ന്യൂഡൽഹി:കഴിഞ്ഞദിവസമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയത്. ദ്രാവിഡിന് കൂടുതല്‍ വിപുലമായ ഒരു പദവി വാഗ്ദാനംചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നാണ് രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ല്യേഴ്സ്. രാഹുൽ ദ്രാവിഡിനെ രാജസ്ഥാൻ പുറത്താക്കിയത് പോലെയാണ് തോന്നുന്നതെന്നും ടീമിന് മറ്റ് പദ്ധതികളുണ്ടാവാമെന്നും എബിഡി പറഞ്ഞു.
എനിക്ക് തോന്നുന്നത് ഇത് മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നുവെന്നാണ്. ടീമിൽ കൂടുതൽ വിപുലമായ ഒരു പദവി അവർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. ഒരുപക്ഷേ, ടീമിന്റെ ഭാഗമായി തുടരാൻ ആഗ്രഹിച്ചിരുന്നതിനാൽ അദ്ദേഹം അസ്വസ്ഥനായിരുന്നിരിക്കാം. ഡഗ്ഔട്ടിൽ ഉണ്ടാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഏതായാലും അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഭാവിയിൽ ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമുക്ക് സത്യാവസ്ഥ അറിയാൻ കഴിയും. നികത്താൻ പ്രയാസമുള്ള ഒരു വിടവാണ് രാഹുൽ ദ്രാവിഡിന്റേത്. - ഡിവില്ല്യേഴ്സ് പറഞ്ഞു.
ചിലപ്പോൾ നമ്മളിത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലും കാണാറുണ്ട്. അവിടെ പരിശീലകർ മികച്ച പ്രകടനം കാഴ്ചവെക്കാനും കിരീടങ്ങൾ നേടാനും വലിയ സമ്മർദ്ദത്തിലായിരിക്കും. അവർക്ക് അതിന് കഴിയാതെ വരുമ്പോൾ, ഫ്രാഞ്ചൈസികളിൽ നിന്ന് അവർക്ക് നിർദ്ദേശങ്ങൾ ലഭിച്ചു തുടങ്ങും. യഥാർഥ വസ്തുത നമുക്ക് അറിയില്ല. രാഹുൽ ദ്രാവിഡ് ആ പദവി നിരസിച്ചു. പിന്നാലെ അദ്ദേഹത്തെ പുറത്താക്കിയത് പോലെയാണ് എനിക്ക് തോന്നിയത്. അത് നല്ല കാര്യമല്ല. ഒരുപക്ഷേ രാജസ്ഥാന് വരുന്ന സീസണിൽ മറ്റ് പദ്ധതികളുണ്ടാവാം. അവർ ചില മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടാവാം. - ഡിവില്ല്യേഴ്സ് പറഞ്ഞു.
രാഹുല്‍ രണ്ടാമത് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്‍ 2025-ല്‍, കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുലിന്റെ പിന്‍മാറ്റം.
മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദ്രാവിഡ് രാജസ്ഥാനിനൊപ്പം വീണ്ടും ചേരുന്നത്. 2012, 2013 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാനെ നയിച്ചിരുന്ന ദ്രാവിഡ് തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ ടീമിന്റെ മെന്ററുടെ റോളിലെത്തിയിരുന്നു.
Content Highlights: Rahul Dravid Was Sort Of Kicked Out says ab de Villiers








English (US) ·