Published: November 15, 2025 11:03 AM IST
1 minute Read
ചെന്നൈ∙ കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസണിന്റെ വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്. അടുത്ത സീസണിലേക്കുള്ള താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന ദിവസമായ ശനിയാഴ്ച രാവിലെയാണ് മലയാളി താരത്തെ ടീമിലെത്തിച്ച കാര്യം ചെന്നൈ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദിവസങ്ങൾക്കു മുന്‍പുതന്നെ താരത്തെ ടീമിലെടുക്കാൻ കരാറായെങ്കിലും അവസാന ദിവസം വരെ കാത്തിരുന്ന ശേഷമാണ് സഞ്ജു–ജഡേജ കൈമാറ്റക്കരാറിന്റെ പ്രഖ്യാപനമെത്തിയത്. ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ സ്വന്തം മടയിലേക്ക്, സ്വാഗതം സഞ്ജു’ എന്ന കുറിപ്പോടെ പങ്കുവച്ച ‘എഐ’ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ചെന്നൈ നായകൻ എം.എസ്. ധോണിയോടൊപ്പം രാജസ്ഥാൻ ജഴ്സിയണിഞ്ഞ സഞ്ജുവിന്റെ ചിത്രമാണ് നിർമിത ബുദ്ധി ഉപയോഗിച്ച് വിഡിയോ ആക്കി മാറ്റിയത്. ചെന്നൈ ആരവങ്ങൾക്കിടെ സഞ്ജുവിന്റെ റോയൽസ് ജഴ്സി മാറി, ചെന്നൈയുടെ മഞ്ഞ ജഴ്സിയാകുന്നതാണ് വിഡിയോയിലുള്ളത്. ആവേശം സിനിമയിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനവും വിഡിയോയിലുണ്ട്. 18 കോടി രൂപയാണ് സഞ്ജുവിന് ചെന്നൈ സൂപ്പർ കിങ്സ് നൽകുക. രാജസ്ഥാൻ റോയൽസിലും 18 കോടി രൂപയായിരുന്നു സഞ്ജുവിന്റെ പ്രതിഫലം.
സഞ്ജുവിനെ ടീമിലേക്കു സ്വാഗതം ചെയ്യുന്നതായി ചെന്നൈ മാനേജിങ് ഡയറക്ടർ കെ.എസ്. വിശ്വനാഥും പ്രതികരിച്ചു. ‘‘ചെന്നൈയുടെ ആഗ്രഹങ്ങൾക്കൊപ്പം ചേരുന്ന കഴിവുകളും നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് സഞ്ജു. ഭാവി മുന്നിൽ കണ്ടുകൊണ്ട് വളരെയധികം ചിന്തിച്ചെടുത്ത തീരുമാനമാണിത്.’’– കെ.എസ്. വിശ്വനാഥൻ പ്രസ്താവനയിൽ അറിയിച്ചു. ടീം വിട്ടുപോകുന്ന രവീന്ദ്ര ജഡേജയ്ക്കും സാം കറനും വിശ്വനാഥൻ നന്ദി അറിയിച്ചു.
‘‘ജഡേജയുടേയും സാം കറന്റെയും സമ്മതത്തോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് എത്തിയത്. ജഡേജ ക്ലബ്ബിനു നൽകിയ മഹത്തായ സംഭാവനകൾക്ക് ഞങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ട്. ജഡേജയ്ക്കും സാം കറനും എല്ലാ ആശംസകളും അറിയിക്കുന്നു.’’– ചെന്നൈ സൂപ്പർ കിങ്സ് വ്യക്തമാക്കി.
English Summary:








English (US) ·