ആദ്യ സിനിമയുടെ സെറ്റിലെ ഓര്‍മകള്‍ പങ്കുവയ്ക്കവെ, വിനീത് ശ്രീനിവാസന്‍ തന്നോട് ദേഷ്യപ്പെട്ട സന്ദര്‍ഭത്തെ കുറിച്ച് ഭഗത് മാനുവല്‍ സംസാരിക്കുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ഒരുപാട് ഓര്‍മകളുണ്ട്, മാഹിയിലെ ഷൂട്ടിങ്, ആദ്യത്തെ സിനിമ, ആദ്യത്തെ അനുഭവം, ആദ്യമായി വിനീതേട്ടന്റെ ചീത്ത കേട്ടത് അങ്ങനെ ഒരുപാട്. വിനീതേട്ടന്‍ ദേഷ്യപ്പെടാത്ത വ്യക്തിയാണ് എന്നല്ലേ നിങ്ങളെല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ ഭയങ്കരമായി എന്നോട് ദേഷ്യപ്പെട്ട ഒരു ദിവസം ഉണ്ടായിട്ടുണ്ട്.
പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല, ഡയലോഗ് പഠിച്ചില്ല, അത്ര തന്നെ. ആദ്യത്തെ പടത്തിന് തന്നെ ഡയലോഗ് പഠിക്കാതെ അവിടെയും ഇവിടെയും വായി നോക്കി നിന്നാല്‍ ആരും വഴക്ക് പറഞ്ഞു പോകില്ലേ. അതും മാഹി പാലം ബ്ലോക്ക് ചെയ്തിട്ടായിരുന്നു ഷൂട്ട്. അപ്പോള്‍ ഡയലോഗ് തെറ്റിച്ചതിനാണ് വഴക്ക് കേട്ടത്. അപ്പോള്‍ ആ പാലത്തില്‍ നിന്ന് എടുത്ത് ചാടാനൊക്കെ തോന്നി, പക്ഷേ തൊട്ടടുത്ത് തന്നെ മറ്റുള്ളവന്മാര്‍ക്കും ചീത്ത കേള്‍ക്കുമ്പോള്‍ ഒരാശ്വാസമാണ്- ചിരിച്ചുകൊണ്ട് ഭഗത് മാനുവല്‍ പറയുന്നു
ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയ ലെജന്റ്‌സിന് ഒപ്പമായിരുന്നു ആദ്യത്തെ സിനിമ. അതും വലിയൊരു അഭിമാനമായിട്ടാണ് ഭഗത് കാണുന്നത്. ജഗതിച്ചേട്ടന്‍ പറഞ്ഞ ഡയലോഗ് ഇപ്പോഴും ഓര്‍മയുണ്ട്, അനിയാ ടൈമിങ് ഉണ്ടേല്‍ രക്ഷപ്പെടും, അല്ലേല്‍ മൂഞ്ചിപ്പോകും - എന്ന്. അന്ന് ആ സിനിമ ചിത്രീകരിക്കുമ്പോഴുള്ള ഓര്‍മകളും രസകരമായിരുന്നു. ആ സൗഹൃദങ്ങള്‍ എല്ലാം ഇന്നും കൂടെയുണ്ട്. ഞങ്ങള്‍ ശരിക്കും മാഹിക്കാര്‍ തന്നെയാണെന്നാണ് ഇപ്പോഴും എല്ലാവരും കരുതിവച്ചിരിയ്ക്കുന്നത്- ഭഗത് മാനുവല്‍ പറഞ്ഞു




English (US) ·