ചെന്നൈ∙ ഒപ്പത്തിനൊപ്പം പോരാട്ടം, ഒടുവിൽ വെള്ളി മെഡൽ നേട്ടം. ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സിൽ വനിതാ താരങ്ങളിലൂടെ കേരളത്തിന് ഇന്നലെ ലഭിച്ചത് രണ്ടു വെള്ളി മെഡലുകൾ. 400 മീറ്ററിൽ ബി.എ.അനഘ (53.84 സെക്കൻഡ്), പോൾവോൾട്ടിൽ മരിയ ജയ്സൻ (4.05 മീറ്റർ) എന്നിവരാണ് വെള്ളി നേടിയത്. ചാംപ്യൻഷിപ് 2 ദിവസം പിന്നിടുമ്പോൾ ഒരു സ്വർണവും 3 വെള്ളിയുമാണ് കേരളത്തിന്റെ ആകെ മെഡൽ നേട്ടം.
കനത്ത വെയിൽ മങ്ങി, വൈകുന്നേരം നടന്ന മത്സരങ്ങളിൽ കേരളത്തിന്റെ ആദ്യ മെഡൽ നേട്ടം അനഘയിലൂടെയായിരുന്നു. ഹീറ്റ്സിലെയും സെമിഫൈനലിലെയും ഫോം ഫൈനലിലും അനഘ തുടർന്നു. മികച്ച തുടക്കം ലഭിച്ച അനഘ, സീനിയർ താരം പൂവമ്മ രാജു ഉൾപ്പെടെയുള്ളവരെ പിന്നിലാക്കിയാണ് കുതിച്ചത്. ഗുജറാത്തിന്റെ ദേവ്യനിബ സലയ്ക്കാണ് (53.37) സ്വർണം.
കേരള–തമിഴ്നാട് താരങ്ങൾ തമ്മിലുള്ള അയൽപോരിൽ തന്റെ പഴ്സനൽ ബെസ്റ്റിന് ഒപ്പമുള്ള പ്രകടനം പുറത്തെടുത്താണ് വനിതാ പോൾവോൾട്ടിൽ മരിയയുടെ വെള്ളി നേട്ടം. 3.90 മീറ്റർ മുതൽ തമിഴ്നാടിന്റെ ഭരണിക ഇളങ്കോവൻ, സത്യ തമിഴരസൻ, മരിയ ജയ്സൻ എന്നിവർ തമ്മിലായി മത്സരം. 4 മീറ്റർ ഉയരം രണ്ടാം ശ്രമത്തിൽ തന്നെ മറികടന്ന മരിയ, 4.05 മീറ്റർ ആദ്യ ശ്രമത്തിൽ മറികടന്ന് വെള്ളി ഉറപ്പാക്കി. 4.10 മീറ്റർ ചാടിയ ഭരണികയ്ക്കാണ് സ്വർണം. രണ്ടു ദിവസങ്ങളിലായി 14 ഇനങ്ങളുടെ ഫൈനൽ നടന്നതിൽ ഇതുവരെ ഒരു താരത്തിനു പോലും ലോക ചാംപ്യൻഷിപ് യോഗ്യതാ മാർക്ക് മറികടക്കാനായില്ല.
∙ വിശാൽ ഡേ !
പുരുഷൻമാരുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച് തമിഴ്നാടിന്റെ ടി.കെ.വിശാൽ (45.12 സെക്കൻഡ്) മേളയുടെ രണ്ടാം ദിനത്തിലെ താരമായി. മലയാളി താരം മുഹമ്മദ് അനസ് 2019ൽ സ്ഥാപിച്ച റെക്കോർഡാണ് (45.21) വിശാൽ മറികടന്നത്.
ഇതേ ഇനത്തിൽ മത്സരിച്ച ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് മത്സരത്തിനിടെ പേശീവലിവ് മൂലം പിൻമാറി. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന്റെ രാജേഷ് രമേശിനെ (46.06) ഒരു സെക്കൻഡോളം വ്യത്യാസത്തിലാണ് വിശാൽ പിന്തള്ളിയത്.
∙ ട്രാക്കിലോടാൻ ആളില്ല!
ചെന്നൈ∙ അടുത്ത മാസം ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾക്കുള്ള അവസാന അവസരം ആണെങ്കിലും ചെന്നൈയിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കാളിത്തത്തിൽ വൻ കുറവ്. 10 പേരിൽ താഴെ അത്‍ലീറ്റുകൾ മത്സരിക്കുന്ന 8 ഇനങ്ങളുണ്ട്. ആദ്യദിനം നടന്ന വനിതകളുടെ 5000 മീറ്ററിൽ 3 പേർ മാത്രമാണ് മത്സരിച്ചത്.
ഇന്നു പുരുഷ വിഭാഗം 5000 മീറ്ററിൽ മത്സരിക്കുന്നത് 6 പേരും. പല ഇനങ്ങളിലും ഹീറ്റ്സ് ഒഴിവാക്കി നേരിട്ട് സെമിയും ഫൈനലും നടത്തുകയാണ്. പുരുഷ–വനിതാ വിഭാഗം ട്രിപ്പിൾ ജംപ്, വനിതകളുടെ 100 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 1500 മീറ്റർ, 100 മീറ്റർ ഹർഡിൽസ്, ലോങ് ജംപ്, ഹൈജംപ് എന്നിവയുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വനിതകളുടെ ജാവലിൻത്രോയിൽ 4 പേർ മാത്രമാണ് നിലവിൽ സ്റ്റാർട് ലിസ്റ്റിൽ ഉള്ളത്.
കാരണം എന്ത് ?
∙ സീനിയർ താരങ്ങൾ ഒട്ടേറെപ്പേർ പരുക്കും മറ്റു കാരണങ്ങളുംമൂലം മത്സരത്തിൽനിന്നു പിൻമാറി.
∙ മോശം ഫോമിലുള്ള താരങ്ങൾ ലോക ചാംപ്യൻഷിപ് യോഗ്യത നേടാനാവില്ലെന്നു കണ്ട് മത്സരത്തിനിറങ്ങിയില്ല.
English Summary:








English (US) ·