Published: April 21 , 2025 02:22 PM IST
1 minute Read
മുംബൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡിആര്‍എസ് അവസരം ഉപയോഗിക്കാതിരുന്ന ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ ആരാധക രോഷം. അംപയർമാരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡിആർഎസ് സംവിധാനം കൃത്യമായി ഉപയോഗിച്ച് ധോണി പല തവണ കയ്യടി നേടിയിട്ടുണ്ട്. പക്ഷേ മുംബൈ ഇന്ത്യൻസിനെതിരെ ധോണിക്കും പിഴവു സംഭവിച്ചു. മുംബൈ ബാറ്റിങ്ങിനിടെ ഓപ്പണർ റയാൻ റിക്കിൾട്ടനെ പുറത്താക്കാനുള്ള അവസരമാണ് ചെന്നൈ സൂപ്പർ കിങ്സ് പാഴാക്കിയത്. ആദ്യ ഓവറിൽ ഖലീൽ അഹമ്മദിന്റെ അഞ്ചാം പന്തിലായിരുന്നു സംഭവം.
പന്ത് റിക്കിൾട്ടന്റെ പാഡിൽ തട്ടിയപ്പോൾ ചെന്നൈ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തിരുന്നു. എന്നാൽ അംപയർ ഔട്ട് അനുവദിച്ചില്ല. പന്തു ലക്ഷ്യം തെറ്റുമെന്നു കരുതി ധോണി ഡിആർഎസിനും പോയില്ല. എന്നാൽ റീപ്ലേകളിൽ പന്തു ലെഗ് സ്റ്റംപിൽ പതിക്കുമെന്നു വ്യക്തമായി. ലഭിക്കുമായിരുന്ന ഒരു വിക്കറ്റ് നഷ്ടമായതിൽ ധോണിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി.
‘‘ധോണി റിവ്യൂ സിസ്റ്റവും പരാജയപ്പെടുകയാണ്. പന്ത് ലെഗ് സ്റ്റംപിൽ തട്ടുമായിരുന്നു. എന്നാൽ അദ്ദേഹം ഡിആർഎസിനു പോയില്ല.’’– ആകാശ് ചോപ്ര പ്രതികരിച്ചു. സീസൺ മോശമാകുമ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റിപ്പോകുമെന്നു അംബാട്ടി റായുഡുവും വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒൻപതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി.
45 പന്തുകൾ നേരിട്ട രോഹിത് ശര്‍മ 76 റൺസുമായി പുറത്താകാതെനിന്നു. ആറു സിക്സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. 30 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവും തിളങ്ങി. 24 റൺസടിച്ച ഓപ്പണർ റയാൻ റിക്കിൾട്ടൻ മാത്രമാണ് പുറത്തായത്. രോഹിത്തും സൂര്യയും കൈകോർത്തതോടെ 26 പന്തുകൾ ബാക്കിനിൽക്കെയാണ് മുംബൈ വിജയമുറപ്പിച്ചത്. സീസണിലെ നാലാം ജയം സ്വന്തമാക്കിയ മുംബൈ എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ്. ആറാം തോൽവി വഴങ്ങിയ ചെന്നൈ പത്താം സ്ഥാനത്തും തുടരുന്നു. മുംബൈയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.
English Summary:








English (US) ·