27 August 2025, 10:44 PM IST

കെനീഷ ഫ്രാൻസിസ്, രവി മോഹൻ | സ്ക്രീൻഗ്രാബ്
കെനീഷ ഫ്രാൻസിസ് തനിക്ക് ദൈവംതന്ന സമ്മാനമെന്ന് നടൻ രവി മോഹൻ. നടന്റെ നേതൃത്വത്തിലുള്ള രവി മോഹൻ സ്റ്റുഡിയോസ് എന്ന പുതിയ നിർമാണക്കമ്പനിയുടെ ലോഞ്ചിങ് വേളയിലാണ് സുഹൃത്ത് കെനീഷയെ രവി മോഹൻ വാനോളം പുകഴ്ത്തിയത്. താരത്തിന്റെ വാക്കുകൾ നിറകണ്ണുകളോടെയാണ് കെനീഷ കേട്ടിരുന്നത്. രവി മോഹനെ താൻ ദൈവമായാണ് കാണുന്നതെന്നാണ് കെനീഷ പിന്നീട് വേദിയിൽ പറഞ്ഞത്. ഇരുവരും സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
"ഇന്നീ പരിപാടി നടക്കാനുള്ള ഒരേയൊരു കാരണം കെനീഷ മാത്രമാണ്. എന്റെ ജീവിതത്തിൽ ഇതുപോലെ എന്നെ സഹായിച്ച ആരുമുണ്ടായിട്ടില്ല. ഒരു മനുഷ്യൻ ജീവിതത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ ദൈവം ഏതെങ്കിലും രൂപത്തിൽ അയാളെ സഹായിക്കാൻ എത്തും. അങ്ങനെയൊരാൾ വരുന്ന ഒരു നേരം വരും. ഞാനെപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നയാളാണ്. പുഞ്ചിരിക്കുന്നതിലപ്പുറം എന്ത് പോസിറ്റിവിറ്റിയാണുള്ളത്. ജീവിതത്തിൽ പണം സമ്പാദിക്കുന്നതല്ല മുഖ്യം. എനിക്ക് ദൈവം കൊണ്ടുതന്ന സമ്മാനമാണ് കെനീഷ. ഞാൻ ആരാണെന്ന് എന്നെ കണ്ടെത്താൻ സഹായിച്ചത് കെനീഷയാണ്. രവി മോഹൻ സ്റ്റുഡിയോസിൽ കെനീഷയും പങ്കാളിയാണ്. എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെയൊരാളുണ്ടായിരിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു." രവി മോഹൻ പറഞ്ഞതിങ്ങനെ.
രവി മോഹൻ സ്റ്റുഡിയോ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തങ്ങൾ ഒന്നിച്ചു എന്നാണ് കെനീഷ വേദിയിൽ പറഞ്ഞത്. ഈ സംരംഭത്തെ കഴിയുന്നത്ര ഉയരത്തിലെത്തിക്കുകയാണ് ഞങ്ങളുടെ സ്വപ്നം. "ഞാൻ കടന്നുവന്നത് വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ്. രവീ, നിങ്ങൾ തീർത്തും കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാൽ എത്ര സങ്കടം ഉള്ളിലുണ്ടെങ്കിലും നിങ്ങൾ അതൊന്നും പുറമേ കാണിച്ചില്ല. കൂരിരുട്ടുമായിപ്പോലും എത്തുന്ന ഏതൊരാളിലേക്കും വെളിച്ചം നിറയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നു. നിങ്ങളിലെ ദൈവത്തെ ഞാൻ കണ്ടു. മറ്റൊന്നും എനിക്ക് കാണണമെന്നില്ല." കെനീഷ പറഞ്ഞു.
രവി മോഹന്റെ അമ്മ വരലക്ഷ്മിയും മൂത്ത സഹോദരൻ മോഹൻ രാജയും വേദിയിലുണ്ടായിരുന്നു. കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ബ്രോ കോഡ് എന്ന ചിത്രമാണ് രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യചിത്രം. രവി മോഹൻ, അർജുൻ അശോകൻ, എസ്.ജെ. സൂര്യ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്റെ പ്രൊമോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചും രവി മോഹൻ പ്രഖ്യാപിച്ചു. യോഗി ബാബുവിനെ നായകനാക്കി ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രമാണ് രവി മോഹൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.
Content Highlights: Ravi Mohan Lauds Keneesha Francis arsenic "God's Gift" astatine Studio Launch





English (US) ·