Published: May 06 , 2025 12:01 PM IST Updated: May 06, 2025 12:15 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് വഴങ്ങിയെങ്കിലും, ‘ഭാവി മുന്നിൽക്കണ്ടുള്ള’ നീക്കങ്ങൾ സജീവമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ഇതിന്റെ ഭാഗമായി ആഭ്യന്തര ക്രിക്കറ്റിൽ 28 പന്തിൽനിന്ന് സെഞ്ചറി നേടി റെക്കോർഡിട്ട ഗുജറാത്തിൽ നിന്നുള്ള യുവതാരത്തെ ചെന്നൈ സ്വന്തമാക്കി. ഗുജറാത്ത് ടീമിന്റെ വിക്കറ്റ് കീപ്പറായ ഉർവിൽ പട്ടേലാണ് ചെന്നൈയുടെ ഭാഗമായത്. പരുക്കേറ്റ് പുറത്തായ വംശ് ബേദിക്കു പകരമാണ് ഉർവിൽ പട്ടേലിന്റെ വരവ്.
വിക്കറ്റ് കീപ്പർ ബാറ്ററായ വംശ് ബേദിയെ ഐപിഎൽ താരലേലത്തിൽ 55 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഈ സീസണിൽ ഒരു മത്സരത്തിൽപ്പോലും ബേദിക്ക് അവസരം ലഭിച്ചിരുന്നില്ല. പരിശീലനത്തിനിടെ ഇടതുകാലിന്റെ ലിഗ്‌മെന്റിനു പരുക്കേറ്റതോടെയാണ് ബേദിക്ക് സീസൺ നഷ്ടമായത്.
അതേസമയം, ഐപിഎൽ താരലേലത്തിനു റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഉർവിൽ പട്ടേലിനെ ആരും വാങ്ങിയിരുന്നില്ല. താരലേലത്തിൽ റജിസ്റ്റർ ചെയ്ത അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ഉർവിൽ പട്ടേൽ ചെന്നൈയിലെത്തുന്നത്.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മിന്നുന്ന ഫോമിലായിരുന്ന പട്ടേൽ, ത്രിപുരയ്‌ക്കെതിരായ മത്സരത്തിലാണ് 28 പന്തിൽ സെഞ്ചറി നേടി റെക്കോർഡിട്ടത്. ഒരാഴ്ചയ്ക്കു ശേഷം ഉത്തരാഖണ്ഡിനെതിരെ 36 പന്തിൽ സെഞ്ചറി കുറിച്ചും ഉർവിൽ പട്ടേൽ വിസ്മയിപ്പിച്ചു. ഇതോടെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 40 പന്തിനുള്ളിൽ രണ്ട് സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും പട്ടേൽ സ്വന്തമാക്കിയിരുന്നു.
ഇതോടെ, ഈ സീസണിൽ പരുക്കേറ്റ താരങ്ങൾക്കു പകരം ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ച യുവതാരങ്ങളുടെ എണ്ണം മൂന്നായി. ഗുർജാപ്നീത് സിങ് പരുക്കേറ്റ് പുറത്തായ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യുവതാരം ഡിയെവാൾഡ് ബ്രെവിസിനെ പകരക്കാരനായി എത്തിച്ച ചെന്നൈ, പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനു പകരം പതിനേഴുകാരൻ ആയുഷ് മാത്രെയെ സ്വന്തമാക്കി. ഇരുവരും ഈ സീസണിൽ ലഭിച്ച അവസരങ്ങളിൽ തകർപ്പൻ പ്രകടനവുമായി ചെന്നൈയുടെ ഭാവി താരങ്ങളെന്ന് പേരെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് അതിവേഗ സെഞ്ചറിയുടെ റെക്കോർഡുമായി ഉർവിൽ പട്ടേലും ചെന്നൈയിലേക്ക് എത്തുന്നത്.
English Summary:








English (US) ·