Published: December 27, 2025 11:13 AM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനും എം.എസ്. ധോണിക്കുമൊപ്പം സഞ്ജു സാംസണും ചെന്നൈയ്ക്കു വേണ്ടി തന്ത്രങ്ങൾ മെനയും. 18 കോടി രൂപയ്ക്കാണ് ഐപിഎൽ മിനി ലേലത്തിനു മുൻപ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയത്. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്.
ജഡേജയ്ക്കു പുറമേ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനെയും ചെന്നൈ രാജസ്ഥാനു കൈമാറിയിരുന്നു. 2021 ഐപിഎലിൽ റോബിൻ ഉത്തപ്പയെ ടീമിലെത്തിച്ച ശേഷം, ചെന്നൈ പണം നൽകി ഒരു താരക്കൈമാറ്റം സാധ്യമാക്കുന്നതു സഞ്ജുവിന്റെ കാര്യത്തിലാണ്. അടുത്ത സീസണോടെ ഇതിഹാസ താരം എം.എസ്. ധോണി ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്നതിനാൽ വിക്കറ്റ് കീപ്പിങ്ങിനൊപ്പം ക്യാപ്റ്റൻസിയിലും സഞ്ജുവിൽ പ്രതീക്ഷവച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് മുന്നോട്ടുപോകുന്നത്.
ധോണിക്കും സഞ്ജുവിനും പുറമേ യുവതാരം ഉർവിൽ പട്ടേലും ചെന്നൈ സൂപ്പർ കിങ്സിൽ വിക്കറ്റ് കീപ്പറായുണ്ട്. അടുത്ത സീസണിലെ ചില മത്സരങ്ങളിലെങ്കിലും ധോണി ഇംപാക്ട് പ്ലേയറായി മാത്രം കളിക്കുമെന്നാണു പുറത്തുവരുന്ന സൂചനകൾ. അങ്ങനെയെങ്കിൽ സഞ്ജു സാംസണായിരിക്കും ഈ മത്സരങ്ങളിൽ ടീമിന്റെ വിക്കറ്റ് കീപ്പർ. ഉർവിൽ പട്ടേൽ സ്റ്റാൻഡ് ബൈ കീപ്പറായും തുടരും.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രധാന വിക്കറ്റ് കീപ്പറാണു സഞ്ജു സാംസൺ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായതോടെ സഞ്ജു അഭിഷേക് ശർമയ്ക്കൊപ്പം ലോകകപ്പിൽ ഓപ്പണറാകുമെന്ന കാര്യവും ഉറപ്പാണ്. ഇഷാൻ കിഷനാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ.
English Summary:








English (US) ·