
ദേവരാജൻ മാസ്റ്ററും മെരിലാൻഡ് സുബ്രഹ്മണ്യവും / കാർത്തികേയൻ
ഭക്തിയുടെ പാരമ്യത്തിൽ ആലാപനം താരസ്ഥായിയിലേക്കുയരുന്നു. ഗായകരും ഗാനവും ശ്രോതാവുമെല്ലാം ഹൃദയം കൊണ്ട് ഒന്നാകുന്ന മുഹൂർത്തം. ശ്രീകോവിലിനു ചുറ്റും നിരനിരയായി ജ്വലിച്ചുനിന്ന ദീപനാളങ്ങൾ പൊടുന്നനെ പാട്ടിന്റെ താളത്തിൽ നൃത്തം ചെയ്തുതുടങ്ങുന്നു. കാഴ്ചയുടെയും കേൾവിയുടേയും ആ അപൂർവ `ജുഗൽബന്ദി' ആസ്വദിച്ച് ശബരിമല സന്നിധാനത്തെ മരം കോച്ചുന്ന തണുപ്പിൽ കൈകൂപ്പി സ്വയംമറന്നു നിൽക്കുന്നു സുബ്രഹ്മണ്യം കാർത്തികേയൻ എന്ന കൗമാരക്കാരൻ.
1960-കളുടെ തുടക്കത്തിലെന്നോ കേട്ട ആ ഭജനപ്പാട്ട് ഇന്നും കാർത്തികേയന്റെ ഓർമയിലുണ്ട്: `ഹരിവരാസനം സ്വാമീ വിശ്വമോഹനം ഹരിദധീശ്വരം സ്വാമീ ആരാധ്യപാദുകം..' പക്ഷേ ഇന്ന് നാം കേൾക്കുന്ന ഹരിവരാസനത്തിന്റെ രൂപവും ഭാവവും താളവുമായിരുന്നില്ല രാത്രി അത്താഴപ്പൂജയ്ക്ക് നടയടക്കും മുൻപ് ശബരിമല സന്നിധാനത്ത് വെച്ച് ആറു പതിറ്റാണ്ടു മുൻപ് കാർത്തികേയൻ കേട്ട ഭജനപ്പാട്ടിന്. `പല ദേശക്കാരും പല ഭാഷക്കാരും പല പ്രായക്കാരുമുണ്ടായിരുന്നു ആ ഗായകസംഘത്തിൽ. മേൽശാന്തി പാടിക്കൊടുത്ത വരികൾ കൂട്ടം കൂടിയിരുന്ന് സ്വയം മറന്ന് തപ്പുകൊട്ടി പാടുന്നു അവർ. അത്ര ശ്രുതിശുദ്ധമായിരുന്നില്ല അവരുടെ ആലാപനം; ശ്രവണ മധുരവും. പക്ഷേ എല്ലാ പരിമിതികളെയും ഉല്ലംഘിക്കുന്ന ഒരു പ്രത്യേക ഊർജ്ജമുണ്ടായിരുന്നു ആ ശബ്ദപ്രവാഹത്തിൽ. ആ ചെറുപ്രായത്തിൽ പോലും എന്റെ മനസ്സിനെ ആഴത്തിൽ തൊട്ടു അത്...'- അന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാർത്തികേയൻ ഓർക്കുന്നു.
'വലിയ തിരക്കില്ല അക്കാലത്ത് ശബരിമലയിൽ. സൂര്യാസ്തമനത്തോടെ സന്നിധാനം മിക്കവാറും വിജനമാകും. ശാന്ത ഗംഭീരമായ ആ അന്തരീക്ഷത്തിലേക്കാണ് ഹരിവരാസനം ഒഴുകിവരുക.'
