24 March 2025, 01:30 PM IST

തമീം ഇഖ്ബാൽ
ധാക്ക: ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ധാക്ക പ്രീമിയര്‍ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായാതായാണ് വിവരം. ധാക്ക പ്രീമിയര്‍ ലീഗില്‍ ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36-കാരനായ തമീം.
മൈതാനത്ത് വെച്ച് അദ്ദേഹത്തിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാന്‍ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലന്‍സില്‍വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതായും ബംഗ്ലാദേശ് ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ കടുത്ത ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള നടപടികളിലാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ജനുവരിയില്‍ ഇഖ്ബാല്‍ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയില്‍, വികാരഭരിതമായ ഒരു പത്രസമ്മേളനത്തിനിടെ ഇഖ്ബാല്‍ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു, എന്നാല്‍ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം തന്റെ തീരുമാനം മാറ്റി.
Content Highlights: Tamim Iqbal suffers bosom onslaught portion playing Dhaka Premier League








English (US) ·