Published: December 09, 2025 07:46 AM IST Updated: December 09, 2025 09:46 AM IST
1 minute Read
-
വെർസ്റ്റാപ്പനു വിനയായത് ആദ്യ പകുതിയിൽ കൈവിട്ട വിജയങ്ങൾ
-
പിയാസ്‌ട്രിയെ വീഴ്‌ത്തിയത് അവസാന മത്സരങ്ങളിലെ ഭാഗ്യദോഷങ്ങൾ
ഫോർമുല വൺ കിരീടധാരണം കഴിഞ്ഞു. മക്‌ലാരനു വേണ്ടി ബ്രിട്ടിഷ് താരം ലാൻഡോ നോറിസ് ജേതാവായി. സീസൺ തുടങ്ങും മുൻപു തന്നെ നോറിസിന്റെ സാധ്യതകൾ വിദഗ്ധർ പ്രവചിച്ചിരുന്നു. മക്‌ലാരന്‍ കാറുകൾ അടിമുടി വജയത്തിനായി മാറ്റിയിരുന്നു. മക്‌ലാരന്റെ സാങ്കേതിക മികവിനു മുൻപിൽ മറ്റു ടീമുകൾ പിന്നോട്ടു പോകുമെന്നും റെഡ് ബുൾ റേസിങ്, ഫെറാറി, മെഴ്സിഡീസ് ടീമുകൾ മാത്രമാകും അൽപമെങ്കിലും വെല്ലുവിളി ഉയർത്തുകയെന്നും പ്രവചനമുണ്ടായി. എന്നാൽ, നോറിസിന്റെ വിജയത്തിനൊപ്പം പോന്ന രണ്ടാം സ്ഥാനമാണു റെഡ് ബുൾ റേസിങ് താരം വെർസ്റ്റാപ്പന്റേതെന്നു പറയാതെ വയ്യ. സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങളുമായി (എട്ട്) ഒരർഥത്തിൽ മാക്സ് തന്നെ മുന്നിൽ. അവസാന മത്സരങ്ങളിലെ നിർഭാഗ്യമാണു ഓസ്കർ പിയാസ്ട്രിക്കു വിനയായത്. ഒരു ഘട്ടത്തിൽ നോറിസിനെക്കാൾ കിരീടസാധ്യതയിലേക്കു മുന്നേറാൻ വരെ കഴിഞ്ഞു പിയാസ്ട്രിക്ക്.
ആകെ 24 ഗ്രാൻപ്രികൾ നടന്ന മാരത്തൺ സീസണായിരുന്നു 2025. മക്‌ലാരന്റെ ലാൻഡോ നോറിസും (18 തവണ പോഡിയം) ഓസ്കർ പിയസ്ട്രിയും (16 തവണ പോഡിയം) ഏഴു വീതം ഗ്രാൻപ്രികൾ നേടിയപ്പോൾ, എട്ടു ജയം നേടിയ വെർസ്റ്റാപ്പനു 15 പോഡിയം മാത്രമേ നേടാനായുള്ളൂ. സീസണിൽആദ്യ പകുതിയിൽ കൈവിട്ടുപോയ വിജയങ്ങളാണു വെർസ്റ്റാപ്പനു വിനയായത്. ഇവർക്കു പുറമേ വിജയം നേടാനായതു മെഴ്സിഡീസിന്റെ ജോർജ് റസ്സലിനു മാത്രമാണ്. (രണ്ടു ഗ്രാൻപ്രി വിജയം). ഫെറാറിയുടെ ചാൾസ് ലെക്ലയർ ഏഴു തവണ പോഡിയത്തിലെത്തിയെങ്കിലും ഒരിടത്തും ഒന്നാമനായില്ല. സഹതാരം ലൂയിസ് ഹാമിൽട്ടനാകട്ടെ ഫെറാറി ടീമിനെയും ആരാധകരെയും അമ്പേ നിരാശപ്പെടുത്തി. മെഴ്സിഡീസിന്റെ എ.കെ.ആന്റനെല്ലി മൂന്നു തവണ പോഡിയത്തിലെത്തി. റെഡ് ബുൾ റേസിങ്ങിനെ വെർസ്റ്റാപ്പൻ മുന്നിൽ നിന്നു നയിച്ചപ്പോൾ ഒരിക്കൽപോലും സഹതാരം യാക്കി സുനോഡയുടെ പിന്തുണ ലഭിച്ചില്ല. കേവലം 33 പോയിന്റ് മാത്രമാണു സുനോഡയ്ക്കു നേടാനായത്. കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ അതോടെ മെഴ്സിഡീസിനു പിന്നിൽ മൂന്നാം സ്ഥാനത്തായി റെഡ്ബുൾ റേസിങ്.
മാറിമറിഞ്ഞ കണക്കുകൾ
നോറിസിന്റെ വിജയത്തോടെയായിരുന്നു സീസണു നാന്ദി കുറിച്ചത്. എന്നാൽ ചൈനീസ്, ബഹ്റൈൻ, സൗദ്, മിയാമി, സ്പാനിഷ് സർക്യൂട്ടുകൾ കീഴടക്കി പിയാസ്ട്രി മത്സരം ഏകപക്ഷീയമാക്കില്ലെന്ന് ഉറപ്പാക്കി. 12 മത്സരങ്ങളുടെ ആദ്യ പാദം പിന്നിടുമ്പോൾ 5 വിജയങ്ങളും രണ്ടു രണ്ടാം സ്ഥാനവും 3 മൂന്നാം സ്ഥാനവുമായി 220 പോയിന്റുകൾ നേടി ഓസ്കർ പിയാസ്ട്രിയായിരുന്നു ചാംപ്യൻഷിപ് ലീഡർ. നാലു വിജയങ്ങളും 5 രണ്ടാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവുമായി നോറിസായിരുന്നു രണ്ടാം സ്ഥാനത്ത്. (217 പോയിന്റ്). രണ്ടു വിജയങ്ങളും മൂന്നു രണ്ടാം സ്ഥാനവുമായ 159 പോയിന്റോടെ ബഹുദൂരം പിന്നിലായിരുന്നു വെർസ്റ്റാപ്പൻ.
രണ്ടാം പാദത്തിൽ കളി മാറി. ആറു വിജയങ്ങളും രണ്ടു വീതം രണ്ടാം സ്ഥാനങ്ങളും മൂന്നാം സ്ഥാനങ്ങളുമായി കുതിക്കുകയായിരുന്നു വെർസ്റ്റാപ്പൻ. അവസാന മൂന്നു മത്സരങ്ങളും അനായാസം വിജയിച്ച മാക്സിന് അഞ്ചാം ചാംപ്യൻഷിപ് നഷ്ടമായത് രണ്ടു പോയിന്റിന്. പിയാസ്ട്രക്കാകട്ടെ ഒന്നാം പാദത്തിലെ മികവു തുടരാനായില്ല. രണ്ടു വിജയങ്ങളും 3 രണ്ടാം സ്ഥാനവും നേടിയെങ്കിലും മൂന്നിടത്ത് അഞ്ചാം സ്ഥാനത്തേക്കു പോയി. ലാസ് വെഗാസിൽ മക്‌ലാരന് അയോഗ്യത വന്നതും അസർബൈജാനിൽ മത്സരം പൂർത്തിയാക്കാൻ കഴിയാഞ്ഞതും തിരിച്ചടിയായി. നോറിസിനും രണ്ടാം പാദത്തിൽ മൂന്നു വിജയങ്ങളേ നേടാനായുള്ളൂ. മൂന്നിടത്തു രണ്ടാമനായി.
English Summary:









English (US) ·