ആലാപനം അവസാന ഘട്ടമെത്തുമ്പോൾ ദീപങ്ങൾ ഒന്നൊന്നായി കണ്ണുചിമ്മിത്തുടങ്ങുന്നു. മേൽശാന്തി അമ്പലത്തിനു ചുറ്റും നടന്ന് വിളക്കുകൾ അണയ്ക്കുകയാണ്. ആ കാഴ്ചയുടെ സൗന്ദര്യം വർണ്ണിക്കുക അസാധ്യം. അവാച്യമായ ആ അനുഭൂതി നുകരാൻ വേണ്ടി മാത്രം തുടർച്ചയായി മൂന്നു ദിവസം അത്താഴപ്പൂജ കഴിയും വരെ സന്നിധാനത്ത് കാത്തുനിന്നിട്ടുണ്ട് കാർത്തികേയൻ. വർഷങ്ങൾക്ക് ശേഷം പി. സുബ്രഹ്മണ്യം മെരിലാൻഡിന്റെ ബാനറിൽ സ്വാമി അയ്യപ്പന്റെ കഥ ചലച്ചിത്രമാക്കാൻ നിശ്ചയിച്ചപ്പോൾ ഹരിവരാസനവും അതിൽ ഉൾപ്പെടുത്തണമെന്ന് വാശി പിടിക്കാൻ കാർത്തികേയനെ പ്രേരിപ്പിച്ചതും ഹൃദയസ്പർശിയായ ആ ഓർമച്ചിത്രം തന്നെ. 'ഹരിവരാസനത്തിന്റെ സാന്നിധ്യമില്ലാത്ത ശബരിമലയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു എനിക്ക്.'
ദേവരാജൻ മാസ്റ്ററാണ് 'സ്വാമി അയ്യപ്പ'ന്റെ സംഗീത സംവിധായകൻ. ഗാനരചയിതാക്കളായി വയലാറും ശ്രീകുമാരൻ തമ്പിയും. മലയാളികളിൽ അധികമാരും കേട്ടിട്ടില്ലാത്ത, അത്ര ജനപ്രിയമല്ലാത്ത ഒരു അഷ്ടകം സിനിമക്ക് വേണ്ടി ചിട്ടപ്പെടുത്തുന്ന കാര്യം മാസ്റ്ററോട് പറയാൻ ആദ്യം മടിച്ചു സുബ്രഹ്മണ്യം. ഒടുവിൽ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിഷയം അദ്ദേഹം മാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തിയത്. വിസമ്മതമൊന്നും പ്രകടിപ്പിച്ചില്ല ദേവരാജൻ. ഹരിവരാസനത്തിന്റെ വരികൾ ശേഖരിച്ചത് അക്കാലത്ത് വിൽപനയിലുണ്ടായിരുന്ന ചില സ്തോത്ര പുസ്തകങ്ങളിൽ നിന്നാണെന്ന് ഓർക്കുന്നു കാർത്തികേയൻ. പതിനാറു പാദങ്ങൾ ഉണ്ടായിരുന്ന കൃതി സിനിമയിലെ സന്ദർഭത്തിന് ഇണങ്ങും വിധം പകുതിയാക്കി ചുരുക്കിയത് ദേവരാജൻ മാസ്റ്റർ തന്നെ. ഓരോ വരിയുടെയും ഒടുവിലെ സ്വാമീ എന്ന സംബോധനയും ഉപേക്ഷിച്ചു അദ്ദേഹം. 'നടയടയ്ക്കുന്ന സമയത്ത് പാടേണ്ട പാട്ടല്ലേ? ഒരേ വാക്കിന്റെ ആവർത്തനം സ്വാമിയുടെ ഉറക്കത്തിന് ഭംഗം വരുത്തുകയേയുള്ളൂ.'-പിൽക്കാലത്ത് ഈ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ മാസ്റ്റർ പറഞ്ഞു.
