ധോനി പുറത്താക്കി, പിന്നീട് ടീമിലെടുത്തില്ല, 2011 ലോകകപ്പിനു മുമ്പേ വിരമിച്ചേനേ, ഇടപെട്ടത് സച്ചിൻ

5 months ago 7

15 August 2025, 10:54 AM IST

sehwag-dhoni-retirement-2011-world-cup

Photo: Getty Images

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് തന്റെ കരിയറിന്റെ പല ഘട്ടങ്ങളിലും അന്ന് ടീം ക്യാപ്റ്റനായിരുന്ന എം.എസ് ധോനിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതും വിരമിക്കന്‍ പ്രേരിപ്പിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലപ്പോഴായി സെവാഗ് പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ധോനി കാരണം 2011 ലോകകപ്പിനു മുമ്പുതന്നെ താന്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇടപെടലാണ് അത് ഒഴിവാക്കിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. പദംജീത് സെഹ്റാവത്തിന്റെ പോഡ്കാസ്റ്റിലായിരുന്നു സെവാഗിന്റെ വെളിപ്പെടുത്തല്‍.

2011 ലോകകപ്പിനു മുമ്പ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് സെവാഗ് പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ നടന്ന 2007-08 കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസിനിടെയായിരുന്നു സംഭവം. ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ കളിച്ച സെവാഗിന് 16.20 ശരാശരിയില്‍ 81 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. പിന്നീട് അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ധോനി സെവാഗിനെ ഒഴിവാക്കി. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരവും ഓസീസിനെതിരായ രണ്ട് ഫൈനലുകളുമായിരുന്നു ഇത്. പിന്നീട് ആറു മാസത്തിനു ശേഷം കിറ്റ്‌പ്ലൈ കപ്പിലായിരുന്നു സെവാഗിന്റെ തിരിച്ചുവരവ്. അന്ന് മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 150 റണ്‍സെടുത്ത സെവാഗ് ഫോമിലേക്ക് തിരിച്ചെത്തി.

''2007-08 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍, ഞാന്‍ ആദ്യത്തെ മൂന്ന് (അഞ്ച്) മത്സരങ്ങള്‍ കളിച്ചു, തുടര്‍ന്ന് എം.എസ്. ധോനി എന്നെ ടീമില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം കുറച്ചു കാലത്തേക്ക് എന്നെ ടീമിലേക്ക് തിരഞ്ഞെടുത്തില്ല. പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ കഴിയുന്നില്ലെങ്കില്‍, ഞാന്‍ ഏകദിന ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ഥമില്ലെന്ന് എനിക്ക് തോന്നി. ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഞാന്‍ സച്ചിന്റെ അടുത്ത് ചെന്ന് പറഞ്ഞു. അരുതെന്ന് അദ്ദേഹം പറഞ്ഞു. 1999-2000 കാലഘട്ടത്തില്‍ താനും സമാനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് വിടണമെന്ന് തനിക്കും അന്ന് തോന്നിയിരുന്നു. പക്ഷേ ആ ഘട്ടം കടന്നുപോയി. നിങ്ങള്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്, അത് കടന്നുപോകും. വികാരഭരിതനാകുമ്പോള്‍ ഒരു തീരുമാനവും എടുക്കരുത്. കുറച്ച് സമയമെടുക്കുക, ഒന്നോ രണ്ടോ പരമ്പരകളില്‍ ശ്രമിച്ചുനോക്കുക, എന്നിട്ട് ഒരു തീരുമാനമെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു. ആ പരമ്പര അവസാനിച്ചപ്പോള്‍, ഞാന്‍ അടുത്ത പരമ്പരയില്‍ കളിച്ചു, ധാരാളം റണ്‍സ് നേടി. 2011 ലോകകപ്പ് കളിച്ചു, ഞങ്ങള്‍ ലോകകപ്പും നേടി.'' - സെവാഗ് വ്യക്തമാക്കി.

Content Highlights: Virender Sehwag reveals helium considered retiring from ODIs earlier the 2011 World Cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article