലെയും സെഞ്ചറി നേട്ടം.
ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ സീനിയർ താരം അജിൻക്യ രഹാനെ 10 പന്തിൽ 21 റൺസെടുത്തു പുറത്തായി. ഒരു സിക്സും രണ്ടു ഫോറുമാണ് രഹാനെ അടിച്ചത്. നാലാം ഓവറിൽ രഹാനെ പുറത്തായതോടെ ക്രീസിലെത്തി സർഫറാസ് ഖാൻ, ജയ്സ്വാളിനു മികച്ച കൂട്ടായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു. 25 പന്തിൽ മൂന്നു സിക്സറുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത സർഫറാസ്, 10–ാം ഓവറിലാണ് പുറത്തായത്.
തുടർന്നെത്തിയ ബാറ്റർമാർക്കാർക്കും വേണ്ടത്ര സംഭാവന നൽകാൻ സാധിച്ചെങ്കിലും ജയ്‌സ്വാളിന്റെ പോരാട്ടം മുംബൈയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മുഷ്താഖ് അലി ടൂർണമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺസ് ചേസാണിത്. കഴിഞ്ഞദിവസം പഞ്ചാബിനെതിരെ ജാർഘണ്ഡ് 236 റൺസ് വിജയലക്ഷ്യം മറികടന്നിരുന്നു. നേരത്തെ, അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ അങ്കിത് കുമാർ (42 പന്തിൽ 89), നിഷാന്ത് സിന്ധു (38 പന്തിൽ 63) എന്നിവരുടെ ഇന്നിങ്സ് കരുത്തിലാണ് ഹരിയാന 234 റൺസെടുത്തത്.
English Summary:








English (US) ·