ചെന്നൈയിലെ വീട്ടിൽ വെച്ച് 'സ്വാമി അയ്യപ്പനി'ലെ പാട്ടുകൾ ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്ത ശേഷം തിരുവനന്തപുരത്തു വന്ന് അവ സുബ്രഹ്മണ്യത്തെ കേൾപ്പിക്കുന്നു മാസ്റ്റർ. എല്ലാം ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ: ശബരിമലയിൽ തങ്ക സൂര്യോദയം, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും, സ്വാമീ ശരണം ശരണമെന്റയ്യപ്പാ, പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ, തേടിവരും കണ്ണുകളിൽ..... 'സാധാരണഗതിയിൽ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച പാട്ടുകളിൽ മാറ്റമൊന്നും നിർദേശിക്കാറില്ല അച്ഛൻ. അത്രയും വിശ്വാസമാണ് അദ്ദേഹത്തിനെ. മാസ്റ്റർക്ക് തിരിച്ചും അങ്ങനെ തന്നെ. പക്ഷേ ഹരിവരാസനം മാസ്റ്റർ ചിട്ടപ്പെടുത്തി കേട്ടപ്പോൾ എനിക്ക് ചെറിയൊരു നിരാശ. ഇതായിരുന്നില്ലല്ലോ ഞാൻ വർഷങ്ങൾക്ക് മുൻപ് സന്നിധാനത്ത് കേട്ട ഭജനയുടെ ഈണം എന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിച്ച പോലെ. മാസ്റ്റർ ചെയ്തുവെച്ച ഈണം മോശമാണെന്നല്ല. പക്ഷേ എന്തോ, എന്റെ ഓർമയിലെ ഹരിവരാസനത്തിന്റെ ഭാവം കുറേക്കൂടി ഭക്തിസാന്ദ്രമായിരുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്നതും.'- കാർത്തികേയൻ.
ഇക്കാര്യം അപ്പോൾ തന്നെ മകൻ അച്ഛന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ദേവരാജൻ മാസ്റ്ററോട് ഈണം മാറ്റുന്ന കാര്യം പറയാൻ സുബ്രഹ്മണ്യത്തിന് മടി. മാസ്റ്റർക്ക് അത് വിഷമത്തിന് ഇടയാക്കിയാലോ? 'ഞങ്ങൾ മക്കളുണ്ടോ വിടുന്നു? നിരന്തരം അച്ഛനെ നിർബന്ധിച്ചുകൊണ്ടിരുന്നു ഞങ്ങൾ. ഒടുവിൽ അദ്ദേഹം വഴങ്ങി. മനസ്സില്ലാമനസ്സോടെ ആണെങ്കിലും മാസ്റ്ററോട് കാര്യം പറഞ്ഞു സുബ്രഹ്മണ്യം. മക്കളെക്കൊണ്ടുള്ള ശല്യം സഹിക്കവയ്യാത്തത് കൊണ്ടാണ് എന്നൊരു വിശദീകരണവും. ഈണം മാറ്റിച്ചെയ്യാൻ പ്രതീക്ഷിച്ച പോലെ ആദ്യം മാസ്റ്റർ മടിച്ചു. എങ്കിലും സമ്മർദം ശക്തമായതോടെ മാസ്റ്റർ പറഞ്ഞു: 'ഒരു കാര്യം ചെയ്യൂ. നിങ്ങൾ അന്ന് ശബരിമലയിൽ കേട്ട ഈണം എന്നെ കേൾപ്പിക്കൂ. എന്നിട്ട് തീരുമാനിക്കാം.'
