Published: March 31 , 2025 11:30 AM IST
1 minute Read
ചെന്നൈ∙ രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ മഹേന്ദ്രസിങ് ധോണിയെ പുറത്താക്കാൻ ഷിമ്രോൺ ഹെറ്റ്മെയറെടുത്ത ക്യാച്ച് കണ്ട് മുഷ്ടി ചുരുട്ടുന്ന ചെന്നൈ ആരാധികയുടെ പ്രതികരണം വൈറൽ. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ് ആവശ്യമുള്ളപ്പോഴാണ് ധോണിയെ ഷിമ്രോൺ ഹെറ്റ്‌മെയർ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്. ഇതുകണ്ട് ഞെട്ടലോടെ മുഷ്ടി ചുരുട്ടുന്ന ചെന്നൈ സൂപ്പർ കിങ്സ് ആരാധികയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 20 റൺസാണ്. ബോൾ ചെയ്യാനെത്തിയത് രാജസ്ഥാന്റെ വെറ്ററൻ താരം സന്ദീപ് ശർമ. ക്രീസിൽ മഹേന്ദ്രസിങ് ധോണിയും. ഐപിഎലിൽ അവസാന ഓവറിൽ ഇതിലും വലിയ മഹേന്ദ്രജാലങ്ങൾ സമ്മാനിച്ചിട്ടുള്ള ‘തല’ ഇത്തവണയും ടീമിന്റെ രക്ഷകനാകുമെന്ന ചെന്നൈ ആരാധകരുടെ പ്രതീക്ഷകൾ തകർത്ത്, ആദ്യ പന്തിൽത്തന്നെ ധോണി പുറത്താവുകയായിരുന്നു. ഡീപ് മിഡ്‌വിക്കറ്റിൽനിന്ന് ഓടിയെത്തി അവിശ്വസനീയമായ രീതിയിലാണ് ഹെറ്റ്‌മെയർ പന്ത് കയ്യിലൊതുക്കിയത്. ഇതുകണ്ട് അന്തിച്ചുനിൽക്കുന്ന ആരാധികയാണ് ദൃശ്യങ്ങളിലുള്ളത്.
∙ ചെന്നൈ തോറ്റു, വീണ്ടും!
നേരത്തെ, രാജസ്ഥാൻ മരുഭൂമിയിലേക്ക് ഇനിയാരും വിമർശനത്തിന്റെ മണൽ കയറ്റി വിടേണ്ടെന്ന പ്രഖ്യാപനത്തോടെയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം രാജസ്ഥാൻ റോയൽസ് 6 റൺസിനു ജയിച്ചത്. സീസണിലെ ആദ്യ 2 മത്സരങ്ങൾ തോറ്റ രാജസ്ഥാന്റെ ആദ്യ വിജയമാണിത്. 36 പന്തിൽ 81 റൺസ് നേടി രാജസ്ഥാനു മിന്നും തുടക്കം നൽകിയ നിതീഷ് റാണയാണു പ്ലെയർ ഓഫ് ദ് മാച്ച്.
ആദ്യ ഓവറിൽത്തന്നെ ചെന്നൈയുടെ സ്റ്റാർ ബാറ്റർ രചിൻ രവീന്ദ്രയെ പുറത്താക്കിയ രാജസ്ഥാൻ പേസർ ജോഫ്ര ആർച്ചറും രാഹുൽ ത്രിപാഠി, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, വിജയ് ശങ്കർ എന്നീ മുൻനിരക്കാരെ വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് രാജസ്ഥാന്റെ വിജയം സാധ്യമാക്കിയ മറ്റുളളവർ. ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും ഹെറ്റ്മിയറിന്റെയും ക്യാച്ചുകളും നിർണായകമായി. അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ 20 റൺസ് മതിയായിരുന്നെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള വഴിയടച്ച ബോളർ സന്ദീപ് ശർമ ഗുവാഹത്തയിലെ ഹോം ഗ്രൗണ്ടിൽ രാജസ്ഥാന്റെ സീസണിലെ ആദ്യ വിജയം ആഘോഷിക്കാൻ വകയൊരുക്കി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ആദ്യ പന്തിൽ തന്നെ ബൗണ്ടറി സമ്മാനിച്ച യശസ്വി ജയ്സ്വാൾ (3 പന്തിൽ 4) പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന സൂചന നൽകിയെങ്കിലും മൂന്നാം പന്തിൽ ജയ്സ്വാളിനെ ആർ.അശ്വിന്റെ കൈകളിൽ എത്തിച്ച ഖലീൽ അഹമ്മദ് ചെന്നൈ ആരാധകരെ ആവേശത്തിലാക്കി. എങ്കിലും മൂന്നാമനായി എത്തിയ നിതീഷ് റാണ ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ കളി കൈക്കലാക്കി.
English Summary:








English (US) ·