ധോണിക്ക് ഇത്തരം പിഴവുകളൊന്നും സംഭവിക്കാറില്ല, ഇവരുടെ തല പ്രവർത്തിക്കുന്നില്ലേ? ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 12 , 2025 10:44 AM IST

1 minute Read

bravo-dhoni
ധോണിയും ബ്രാവോയും പരിശീലനത്തിനിടെ

ചെന്നൈ∙ സീസണിലെ അഞ്ചാം തോൽവി വഴങ്ങിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈയുടെ തന്ത്രങ്ങളടക്കം പിഴച്ചുപോയതായി തിവാരി ഒരു സ്പോർട്സ് മാധ്യമത്തിൽ തുറന്നടിച്ചു. ‘‘ചെന്നൈ സൂപ്പർ കിങ്സ് മോശം പ്രകടനം തുടരുകയാണ്. ഈ ടീമിലെ ചില കാര്യങ്ങൾ എനിക്കു മനസ്സിലാക്കാൻ പോലും കഴിയുന്നില്ല. പർപ്പിൾ ക്യാപ് വിന്നറായ നൂർ അഹമ്മദ് ടീമിലുണ്ട്. എന്നിട്ടും എപ്പോഴാണ് അദ്ദേഹം പന്തെറിയാനെത്തിയത്? എട്ടാം ഓവറിൽ‌.’’– ‌തിവാരി വ്യക്തമാക്കി.

‘‘നൂർ അഹമ്മദ് തുടക്കത്തിൽ തന്നെ സുനിൽ നരെയ്ന്റെ വിക്കറ്റു വീഴ്ത്തുകയും ചെയ്തു. എതിർ ടീമിലെ സ്പിന്നർമാർ നന്നായി പന്തെറിഞ്ഞിട്ടും, പർപ്പിൾ ക്യാപ് വിന്നർ കൂടെയുള്ളപ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹത്തെ നേരത്തേ ഇറക്കാതിരിക്കുന്നത്. സാധാരണയായി എം.എസ്. ധോണിക്ക് ഇത്തരം പിഴവുകളൊന്നും സംഭവിക്കാറില്ല. എന്തുകൊണ്ടാണ് ഈ പിഴവു സംഭവിച്ചതെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.’’

‘‘ക്ലബ്ബിലെ ചില കാര്യങ്ങൾ എനിക്കു മനസ്സിലാകുന്നതിനും അപ്പുറത്താണ്. അശ്വിന്റെ ബോളിങ്ങിലെ പിഴവുകളും എന്നെ അദ്ഭുതപ്പെടുത്തി. ഇത്രയും പരിചയ സമ്പത്തുള്ള താരങ്ങളും എം.എസ്. ധോണിയും ഉണ്ടായിട്ടും, ഇവരുടെ തല പ്രവർത്തിക്കുന്നത് നിർത്തിയോ?’’– തിവാരി ആഞ്ഞടിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. സാക്ഷാൽ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിലാണ് ചെന്നൈ സീസണിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 103 റൺസ്. മറുപടി ബാറ്റിങ്ങിൽ 9.5 ഓവറും എട്ടു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. 18 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം 44 റൺസെടുത്ത ഓപ്പണർ സുനിൽ നരെയ്നാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഡികോക്ക് 16 പന്തിൽ മൂന്നു സിക്സുകൾ സഹിതം 23 റൺസെടുത്തു. വിജയത്തോടെ കൊൽക്കത്ത ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി. ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ചെന്നൈ രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. ചെന്നൈയ്ക്ക് പിന്നിലുള്ളത് സൺറൈസേഴ്സ് ഹൈദരാബാദ് മാത്രം.

English Summary:

Manoj Tiwary slams MS Dhoni and CSK aft biggest nonaccomplishment successful IPL

Read Entire Article