അടുത്തറിയുന്ന ഒരു ആകാശവാണി ഗായകനെ പിറ്റേന്ന് തന്നെ മെരിലാൻഡ് സ്റ്റുഡിയോയിൽ വിളിച്ചു വരുത്തി പാട്ടു പാടിച്ചു റെക്കോർഡ് ചെയ്‌തെടുക്കുന്നു കാർത്തികേയൻ. സന്നിധാനത്തെ ആലാപനം നേരിൽ കേട്ടിട്ടുള്ള ആളായതിനാൽ ഭജനപ്പാട്ടിന്റെ പരമ്പരാഗത ഈണം ഓർമയിൽ നിന്ന് പുനരവതരിപ്പിക്കാൻ പ്രയാസമുണ്ടായില്ല അയാൾക്ക്. മെരിലാൻഡിലെ സൗണ്ട് എൻജിനീയർ കൃഷ്ണ ഇളമണിന്റെ സഹായത്തോടെ അത് കാസറ്റിലാക്കി മാസ്റ്റർക്ക് എത്തിച്ചതും കാർത്തികേയൻ തന്നെ. ഒരൊറ്റ തവണയേ പാട്ട് കേൾക്കേണ്ടിവന്നുള്ളൂ ദേവരാജൻ മാസ്റ്റർക്ക്. പുതിയ ഈണത്തിലുള്ള ഹരിവരാസനം തയ്യാർ. 'മധ്യമാവതി രാഗത്തിലാണ് മാസ്റ്റർ പുതിയ ഹരിവരാസനം ഒരുക്കിയത്. ഇത്തവണ കോറസ് കൂടി ചേർത്തു എന്നൊരു വ്യത്യാസം മാത്രം. യേശുദാസിന്റെ ഗന്ധർവ ശബ്ദത്തിൽ ഹരിവരാസനം വീണ്ടും റെക്കോർഡ് ചെയ്തു കേട്ടപ്പോൾ അച്ഛനും ഞങ്ങൾ മക്കൾക്കും പൂർണ്ണ സംതൃപ്തി. ആ പാട്ടാണ് പിന്നീട് നമ്മൾ സ്വാമി അയ്യപ്പൻ സിനിമയിൽ കേട്ടത്.''
ഇനിയുള്ളത് എല്ലാവർക്കുമറിയുന്ന ചരിത്രം. 1975 ഓഗസ്റ്റ് 17 ന് റിലീസ് ചെയ്ത സ്വാമി അയ്യപ്പൻ സൂപ്പർ ഹിറ്റ് ആയി മാറി; അതിലെ പാട്ടുകളും. സിനിമയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു ഹരിവരാസനം. പലരും ആ കൃതിയുടെ ആലാപനം കേട്ട് തിയേറ്ററിൽ ഇരുന്നു വിതുമ്പിപ്പോയ കഥകൾ കാർത്തികേയന്റെ ഓർമയിലുണ്ട്. അത്രയും ഹൃദയസ്പർശിയായിരുന്നു അതിന്റെ ഈണവും ആലാപനവും.
സിനിമയിൽ യഥാർത്ഥത്തിൽ മധു അഭിനയിച്ചു പാടേണ്ട പാട്ടായിരുന്നു അത്. തിരക്ക് മൂലം അദ്ദേഹത്തിന് ഷൂട്ടിംഗിന് എത്താൻ കഴിഞ്ഞില്ല. ഒടുവിൽ ശബരിമലയിലെ ഒരു കീഴ്ശാന്തി തന്നെയാണ് ആ ഗാനം വെള്ളിത്തിരയിൽ പാടി അഭിനയിച്ചത് എന്നോർക്കുന്നു കാർത്തികേയൻ. പക്ഷേ ഗാനരംഗം ചിത്രീകരിച്ചു കഴിഞ്ഞു എന്നറിഞ്ഞപ്പോൾ മധുവിന് നിരാശ. അത്രയും ഭക്തിനിർഭരമായ ഒരു ഗാനരംഗത്ത് അഭിനയിക്കാതെ പോയാൽ നഷ്ടമാകും എന്ന് കരുതിയിരിക്കണം അദ്ദേഹം. മധുവും മകൾ ഉമയും ചേർന്ന് ഇരുമുടിക്കെട്ടുമായി പ്രദക്ഷിണം വെക്കുന്ന ഒരു ഷോട്ട് ആ പാട്ടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചു ചേർത്തത് അങ്ങനെയാണ്.
