ദ്രാവിഡ് രാജസ്ഥാന്‍ വിടാൻ കാരണം ‘ക്യാപ്റ്റൻസി തർക്കം’, സഞ്ജുവിന്റെ പകരക്കാരനെ ഒട്ടും പിടിച്ചില്ല

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 31, 2025 03:11 PM IST

1 minute Read

 X@RR
രാജസ്ഥാൻ താരങ്ങളായ സഞ്ജു സാംസണും റിയാൻ പരാഗും. Photo: X@RR

ജയ്പൂർ∙ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് രാജി വയ്ക്കാനുള്ള പ്രധാന കാരണം ടീം ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെന്നു വിവരം. കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജു സാംസണ് പരുക്കേറ്റപ്പോൾ പകരക്കാരനായി റിയാൻ പരാഗിനെ ഫ്രാഞ്ചൈസി കൊണ്ടുവന്നത് ദ്രാവിഡിന്റെ അഭിപ്രായം പരിഗണിക്കാതെയാണെന്നാണു പുറത്തുവരുന്ന വിവരം. റിയാൻ പരാഗിനെ ടീം ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവരാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പരാഗിന്റെ ക്യാപ്റ്റൻസിയിൽ ദ്രാവിഡിനു സംശയങ്ങളുണ്ടായിരുന്നു.

സഞ്ജുവിനു പകരം പരാഗിനെ നായകനാക്കുന്നതിന് ദ്രാവിഡിന് താൽപര്യമില്ലായിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സീസണിലേക്കു രാജസ്ഥാനു വേണ്ടി കളിക്കാനില്ലെന്ന് സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതിനു പിന്നാലെയാണ് ദ്രാവിഡും പരിശീലക സ്ഥാനം രാജിവച്ചൊഴിഞ്ഞത്. ദ്രാവിഡിനു വലിയ ചുമതല വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

അതേസമയം ദ്രാവിഡിന് രാജസ്ഥാൻ റോയൽസ് ഓഫർ ചെയ്തത് ‘പണിഷ്മെന്റ് പ്രമോഷനാണെന്ന്’ ഐപിഎൽ ടീം പരിശീലകൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘‘നിങ്ങൾ ഏതെങ്കിലും ഐപിഎൽ ടീമിനൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ ഒരു കാര്യം അറിഞ്ഞു വയ്ക്കുക. ഹെഡ് കോച്ചിനു കുറച്ചുകൂടി വലിയ സ്ഥാനം ഓഫർ ചെയ്യുകയാണെങ്കിൽ അതൊരു പണിഷ്മെന്റ് പ്രമോഷൻ പോലെയാകും. ടീമിനെ തയാറാക്കുന്നതിൽ നിങ്ങൾക്കു പിന്നെ ഒരു റോളും കാണില്ല.’’– ഒരു ഐപിഎൽ ടീമിന്റെ പരിശീലകൻ അറിയിച്ചു.

കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 2024 ൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് നേട്ടത്തിനു ശേഷം ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് നേരെ വന്നത് രാജസ്ഥാനിലേക്കായിരുന്നു. ഫ്രാഞ്ചൈസിക്കൊപ്പം ഇനിയും തുടരാൻ ദ്രാവിഡിന് കരാറുണ്ടായിരുന്നു. ഇതു വേണ്ടെന്നുവച്ചാണ് ദ്രാവിഡ് പടിയിറങ്ങിയത്.

English Summary:

Sanju Samson, Riyan Parag Behind Rahul Dravid's Shock Rajasthan Royals Exit: Report

Read Entire Article