Published: March 29 , 2025 05:42 PM IST
1 minute Read
ചെന്നൈ∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ എം.എസ്. ധോണി ബാറ്റിങ് ക്രമത്തിൽ വൈകി ഇറങ്ങിയതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ചെന്നൈയ്ക്കു വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കുക ലക്ഷ്യമിട്ടു തന്നെ ധോണി കളിക്കണമെന്ന് ആകാശ് ചോപ്ര എക്സ് പ്ലാറ്റ്ഫോമിൽ ആവശ്യപ്പെട്ടു. ബെംഗളൂരുവിനെതിരായ നിര്‍ണായക മത്സരത്തിൽ ഒൻപതാം നമ്പരിലാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. ആര്‍. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കു ശേഷം ധോണി ബാറ്റിങ്ങിന് എത്തിയതിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.
‘‘എം.എസ്. ധോണി കളിക്കുന്നതും സിക്സുകൾ അടിക്കുന്നതും കാണാൻ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സ്വന്തം ടീം വിജയിക്കണമെന്നും ചെന്നൈ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകും. വൈകിയെത്തി ധോണി ഇങ്ങനെ കളിക്കുമ്പോൾ, ചെന്നൈയെ വിജയിപ്പിക്കാനായി ആവശ്യത്തിനു സമയമെടുത്ത് അദ്ദേഹം ബാറ്റിങ്ങിനിറങ്ങുമെന്നു പ്രതീക്ഷിക്കേണ്ടിവരും. ധോണിക്കു മുൻപ് അശ്വിൻ ഇറങ്ങുന്നതു സാമാന്യ യുക്തിക്കു നിരക്കുന്നതല്ല.’’– ആകാശ് ചോപ്ര എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ബെംഗളൂരുവിനെതിരെ അവസാന പന്തുകളിൽ തകർത്തടിച്ച ധോണി 16 പന്തുകളിൽ 30 റൺസെടുത്തു പുറത്താകാതെനിന്നു. എന്നാൽ ചെന്നൈ തോറ്റതോടെ ധോണിക്കെതിരെ വിമർശനം ശക്തമാകുകയായിരുന്നു. ധോണി ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ചെന്നൈയ്ക്ക് 28 പന്തിൽ ജയിക്കാൻ 98 റൺസ് കൂടി വേണമായിരുന്നു.
ധോണി നേരത്തേ എത്തിയിരുന്നെങ്കില്‍ വിജയ സാധ്യത മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ എട്ടിന് 146 റൺസെടുക്കാൻ മാത്രമാണ് ചെന്നൈയ്ക്കു സാധിച്ചത്. ബെംഗളൂരു 50 റൺസ് വിജയം മത്സരത്തിൽ സ്വന്തമാക്കി.
English Summary:








English (US) ·