Published: August 15, 2025 10:07 PM IST
1 minute Read
മുംബൈ∙ എം.എസ്. ധോണി തന്നെ ടീമിൽ നിന്ന് തഴഞ്ഞപ്പോൾ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കാൻ ആലോചിച്ചതായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. ഇതിഹാസ താരം സച്ചിന്‍ തെൻഡുൽക്കറുമായി സംസാരിച്ച ശേഷമാണു തീരുമാനത്തിൽനിന്ന് പിന്നോട്ടു പോയതെന്ന് സേവാഗ് ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2011 ലോകകപ്പിനു മുൻപ് പ്ലേയിങ് ഇലവനിൽനിന്നു പുറത്താക്കിയപ്പോഴായിരുന്നു സേവാഗ് വിരമിക്കാൻ നീക്കം നടത്തിയത്.
‘‘2007–08 ലെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മൂന്നു മത്സരം കളിപ്പിച്ച ശേഷം ക്യാപ്റ്റൻ ധോണി എന്നെ ടീമിൽനിന്നു പുറത്താക്കി. പിന്നീട് കുറച്ചുകാലം എന്നെ ടീമിലേക്ക് അടുപ്പിച്ചില്ല. പ്ലേയിങ് ഇലവനിൽ സ്ഥാനം ഇല്ലെങ്കിൽ ഇനിയും ഏകദിന ക്രിക്കറ്റ് കളിക്കുന്നതിൽ കാര്യമില്ലെന്നു ഞാൻ തീരുമാനിച്ചു. ഇക്കാര്യം സച്ചിൻ തെൻഡുൽക്കറോടും പറഞ്ഞു. എന്നാൽ അതു ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.’’
‘‘ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ കരിയറിൽ ഉണ്ടാകുമെന്നും, അതും കടന്നു പോകുമെന്നും സച്ചിൻ പറഞ്ഞു. 1999–2000 കാലത്ത് സച്ചിനും വിരമിക്കാൻ ആലോചിച്ചിരുന്നു. പക്ഷേ അതു ചെയ്തില്ലെന്നു പറഞ്ഞു. വൈകാരികമായി ഇരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കരുതെന്നായിരുന്നു എനിക്കു കിട്ടിയ ഉപദേശം. പിന്നീട് ഞാൻ ഒരു പരമ്പരയിൽ നന്നായി സ്കോർ ചെയ്തു. 2011 ലോകകപ്പ് കളിച്ചു, നമ്മൾ ലോകകപ്പ് ജയിക്കുകയും ചെയ്തു.’’– സേവാഗ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി 251 മത്സരങ്ങൾ കളിച്ചിട്ടുള്ള സേവാഗ് 8273 റൺസാണ് ആകെ നേടിയത്.
ഓസ്ട്രേലിയയ്ക്കെതിരായ കോമൺവെൽത്ത് ബാങ്ക് സീരീസിൽ സേവാഗിന് 81 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. തിളങ്ങാതെ പോയതോടെ സേവാഗിനെ പ്ലേയിങ് ഇലവനിൽനിന്നു പുറത്താക്കിയിരുന്നു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയ താരം ആദ്യ മൂന്നു കളികളിൽനിന്ന് രണ്ട് അര്‍ധ സെഞ്ചറികളുൾപ്പടെ 150 റൺസെടുത്തു.
English Summary:








English (US) ·