Published: August 09, 2025 09:08 AM IST
1 minute Read
-
ചെന്നൈ സൂപ്പർ കിങ്സിലേക്കു വന്നേക്കുമെന്ന് അഭ്യൂഹം
ജയ്പുർ ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെടിക്കെട്ട് തീർക്കാൻ സഞ്ജു സാംസൺ എത്തുമോ? ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു താൽപര്യമറിയിച്ചെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സഞ്ജു ചെന്നൈ ടീമിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായത്. എന്നാൽ, സഞ്ജു ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2026 ഐപിഎൽ ലേലത്തിന് മുൻപ് തന്നെ ടീമിൽനിന്ന് ‘റിലീസ്’ ചെയ്യണമെന്ന് സഞ്ജു രാജസ്ഥാൻ ടീമിനോട് ആവശ്യപ്പെട്ടതായി ‘ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ്’ റിപ്പോർട്ട് ചെയ്തത്.
മലയാളി താരത്തെ സ്വന്തമാക്കാൻ ചെന്നൈ ടീം ശ്രമിക്കുന്നതായും നേരത്തേ വാർത്തകളുണ്ടായിരുന്നു. 2021 മുതൽ രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജു 2022 സീസണിൽ ടീമിനെ ഫൈനലിലേക്കു നയിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിനിടെ പരുക്കേറ്റ സഞ്ജുവിന് 9 മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്.
∙ തീരുമാനം രാജസ്ഥാന്റേത്
ടീം വിടാൻ സഞ്ജു താൽപര്യം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം, രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റിന്റേതാണ്. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിനു മുൻപ് 18 കോടി രൂപയ്ക്കു സഞ്ജുവിനെ ടീമിൽ നിലനിർത്തിയ രാജസ്ഥാൻ റോയൽസിന്, താരവുമായി 2 വർഷത്തെ കരാർകൂടി ബാക്കിയുണ്ട്. 2026 സീസണിന് മുൻപ് ടീമിൽ നിലനിർത്തുന്ന താരങ്ങളെ നിശ്ചയിക്കാൻ ഐപിഎൽ ടീമുകൾക്കു 2 മാസം കൂടി സമയം ബാക്കിയുണ്ട്.
∙ നോട്ടമിട്ട് ചെന്നൈ
ദക്ഷിണേന്ത്യക്കാരനായ ഒരു ക്യാപ്റ്റനെത്തേടുന്ന ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ സീസൺ മുതൽ സഞ്ജുവിനായി വലയെറിയുന്നതായാണ് റിപ്പോർട്ടുകൾ. ചെന്നൈ ടീം പ്രതിനിധികൾ സഞ്ജുവുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സഞ്ജുവിനെ നോട്ടമിടുന്ന മറ്റൊരു ഐപിഎൽ ടീം.
∙ ചെന്നൈ വിടാൻ അശ്വിൻ
അതിനിടെ, സീനിയർ സ്പിന്നർ ആർ.അശ്വിൻ ചെന്നൈ ടീം വിടാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ. അടുത്ത സീസണിന് മുൻപ് തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് അശ്വിൻ ചെന്നൈ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച മുപ്പത്തെട്ടുകാരനായ അശ്വിനെ കഴിഞ്ഞവർഷത്തെ ലേലത്തിൽ 9.75 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്.
English Summary:








English (US) ·