Published: December 15, 2025 03:57 PM IST Updated: December 15, 2025 10:57 PM IST
1 minute Read
കൽപറ്റ ∙ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ സ്കൂൾ ഫുട്ബോൾ ഗെയിംസിനുള്ള കേരള ജൂനിയർ ടീമിനെ വയനാട് സ്വദേശിനിയും എറണാകുളം എസ്ആർവി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായ സെറാ മേരി തോമസ് നയിക്കും. കേരള സ്പോർട്സ് കൗൺസിൽ പനമ്പിള്ളി നഗർ അണ്ടർ ഫോർട്ടീൻ വുമൺസ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടുന്ന സെറാ മേരി തോമസ്, ഡിസംബർ 17 മുതൽ നടക്കുന്ന മത്സരങ്ങളിലാണ് ക്യാപ്റ്റനാകുന്നത്.
കൽപറ്റ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥിനിയായിരുന്ന സെറയെ സെലക്ഷൻ ട്രെയൽസിൽ വച്ച് കേരള സ്പോർട്സ് കൗൺസിൽ സീനിയർ കോച്ച് ആയിരുന്ന നജ്മുന്നീസയാണ് സെലക്ട് ചെയ്തത്. കുറഞ്ഞ കാലയളവിൽ കേരളത്തിനകത്തും പുറത്തുമായി വിവിധ കാറ്റഗറിയിൽ ഒട്ടനവധി ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
2022ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ എയർഫോഴ്സ് സംഘടിപ്പിച്ചുവരുന്ന സുബ്രതോ മുഖർജി കപ്പ് ഇന്റർ നാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിൽ നിന്നുള്ള ബെസ്റ്റ് എമേർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പട്ടു. 2024ൽ കൊച്ചിയിൽ നടന്ന റിലയൻസ് കപ്പ് അണ്ടർ 15 ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചതിനുള്ള ഗോൾഡൻ ബോൾ അവാർഡും ഏറ്റവും നല്ല പ്ലെയറിനുള്ള ഗോൾഡൻ ബൂട്ട് അവാർഡും ലഭിച്ചു. ഈ വർഷം എറണാകുളത്ത് നടന്ന എംഎൽഎ കപ്പ് ഫുട്ബോൾ ടൂർണമെന്റിലും ടോപ്സ്കോറർ ആയിരുന്നു.
കഴിഞ്ഞവർഷം കോഴിക്കോട് വച്ച് നടന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ സംസ്ഥാന ചാംപ്യൻഷിപ്പിൽ വിജയിച്ച എറണാകുളം ജില്ലാ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. അതേ വർഷം തന്നെ പാലക്കാട് നടന്ന സുബ്രതോ മുഖർജി കപ്പ് സംസ്ഥാന ചാംപ്യൻഷിപ്പിലും ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. വിവിധ വിഭാഗങ്ങളിലായി ഡൽഹി, കശ്മീർ, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്ര, ഗോവ, ഗുജറാത്ത് തുടങ്ങി ഒട്ടനവധി ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ വർഷം പാലക്കാട് നടന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ദേശീയ ഫുട്ബോൾ മത്സരത്തിൽ കേരള സീനിയർ ടീമിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമാണ് പതിനാറുകാരിയായ സെറ മേരി തോമസ്.
കൽപറ്റ സ്വദേശിയും ബിൽഡിങ് കോൺട്രാക്ടറും മാനന്തവാടി രൂപതയുടെ പിആർഒ സമിതി അംഗവുമായ സാലു അബ്രാഹം മേച്ചേരിയുടേയും കൽപറ്റ ഫാത്തിമ ആശുപത്രി നഴ്സിങ് സൂപ്രണ്ട് ഇൻചാർജ് മിനിയുടെയും 5 മക്കളിൽ നാലാമത്തെ ആളാണ് സെറ മേരി തോമസ്
English Summary:








English (US) ·