Published: April 19 , 2025 11:28 AM IST
1 minute Read
ചെന്നൈ∙ യുട്യൂബ് ചാനലിലെ ചര്‍ച്ചയ്ക്കിടെ എം.എസ്. ധോണിയെക്കുറിച്ചു സംസാരിച്ച പാനലിസ്റ്റിനെ തടഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം ആര്‍. അശ്വിൻ. യുട്യൂബ് ചാനലിലെ ചർച്ചയിൽ ഫിറ്റ്നസ് ട്രെയിനർ രാജാമണി പ്രഭുവിനോടാണ് ധോണിയെക്കുറിച്ചും ചെന്നൈയെക്കുറിച്ചും സംസാരിക്കരുതെന്ന് അശ്വിൻ ആവശ്യപ്പെട്ടത്. ചെന്നൈ സൂപ്പർ കിങ്സിനെ യുട്യൂബ് ചർച്ചയിൽ വിമർശിച്ചതിന് അശ്വിന് ടീം മാനേജ്മെന്റ് മുന്നറിയിപ്പു നൽകിയിരുന്നു.
അശ്വിനെ പുകഴ്ത്തിക്കൊണ്ടാണ് രാജാമണി പ്രഭു ചർച്ചയിൽ സംസാരിച്ചത്. ‘‘തമിഴ്നാട് പ്രീമിയർ ലീഗിൽ അശ്വിൻ നയിച്ച ടീം വിജയിച്ചു. നേതൃത്വം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജു സാംസൺ, ശ്രേയസ് അയ്യര്‍, എം.എസ്. ധോണി പോലെയുള്ളവർ. ധോണി അവസാന മത്സരത്തിൽ എങ്ങനെയാണ് കളിച്ചത് എന്നു നമ്മൾ കണ്ടു.’’– രാജാമണി ഇത്രയും പറഞ്ഞപ്പോൾ അശ്വിൻ വിഷയത്തിൽ ഇടപെട്ടു.
അത് ഇവിടെ പറയേണ്ട കാര്യമില്ല എന്നായിരുന്നു അശ്വിന്റെ പ്രതികരണം. എന്നാൽ അശ്വിന്‍ മാത്രം പറയാതിരുന്നാൽ മതിയെന്നും തനിക്കു വിലക്കില്ലെന്നും രാജാമണി തിരിച്ചടിച്ചു. നമ്മള്‍ ഏതു ടീമിലാണോ, അതിനെക്കുറിച്ചു ചർച്ച വേണ്ടെന്ന് അശ്വിൻ വീണ്ടും വ്യക്തമാക്കുകയും ചെയ്തു. തമാശയായി ഇരുവരും തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങൾ ഇനിമുതൽ തന്റെ യുട്യൂബ് ചാനലിൽ കൈകാര്യം ചെയ്യില്ലെന്ന വിവരം അശ്വിൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈയുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട അവലോകനങ്ങളും വിലയിരുത്തലുകളും വിവാദമായി മാറിയ സാഹചര്യത്തിലായിരുന്നു തീരുമാനം. അശ്വിന്റെ പേരിലുള്ള യുട്യൂബ് ചാനലിൽ, അശ്വിനെ തഴഞ്ഞിതിനെതിരെ വിമർശനം വന്നതാണു കൂടുതൽ വിവാദമായത്. ഇതിനെതിരെ ആരാധകരിൽ ചിലരും രംഗത്തെത്തി.
English Summary:








English (US) ·