Published: September 06, 2025 12:55 PM IST Updated: September 06, 2025 01:07 PM IST
1 minute Read
മുംബൈ∙ വിരാട് കോലിക്കും എം.എസ്. ധോണിക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്. വിരാട് കോലിയും ധോണിയും പിന്നിൽനിന്നു കുത്തുന്നവരാണെന്ന് യോഗ്‌രാജ് സിങ് ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യൻ ടീമിൽ സച്ചിൻ തെൻഡുൽക്കർ മാത്രമാണ് യുവരാജ് സിങ്ങിന്റെ വിശ്വസ്തനായ സുഹൃത്തെന്നും യോഗ്‍രാജ് സിങ് വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് യുവരാജിനെ ഭയമായിരുന്നെന്നും യുവരാജ് കാരണം സ്വന്തം സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടായിരുന്നെന്നും യോഗ്‍രാജ് അവകാശപ്പെട്ടു.
‘‘വിജയം, പണം,പ്രതാപം എന്നിവയ്ക്കിടയിൽ സൗഹൃദത്തിന് ഒരു സ്ഥാനവുമില്ല. അവിടെ എപ്പോഴും പിന്നിൽനിന്ന് കുത്തുന്നവരായിരിക്കും ഉണ്ടാകുക. ആളുകൾക്ക് നിങ്ങൾ തോൽക്കുന്നതു കാണാനാകും താൽപര്യം. ഇന്ത്യൻ താരങ്ങൾക്ക് യുവരാജ് സിങ്ങിനെ പേടിയായിരുന്നു. കാരണം യുവരാജ് കാരണം അവരുടെ സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. ദൈവത്തിന്റെ സഹായത്താൽ യുവരാജ് സിങ് വലിയൊരു താരമായി മാറി. എം.എസ്. ധോണി ഉൾപ്പടെ എല്ലാവർക്കും അവരുടെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമായിരുന്നു.’’– യോഗ്‍രാജ് സിങ് വ്യക്തമാക്കി.
ഇതാദ്യമായല്ല എം.എസ്. ധോണിക്കെതിരെ യോഗ്‍രാജ് സിങ് വിമർശനമുന്നയിക്കുന്നത്. മകന്റെ കരിയര്‍ നേരത്തേ അവസാനിക്കാൻ കാരണം ധോണിയാണെന്ന് യോഗ്‍രാജ് സിങ് പല തവണ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 402 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള യുവരാജ് സിങ്, 17 സെഞ്ചറികളുള്‍പ്പടെ 11,178 റൺസ് ആകെ നേടിയിട്ടുണ്ട്. 2002 ചാംപ്യൻസ് ട്രോഫി, 2007 ട്വന്റി20 ലോകകപ്പ്, 2011 ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളിൽ കളിച്ചിട്ടുണ്ട്.
English Summary:








English (US) ·