ധനശ്രീയെ ചതിച്ചിട്ടില്ല, ഉറക്കം മൂന്നു മണിക്കൂർ മാത്രം: വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി ചെഹൽ

5 months ago 6

ഓൺലൈൻ ഡെസ്ക്

Published: August 01 , 2025 09:35 AM IST

1 minute Read

 Instagram@Chahal
ചെഹലും ധനശ്രീയും. Photo: Instagram@Chahal

മുംബൈ∙ ഭാര്യയായിരുന്ന ധനശ്രീ വർമയെ, ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ചതിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. വൈകാരിക പ്രശ്നങ്ങൾ ക്രിക്കറ്റിനെ ബാധിക്കരുത് എന്നുള്ളതുകൊണ്ട്, താത്കാലിക ഇടവേള എടുത്തിരുന്നതായും ചെഹൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസർ ആർ.ജെ. മഹ്‍വാഷുമായി ചെഹലിന് അടുപ്പമുണ്ടായതാണ് താരത്തിന്റെ വിവാഹ ബന്ധത്തിൽ തിരിച്ചടിയായതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ പരക്കുന്നതുപോലെ ഒരിക്കലും ധനശ്രീയെ ചതിച്ചിട്ടില്ലെന്ന് ചെഹൽ ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.

വിവാഹ മോചന വിവരം അവസാനം വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതായും ചെഹൽ വ്യക്തമാക്കി. ‘‘ആളുകളെ ഒന്നും കാണിക്കേണ്ടതില്ലെന്നു ഞങ്ങൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒരു പ്രശ്നവും ഇല്ലാത്തതുപോലെ ഭാവിച്ചു. വിവാഹ മോചന വിവരം പുറത്തായതോടെ ആളുകൾ എന്നെ ചതിയനെന്നു മുദ്ര കുത്തി. എനിക്കു രണ്ടു സഹോദരിമാരുണ്ട്. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നു നന്നായി അറിയാം.’’

‘‘ജീവിത പ്രശ്നങ്ങൾ കാരണം ഞാൻ ക്ഷീണിച്ചുപോയിരുന്നു. എല്ലാ ദിവസവും ഒരേ പ്രശ്നങ്ങൾ തന്നെ. രണ്ടു മണിക്കൂറൊക്കെ കരഞ്ഞിട്ടുണ്ട്. ദിവസം ഉറങ്ങിയത് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം. വീണ്ടും പഴയ കാര്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ എല്ലാം അവസാനിക്കുന്നതാണു നല്ലതെന്നു തോന്നി. ഞാൻ ക്രിക്കറ്റിൽനിന്ന് അവധിയെടുത്തു. ഞാൻ കാരണം ടീം ബുദ്ധിമുട്ടരുതെന്ന് എനിക്കുണ്ടായിരുന്നു.’’– ചെഹൽ വ്യക്തമാക്കി.

2020ലാണ് യുസ്‍വേന്ദ്ര ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2025ൽ ഇരുവരും പിരിഞ്ഞു. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചെഹൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Instagram/Chahal എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.

English Summary:

Yuzvendra Chahal Breaks Silence On Divorce

Read Entire Article