Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 9 May 2025, 8:34 pm
IPL 2025: ഐപിഎല്‍ 2025 പുനരാരംഭിക്കുമ്പോള്‍ എംഎസ് ധോണി (MD Dhoni) ചെന്നൈ സൂപ്പര്‍ കിങ്സിനെ (Chennai Super Kings) നയിക്കാന്‍ സാധ്യതയില്ല. റുതുരാജ് ഗെയ്ക്വാദ് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെയാണ് ധോണിയെ ക്യാപ്റ്റനായി നിയമിച്ചത്.
എംഎസ് ധോണി കെകെആറിനെതിരായ മല്‍സരത്തിനിടെ (ഫോട്ടോസ്- Samayam Malayalam) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം ഒരു ആഴ്ചത്തേക്ക് ഐപിഎല്‍ നിര്‍ത്തിവയ്ക്കാനാണ് ബിസിസിഐ തീരുമാനം. ചിലപ്പോള്‍ ഇതിലും കൂടുതല്‍ ദിവസത്തേക്ക് ടൂര്‍ണമെന്റ് തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്. റുതുരാജ്് പരിക്കേറ്റ് പുറത്തായതോടെയാണ് ധോണി നായകസ്ഥാനം ഏറ്റെടുത്തത്.
ധോണി ഇനി സിഎസ്‌കെയെ നയിക്കാനിടയില്ല, റുതുരാജ് തിരിച്ചെത്തുന്നു; വിരമിക്കലിനെ കുറിച്ചും വിശദീകരണം
പഞ്ചാബ് കിങ്‌സും (പിബികെഎസ്) ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള മത്സരം പാതിവഴിയില്‍ നിര്‍ത്തിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ടൂര്‍ണമെന്റ് പൂര്‍ണമായും മാറ്റിവയ്ക്കുന്നതായി അറിയിപ്പ് വന്നത്. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും (എല്‍എസ്ജി) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍ നടക്കേണ്ട സീസണിലെ 59-ാം മത്സരം അതിന് മുമ്പ് തന്നെ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും കഴിഞ്ഞാലേ ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. നേരത്തെ നിശ്ചയിച്ച പ്രകാരം ഐപിഎല്‍ 2025 ഫൈനല്‍ മെയ് 25 ഞായറാഴ്ചയാണ്. ഇതിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഷെഡ്യൂള്‍ ചെയ്തിരുന്നു. ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നടത്താനും സാധ്യതയുണ്ട്. 2021 ല്‍ ഐപിഎല്ലിന്റെ രണ്ടാം പകുതി ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് നടന്നത്.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുകയെങ്കില്‍ റുതുരാജ് തന്നെയായിരിക്കും സിഎസ്‌കെയെ നയിക്കുകയെന്ന് ഉറപ്പാണ്. കൈമുട്ടില്‍ പൊട്ടല്‍ ഉണ്ടായതോടെയാണ് റുതുരാജ് ഐപിഎല്ലില്‍ നിന്ന് നാല് മുതല്‍ ആറ് ആഴ്ച വരെ മാറിനില്‍ക്കാന്‍ നിര്‍ബന്ധിതനായത്. ഏപ്രില്‍ 11നാണ് റുതുരാജിന് പരിക്കേറ്റ വിവരം സിഎസ്‌കെ പുറത്തുവിടുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റുതുരാജ് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കും. ക്യാപ്റ്റന്‍സി ചുമതലകള്‍ വീണ്ടും വഹിക്കുകയും ചെയ്യും.
റുതുരാജിന് പകരക്കാരനായി മഞ്ഞപ്പട ആയുഷ് മാത്രെയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്‍ വൈകിയാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കാരണം ചില വിദേശ കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നേക്കും. അങ്ങനെയെങ്കില്‍ റുതുരാജ് തിരിച്ചെത്തിയാലും ആയുഷ് മാത്രെയ്ക്ക് തുടരാനാവും.
ഐപിഎല്‍ 2025ല്‍ നിന്ന് സിഎസ്‌കെ ഇതിനകം പുറത്തായിട്ടുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി അവസാന സ്ഥാനത്താണ്. അഞ്ച് തവണ ചാമ്പ്യന്മാരായ അവര്‍ക്ക് സീസണില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.
ഉടനെ ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മല്‍സര വിജയത്തിന് ശേഷം ധോണി സൂചന നല്‍കി. അടുത്ത 6-8 മാസത്തെ ആരോഗ്യം പരിഗണിച്ചാവും ഐപിഎല്‍ 2026ല്‍ കളിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷത്തില്‍ രണ്ട് മാസം മാത്രമാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതെന്നും ലീഗിലെ തന്റെ അവസാന വര്‍ഷം എപ്പോഴാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2008ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ധോണി 276 മത്സരങ്ങളില്‍ നിന്ന് 5,423 റണ്‍സ് നേടിയിട്ടുണ്ട്. 24 അര്‍ധസെഞ്ചുറി നേടിയ ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 84* ആണ്. ഇതുവരെയുള്ള എല്ലാ ഐപിഎല്ലിലും കളിച്ച ധോണി സിഎസ്‌കെയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·