ദേശീയ സ്കൂൾ ഫുട്ബോൾ കിരീടം ചൂടി കേരളം; കുട്ടികൾക്ക് ശ്രീനഗറിൽനിന്ന് സൗജന്യ ഫ്ലൈറ്റ് യാത്ര ഏർപ്പാടാക്കി മന്ത്രി വി.ശിവൻകുട്ടി

3 months ago 3

മനോരമ ലേഖകൻ

Published: October 11, 2025 10:53 AM IST Updated: October 11, 2025 12:53 PM IST

1 minute Read

 മനോരമ)
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. (ചിത്രം: മനോരമ)

തിരുവനന്തപുരം∙ 69-ാമത് ദേശീയ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ കാറ്റഗറിയിൽ വിജയകിരീടം ചൂടിയ കേരള ടീമിനെ പൊതുവിദ്യാഭ്യാസ/തൊഴിൽ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു. ശ്രീനഗറിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കരുത്തരായ മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം ചാംപ്യൻ പട്ടം കരസ്ഥമാക്കിയത്.

വിജയത്തിന് ശേഷം കേരള ടീം ക്യാപ്റ്റൻ അദ്വൈത്, മന്ത്രി വി. ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് സന്തോഷം പങ്കുവച്ചു. ടീമിന്റെ തിരികെ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കൺഫേം ആകാത്തതിലുള്ള ആശങ്കയും ക്യാപ്റ്റൻ മന്ത്രിയെ അറിയിച്ചു. വിമാനത്തിൽ യാത്രയൊരുക്കാൻ സാധിക്കുമോ എന്നും ടീം അംഗങ്ങൾക്ക് വേണ്ടി ക്യാപ്റ്റൻ അഭ്യർഥിച്ചു.

കുട്ടികളുടെ ആവശ്യം ഉടൻ പരിഗണിച്ച മന്ത്രി, ടീം അംഗങ്ങൾക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നൽകാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് (ODEPC) നിർദേശം നൽകി. താരങ്ങളുടെ മടക്കയാത്ര സുഗമമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക പ്രതിഭകളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഠിനാധ്വാനത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയുമാണ് ടീം ഈ നേട്ടം കൈവരിച്ചതെന്നും, സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

English Summary:

Kerala School Football Team wins the National School Football Championship. Minister V. Sivankutty arranged escaped formation tickets for the squad from Srinagar aft their victory. The curate besides congratulated the squad for their outstanding show and assured continued authorities support.

Read Entire Article