Published: November 15, 2025 08:38 PM IST Updated: November 15, 2025 08:57 PM IST
1 minute Read
ചെന്നൈ ∙ ഐപിഎൽ താരലേലത്തിനു മുൻപേ ടീമിൽ നിലനിർത്തിയവരുടെയും വിട്ടുകളഞ്ഞവരുടെയും പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഋതുരാജ് ഗെയ്‌ക്‌വാദാകും അടുത്ത സീസണിൽ ചെന്നൈയെ നയിക്കുക. 2024ൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഗെയ്‌ക്‌വാദ്, കഴിഞ്ഞ സീസണിന്റെ പാതിക്കാലത്തു പരുക്കിനെ തുടർന്ന് ക്യാപ്റ്റൻസി വീണ്ടും എം.എസ്.ധോണിക്കു കൈമാറിയിരുന്നു.
സഞ്ജു സാംസണിന്റെ വരവോടെ ക്യാപ്റ്റനാരാകുമെന്ന ആകാംക്ഷ ആരാധകർക്കിടയിലുണ്ടായിരുന്നു. ആ സസ്പെൻസാണ് ചെന്നൈ തുടക്കത്തിൽ തന്നെ ‘പൊളിച്ചത്’. 2022 സീസണിലാണ് ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്. പിന്നാലെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് സീസണിന്റെ ഇടയ്ക്കു വച്ച് ക്യാപ്റ്റൻ സ്ഥാനം ധോണിക്കു തിരികെ നൽകേണ്ടി വന്നു. തുടർന്ന് 2023ലും ടീമിനെ നയിച്ച ധോണി, ചെന്നൈയ്ക്ക് അഞ്ചാം കിരീടവും നേടിക്കൊടുത്തു.
തുടർന്നാണ് 2024ൽ യുവതാരം ഗെയ്ക്‌വാദ് ചെന്നൈ ക്യാപ്റ്റനാകുന്നത്. എന്നാൽ അഞ്ചാം സ്ഥാനത്ത് ഫിനീഷ് ചെയ്ത ചെന്നൈയ്ക്കു പ്ലേഓഫിൽ കടക്കാനായില്ല. കഴിഞ്ഞ തവണ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ഗെയ്‌ക്‌വാദ് ചെന്നൈയെ നയിച്ചത്. അതിൽ നാല് മത്സരങ്ങളിലും തോൽക്കുകയും ചെയ്തു. പിന്നീട് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തെങ്കിലും മുന്നേറാൻ ടീമിനായില്ല. സീസണിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ ഫിനീഷ് ചെയ്തത്.
തുടർച്ചയായി രണ്ടു സീസണിൽ പ്ലേ ഓഫ് കാണാതെ വന്നതോടെ ഇത്തവണ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ചെന്നൈ ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് സഞ്ജു സാംസണിനെ ടീമിലെത്തിച്ചത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ വിട്ടുകൊടുക്കുകയും ചെയ്തു. ആകെ പത്തു താരങ്ങളെയാണ് ചെന്നൈ റിലീസ് ചെയ്തത്. ചെന്നൈയിലേക്കു വരുമ്പോൾ സഞ്ജുവിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ധോണി പകരക്കാരനായി വിക്കറ്റ് കീപ്പർ സ്ഥാനം ലഭിക്കുമോ എന്നതിലാണ് ഇനി ആകാംക്ഷ.
English Summary:








English (US) ·