.jpg?%24p=954a42a&f=16x10&w=852&q=0.8)
അല്ലു അർജുൻ, പ്രതീകാത്മക ചിത്രം | Photo: PTI, Special arrangement
ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 'പുഷ്പ 2 ദ റൂളി'ലൂടെ ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ദേശീയ അവാര്‍ഡ് നേടുന്ന ആദ്യതെലുങ്ക് നടനായി 'പുഷ്പ ദ റൈസി'ലൂടെ ചരിത്രം കുറിച്ച അല്ലു അര്‍ജുന്‍ ഇപ്പോള്‍ ഗദ്ദര്‍ പുരസ്‌കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദര്‍ തെലങ്കാന ചലച്ചിത്ര പുരസ്‌കാരം. അല്ലു അര്‍ജുനെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. 'പുഷ്പ-2: ദി റൂള്‍' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അല്ലു അര്‍ജുന്‍ തെലുങ്കിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1900 കോടി ആഗോള ബോക്‌സോഫീസ് കളക്ഷന്‍ നേടിയ പുഷ്പ 2-ന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ്.
തെലുങ്കിലും ലോകം മുഴുവനും തന്റെ അസാധാരണമായ അഭിനയ മികവിലൂടേ ഒട്ടേറെ ആരാധകരെ അല്ലു നേടിക്കഴിഞ്ഞിട്ടുണ്ട്. 'ഗംഗോത്രി' മുതല്‍ 'പുഷ്പ' വരെ എത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഇതിനകം അഞ്ച് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും രണ്ട് നന്തി പുരസ്‌കാരങ്ങളും ഒരു സ്‌പെഷല്‍ ജൂറി പുരസ്‌കാരവും നേടിയിട്ടുണ്ട്.
ഇനിയും നിരവധി ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഏവരേയും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് അല്ലു അര്‍ജ്ജുന്‍. ബ്ലോക്ക്ബസ്റ്റര്‍ സിനിമകളൊരുക്കിയ അറ്റ്‌ലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ AA22xA6 ലൂടെ അല്ലു ഞെട്ടിക്കുമെന്നാണ് ഏവരുടേയും കണക്ക് കൂട്ടല്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്നതാണെന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്‌സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ ആണ്. ലോല വിഎഫ്എക്‌സ്, സ്‌പെക്ട്രല്‍ മോഷന്‍, ഫ്രാക്‌ചേര്‍ഡ് എഫ്എക്‌സ്, ഐഎല്‍എം ടെക്‌നോപ്രോപ്‌സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്‌സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടില്‍ ഒന്നിക്കുന്നത്. അയണ്‍മാന്‍ 2, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ജയിംസ് മാഡിഗന്‍, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മൈക് എലിസാല്‍ഡെ എന്നീ വമ്പന്‍മാരാണ് സിനിമയുടെ സാങ്കേതിക വശങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.
അറ്റ്‌ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളില്‍ വ്യത്യസ്തമായെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്റെ 22-ാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം.
Content Highlights: Allu Arjun wins Best Actor for Pushpa 2 astatine Gaddar Telangana Film Awards 2024
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·