Published: July 18 , 2025 06:12 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശുഭ്മൻ ഗിൽ ലോഡ്സ് ടെസ്റ്റിനിടെ ഇംഗ്ലിഷ് ബാറ്റർ സാക് ക്രൗലിയുമായി തർക്കിച്ചത് രസിക്കാതെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഗില്ലിന് ഇത്തരമൊരു ശൈലി ഉണ്ടായിരുന്നെങ്കിൽ അത് ക്യാപ്റ്റനാകും മുൻപേ ലോകം കാണുമായിരുന്നെന്നാണ് മഞ്ജരേക്കറുടെ ‘കണ്ടെത്തൽ’. ക്രൗലിയുമായുണ്ടായ തർക്കമാണ് രണ്ടാം ഇന്നിങ്സിൽ ഗില്ലിന്റെ ബാറ്റിങ്ങിനെ ബാധിച്ചതെന്നും മഞ്ജരേക്കർ വ്യക്തമാക്കി. ലോഡ്സ് ടെസ്റ്റിൽ 22 റൺസ് വിജയം നേടിയ ഇംഗ്ലണ്ട് പരമ്പരയിൽ 2–1ന് മുന്നിലെത്തിയിരുന്നു.
‘‘എതിർ ടീമിനോട് ദേഷ്യപ്പെട്ടാല്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരിക്കും പുറത്തുവരുന്നത്. ഗില്ലിന്റെ കാര്യം പക്ഷേ അങ്ങനെയായില്ല. ഒരു ബാറ്ററെന്ന നിലയിൽ ആ സംഭവം ശുഭ്മൻ ഗില്ലിൽ ശരിയായ രീതിയിലല്ല സ്വാധീനിച്ചത്. താരങ്ങളുടെ സംസാരവും വ്യക്തിപരമായ അധിക്ഷേപങ്ങളും എല്ലാം ഇന്ന് സ്റ്റംപ് മൈക്കുകളിൽ പതിയും. ഗില്ലിനെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണ്.’’– മഞ്ജരേക്കർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.
‘‘ഗില്ലിന് ഇങ്ങനെ ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ കുറച്ചു മുൻപു തന്നെ നമ്മൾ അതു കാണുമായിരുന്നു. ക്യാപ്റ്റനായപ്പോൾ പ്രത്യേകം ദേഷ്യം കാണിക്കേണ്ടതില്ല. കുറെ റൺസെടുത്തപ്പോഴും ഒരു കളി ജയിച്ചപ്പോഴും കിട്ടിയ ആത്മവിശ്വാസമാണോ ഇത്? വിരാട് കോലി ക്യാപ്റ്റൻ അല്ലാതിരുന്നപ്പോഴും രോഷത്തോടെ പെരുമാറുന്നതു കണ്ടിട്ടുണ്ട്. ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ ഞാൻ ഇതുവരെ അങ്ങനെ കണ്ടിട്ടില്ല.’’– മഞ്ജരേക്കർ വ്യക്തമാക്കി.
ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിപ്പിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ഗില്ലും സാക് ക്രൗലിയും തര്‍ക്കിച്ചത്. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗിൽ ചോദ്യം ചെയ്യുകയായിരുന്നു. മത്സരത്തിൽ രണ്ടാം ഇന്നിങ്സ് ബാറ്റു ചെയ്യാനിറങ്ങിയ ഗിൽ ആറു റൺസ് മാത്രമെടുത്ത് എൽബിഡബ്ല്യു ആയാണു പുറത്തായത്.
English Summary:








English (US) ·