ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്ന് ചെന്നൈയിൽ തുടക്കം; ഗെറ്റ്, സെറ്റ്, ടോക്കിയോ!

5 months ago 5

ചെന്നൈ∙ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ചെന്നൈയിലെത്തുന്ന ഇന്ത്യൻ അത്‌ലീറ്റുകൾക്ക് ജാപ്പനീസ് വിഭവമായ സുഷി കഴിക്കാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്; ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ റസ്റ്ററന്റിൽ നിന്നും കഴിക്കാം, അല്ലെങ്കിൽ അടുത്ത മാസം ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനു യോഗ്യത നേടി ജപ്പാനിലെത്തി നേരിട്ടും കഴിക്കാം! 64–ാം ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്നു തുടക്കമാകുമ്പോൾ താരങ്ങളുടെ ലക്ഷ്യം ടോക്കിയോ ടിക്കറ്റ് തന്നെ.

ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള യോഗ്യത നേടാനുള്ള കാലാവധി 24ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ താരങ്ങൾക്കു ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഇന്റർ സ്റ്റേറ്റ് സീനിയർ നാഷനൽ ചാംപ്യൻഷിപ്. 45 ഇനങ്ങളിലായി അറുനൂറോളം താരങ്ങളാണ് 5 ദിവസത്തെ മേളയിൽ പങ്കെടുക്കുക. കേരളത്തിനായി 46 അംഗ ടീം മത്സരിക്കും.

പ്രതീക്ഷയുടെ ട്രാക്കിൽ ചെന്നൈയിൽനിന്ന് ടോക്കിയോ ടിക്കറ്റ് നേടാനുള്ള സാധ്യതാ ലിസ്റ്റിൽ മുന്നിലുണ്ട് 3 മലയാളി താരങ്ങൾ. ലോങ്ജംപ് താരം എം.ശ്രീശങ്കർ, 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ, ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ എന്നിവരാണത്. കഴിഞ്ഞയാഴ്ച ഭുവനേശ്വരിൽ നടന്ന കോണ്ടിനന്റൽ ടൂർ അത്‌ലറ്റിക്സിൽ മൂവരും സ്വർണം നേടിയിരുന്നു. പരുക്കിനും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള മടങ്ങി വരവിൽ 3 രാജ്യാന്തര മത്സരങ്ങളിൽ സ്വർണം നേടിയ ശ്രീശങ്കർ മികച്ച ഫോമിലാണ്.

8.27 മീറ്ററാണ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് യോഗ്യതയ്ക്കു വേണ്ടത്. ചാംപ്യൻഷിപ്പിന്റെ അവസാന ദിനമാണ് ലോങ്ജംപ് മത്സരം. ട്രിപ്പിൾ ജംപ് ഫൈനൽ 22നും 800 മീറ്റർ ഫൈനൽ 23നുമാണ്. റാങ്കിങ് പോയിന്റ് പ്രകാരം അബ്ദുല്ല അബൂബക്കർ ടോക്കിയോ ടിക്കറ്റ് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ സാന്ദ്ര ബാബു ഇന്നു ട്രിപ്പിൾ ജംപിൽ മത്സരത്തിനിറങ്ങും.  ജാവലിൻതാരം നീരജ് ചോപ്രയും സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്‌ലെയും മത്സരത്തിൽ നിന്ന് പിന്മാറി. 

ഇത്തവണയും പണം മുടക്കാതെ സർക്കാർചെന്നൈ∙ ഇന്റർ സ്റ്റേറ്റ് സീനിയർ നാഷനൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങൾക്ക് ഇത്തവണയും സംസ്ഥാന സർക്കാരിന്റെ വക നയാപൈസ നൽകിയില്ല. താരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വേദിയിലെത്താനാണ് അത്‌ലറ്റിക് അസോസിയേഷൻ നിർദേശിച്ചത്. താമസ സൗകര്യവും സ്വയം കണ്ടെത്തണം.

താമസത്തിനായി ചെന്നൈയിലുള്ള 3 ഹോട്ടലുകളുടെ നമ്പർ നൽകിയത് മാത്രമാണ് താരങ്ങൾക്ക് അത്‌ലറ്റിക് അസോസിയേഷൻ ചെയ്ത സഹായം. തിരുവനന്തപുരം മുതലുള്ള യാത്ര കണക്കാക്കിയാൽ ചെന്നൈ വരെ ഒരാൾക്ക് ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റിന് ഏകദേശം 500 രൂപ മാത്രമാണ് ചെലവാകുക. ഇതുപോലും മുടക്കാൻ കഴിഞ്ഞ 3 വർഷമായി സർക്കാർ സംവിധാനങ്ങൾ തയാറാകുന്നില്ല. പരിശീലകരോ മാനേജരോ ഇല്ലാതെയാണ് വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആദ്യദിനം ചെന്നൈയിലെത്തിയത്.

2022 നു ശേഷം സ്പോർട്സ് കൗൺസിൽ നൽകിയിരുന്ന തുക മുടങ്ങിയതാണ് താരങ്ങൾക്കു പണം നൽകാൻ കഴിയാത്തതിനു പിന്നിലെന്ന് കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻപിള്ള പറഞ്ഞു.

ഇന്നു 4 ഫൈനൽഇന്ന് ആകെ 4 ഫൈനലുകളാണ് നടക്കുക. പുരുഷ വിഭാഗം 10000 മീറ്റർ, വനിതാ വിഭാഗം 5000 മീറ്റർ, ഇരുവിഭാഗങ്ങളുടെയും 100 മീറ്റർ ഓട്ടമത്സരങ്ങൾക്ക് ഇന്ന് ട്രാക്ക് വേദിയാകും. 18 താരങ്ങൾ റജിസ്റ്റർ ചെയ്യാത്തതിനാൽ ട്രിപ്പിൾ ജംപ് യോഗ്യതാ മത്സരം ഒഴിവാക്കി ഫൈനൽ ഇന്നു നടത്തും. 

English Summary:

Tokyo Dreams connected Track: National Inter-State Athletics Championship Kicks Off successful Chennai

Read Entire Article