ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

8 months ago 8

കോട്ടയം: ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്‌. ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ സണ്ണി തോമസ് 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

1941 ൽ കോട്ടയം ജില്ലയിലെ തിടനാട് എന്ന ഗ്രാമത്തിൽ കാഥികനായ കെ.കെ. തോമസിന്റെയും മറിയ കുട്ടിയുടെയും മകനായി ജനിച്ച സണ്ണി തോമസ് കാള കെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എംഡി സെമിനാരിയിൽ യൂപി ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സിഎംഎസിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. അവിടെ നിന്ന് 1964ൽ ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഹെഡ് ആയി എത്തി. 1997ൽ വിരമിക്കുന്നതു വരെ അവിടെ തുടർന്നു.

വളരെ ചെറുപ്പം മുതൽ ഷൂട്ടിങ്ങിൽ കമ്പമുണ്ടായിരുന്ന സണ്ണി തോമസ് 1965ൽ നടന്ന സംസ്ഥാന ഷൂട്ടിങ്ങിൽ രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. പിന്നീട് 1970 ൽ അഹമ്മദാബാദിൽ വെപ്പൺ ട്രെയിനിങ് സ്‌കൂളിൽ ഷൂട്ടിങ് കോഴ്‌സിനു ചേർന്നു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. 1976 ൽ ദേശീയ ചാംപ്യൻ, 1993 ൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി. പിന്നീട് കണ്ടത് ചരിത്രം നാല് ഒളിംപിക് മെഡലുകളടക്കം (2004, 2008, 2012) നൂറുകണക്കിന് അന്താരാഷ്ട്ര മെഡലുകൾ. പരിശീലക മികവിന് 2001-ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

അധ്യാപകനായിരുന്ന ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ബുധനാഴ്ച 3 മണി മുതൽ 5 വരെയും ഉഴവൂരിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9 വരെയും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഇടപ്പള്ളി പൂക്കാടുപ്പടി റോഡിലെ തേവക്കൽ സെൻ്റ് മാർട്ടിൻ ഡീ പോറസ് പള്ളിയിൽ നടക്കും.


.

Content Highlights: shooting manager dronacharya prof sunny thomas died

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article