
ആർ.എസ്. പ്രദീപ്കുമാർ, ഡോക്യുമെന്ററിയുടെ പോസ്റ്റർ
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിനു കാത്തുനിൽക്കാതെ ആർ.എസ്. പ്രദീപ് മടങ്ങി. രണ്ടാഴ്ച മുൻപാണ് പ്രദീപ് സംവിധാനംചെയ്ത ’പ്ലാവ് അത്ഭുത ഫലം തരുന്ന കൽപവൃക്ഷം’ എന്ന ഡോക്യുമെന്ററിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ചക്കയാണ് ഡോക്യുമെന്ററിയുടെ പ്രധാന കഥാപാത്രമായത്. ’ദി സേക്രട്ട് ജാക്ക്’ എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററിയിലെ മികച്ച ശബ്ദവിവരണത്തിനാണ് പേരൂർക്കട സ്വദേശി ഹരികൃഷ്ണന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.
വേണമെങ്കിൽ ചക്ക വാട്‌സാപ്പിലും കായ്ക്കുമെന്നു പറഞ്ഞ ചക്കക്കൂട്ടം കൂട്ടായ്മയെക്കുറിച്ചാണ് ഡോക്യുമെന്ററിയുടെ ട്രെയിലറിൽ അവതരിപ്പിച്ചിട്ടുള്ളത്. ചക്കപ്രേമികൾ ഒത്തുകൂടിയ വാട്‌സാപ്പ് കൂട്ടായ്മ സംരംഭമായി പടർന്ന് പന്തലിച്ചതും സ്വദേശികൾക്കും വിദേശികൾക്കും ചക്ക ആവോളം നൽകിയതുമെല്ലാം ഇതിൽ പരാമർശിക്കുന്നു. ചക്കയുടെ സമ്പൂർണ ചരിത്രവും കഥകളുമടങ്ങിയ യാത്രയാണ് ഡോക്യുമെന്റിക്ക് ഇതിവൃത്തം. ശ്രീനാരായണഗുരുവും രവീന്ദ്രനാഥ ടാഗോറും ശിവഗിരിയിൽ കണ്ടുമുട്ടിയപ്പോൾ ആ സംഭാഷണങ്ങൾക്കു തണലേകിയതും ഒരു പ്ലാവായിരുന്നു. ചെമ്പഴന്തിയിലെ മുത്തശ്ശി പ്ലാവും മാർത്താണ്ഡവർമയെ സംരക്ഷിച്ച നെയ്യാറ്റിൻകരയിലെ അമ്മച്ചിപ്ലാവുമെല്ലാം പ്ലാവുകളുടെ കൂട്ടത്തിലെ മിന്നും താരങ്ങളാണ്. ഇതിനു പുറമേ എണ്ണാൻ കഴിയുന്നതിനപ്പുറമുള്ള ചക്കവിഭവങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചുമെല്ലാം ഡോക്യുമെന്ററിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യക്കാർക്കിടയിൽ പ്രിയമേറുന്ന ചക്കയുടെ വിപണി സാധ്യതകൾ, ഗുണങ്ങൾ, ലോക കയറ്റുമതി തുടങ്ങിയവയൊക്കെ ഡോക്യുമെന്ററിയിലുണ്ട്. ഈ ചിത്രത്തിന്റെ മലയാളം പരിഭാഷയായ ’പ്ലാവ് അത്ഭുത ഫലം തരുന്ന കൽപവൃക്ഷം’ എന്ന ഡോക്യുമെന്ററിക്ക് കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും മുൻപ് ലഭിച്ചിരുന്നു.
ഇതിനു മുൻപ് ആർ.എസ്. പ്രദീപ് സംവിധാനംചെയ്ത ‘മൂന്നാം വളവ്’ എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഹരികൃഷ്ണൻ ശബ്ദവിവരണം നൽകിയിരുന്നു. അതിനാൽ സംവിധായകൻ ആർ.എസ്. പ്രദീപ് ഹരികൃഷ്ണനെ സമീപിക്കുകയായിരുന്നു. തുടർന്ന് മലയാളത്തിലുള്ള ഡോക്യുമെന്റിയുടെ ഇംഗ്ലീഷ് സ്‌ക്രിപ്റ്റ് ഹരികൃഷ്ണൻ തയ്യാറാക്കി ശബ്ദവിവരണം നൽകുകയായിരുന്നു.
മരണം അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ
അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കേ വ്യാഴാഴ്ചയായിരുന്നു പ്രദീപിന്റെ മരണം. 59 വയസ്സായിരുന്നു. 2023-ൽ ദേശീയ ചലച്ചിത്ര അവാർഡിൽ ‘മൂന്നാം വളവ്’ മികച്ച പരിസ്ഥിതിചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 'പ്ലാവ് അത്ഭുതഫലം തരുന്ന കൽപവൃക്ഷം’ എന്ന ഡോക്യുമെന്ററി ശാസ്ത്രം-പരിസ്ഥിതി വിഭാഗത്തിൽ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടി. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത 'വേനൽ പെയ്ത ചാറ്റു മഴ' 2019-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.
എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള വിങ്‌സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങി നൂറിലേറെ ഡോക്യുമെന്ററികൾ അദ്ദേഹം സംവിധാനംചെയ്തു. സംസ്ഥാനത്തെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു. 2005മുതൽ 2013വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മകൻ: അഭിഷേക് (നോയ്ഡ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി). സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിനു ശാന്തികവാടത്തിൽ.
Content Highlights: filmmaker RS Pradeep, manager of the National Award-winning documentary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·