'സ്വാമി അയ്യപ്പ'ന്റെ അണിയറ ശില്പികളെ ആദരിക്കാൻ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠം സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തുന്നു: 'ഇനി മുതൽ ശബരിമലയിൽ അത്താഴപ്പൂജക്ക് നടയടക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾപ്പിക്കുക യേശുദാസ് പാടിയ ഹരിവരാസനം ആയിരിക്കും.' അധികം വൈകാതെ പുതിയ ഹരിവരാസനം സന്നിധാനത്തെ ഉച്ചഭാഷിണികളിലൂടെ ഒഴുകിത്തുടങ്ങുന്നു. സിനിമയിലെ ഗാനത്തിൽ നിന്ന് കോറസ് ഒഴിവാക്കി യേശുദാസിന്റെ ശബ്ദത്തിൽ തന്നെ പിന്നീട് റെക്കോർഡ് ചെയ്ത ഹരിവരാസനം ആണ് ശബരിമലയിൽ കേൾപ്പിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിലെന്നോ ഒരു സാധാരണ സ്തുതിഗീതമായി രചിക്കപ്പെട്ട കൃതി അങ്ങനെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായി ചരിത്രത്തിൽ ഇടം നേടുന്നു; വരികളിൽ താരാട്ടിന്റെ സൂചനകൾ ഒന്നും ഇല്ലാതെ തന്നെ.
ഹരിവരാസനത്തിന്റെ രചനയെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. കമ്പക്കുടി കുളത്തു അയ്യര്‍ എഴുതിയതെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഈ കീർത്തനത്തിന്റെ യഥാര്‍ത്ഥ രചയിതാവ് ആലപ്പുഴ പുറക്കാട്ടെ കോന്നകത്ത് കുടുംബാംഗമായ ജാനകിയമ്മ ആണെന്ന വാദവുമായി അവരുടെ പിൻതലമുറ രംഗത്ത് വന്നത് കുറച്ചുകാലം മുന്‍പാണ്. രചയിതാവ് ആരായാലും, ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ഹരിവരാസനത്തിന് നേടിക്കൊടുത്ത അഭൂതപൂർവമായ പ്രശസ്തിയെ ആരും ചോദ്യം ചെയ്യാന്‍ ഇടയില്ല. 'ഓരോ വരിയുടെയും വാക്കിന്റേയും അർത്ഥം മുഴുവൻ ഗ്രഹിച്ചുകൊണ്ടല്ല മലയാളിയും തമിഴനും തെലുങ്കനും ഈ ഉറക്കുപാട്ടിൽ ലയിച്ചുനിൽക്കുന്നത്. ആലാപനത്തിന്റെ ഭാവസാന്ദ്രത അതിനെ ഒരു അനുഷ്ഠാനത്തിന്റെ തലത്തിലേക്ക് എന്നേ ഉയർത്തിക്കഴിഞ്ഞു. ദേവരാജൻ എത്ര സൂക്ഷ്മതയോടെയാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ വാക്കിലും സ്ഫുരിക്കുന്ന ഭക്തിയുടേയും സമർപ്പണത്തിന്റെയും ഭാവശുദ്ധി, യേശുദാസിന്റെ ശബ്ദത്തിന്റെ യൗവന ഗരിമ, പശ്ചാത്തല വാദ്യങ്ങളുടെ ഉപയോഗത്തിലെ ഔചിത്യം ഇവയെല്ലാം ചേർന്ന് ആ ഗാനത്തെ മന്ത്ര സദൃശമാക്കിയിരിക്കുന്നു.' - കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിന്റെ വാക്കുകൾ.
ഹരിവരാസനം ഒരിക്കലെങ്കിലും കേൾക്കാത്ത ദിവസങ്ങൾ ഇന്നും അപൂർവമാണ് കാർത്തികേയന്റെ ജീവിതത്തിൽ. എത്ര കേട്ടാലും മതിവരാത്ത ദിവ്യമായ അനുഭവമായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ആ ഗാനം. 'സിനിമയിൽ ഹരിവരാസനം ഇടം നേടാനും അത് വഴി ശബരിമലയുടെ അന്തരീക്ഷത്തിലും ഭക്തസഹസ്രങ്ങളുടെ മനസ്സിലും ആ വരികൾ അലിഞ്ഞുചേരാനും ഞാനും ഒരു നിമിത്തമായി എന്നത് അഭിമാനവും ആഹ്ളാദവുമുള്ള കാര്യം. ഈശ്വര നിയോഗം തന്നെയാകാം അത്..'- കാർത്തികേയൻ.
Content Highlights: Swami Ayyappan and the Making of a Musical Legacy Harivarasanam
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·