20 May 2025, 08:56 PM IST

ഋഷഭ് പന്തും രോഹിത് ശർമയും | AP
മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ പുതിയ നായകന്റെ കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക. മെയ് ഏഴിനാണ് റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി രോഹിത് പ്രഖ്യാപിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനായിരുന്നു തീരുമാനം. അതേസമയം മുന്‍നായകന്‍ എംഎസ് ധോനിയെപ്പോലെ പര്യടനത്തിന്റെ ഇടയില്‍വെച്ച് വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ ഓസീസിനെതിരായ പരമ്പരയ്ക്കിടെയാണ് ധോനി വിരമിക്കുന്നത്. ആ പാത പിന്തുടരാനാണ് രോഹിത്തും ശ്രമിച്ചത്.
എന്നാല്‍ സെലക്ടര്‍മാര്‍ ഇതിനോട് യോജിച്ചിരുന്നില്ലെന്നും സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ നായകനെ മാറ്റുന്നതിനോട് ബിസിസിഐക്ക് താത്പര്യമുണ്ടായിരുന്നില്ല. നായകനല്ലാതെ കളിക്കാരനായി പര്യടനത്തിന്റെ ഭാഗമാകാമെന്ന് ബിസിസിഐ രോഹിത്തിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയ രോഹിത് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലോ ഋഷഭ് പന്തോ ടെസ്റ്റ് ടീമിനെ നയിച്ചേക്കുമെന്നും വിവരമുണ്ട്. ജസ്പ്രീത് ബുംറ നായകസ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരത്തിലും ബുംറ കളിക്കാന്‍ സാധ്യത കുറവാണെന്നുമാണ് സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട്.
വിരാട് കോലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത്തെത്തുന്നത്. പിന്നാലെ രോഹിത്തിന്റെ നായകത്വത്തില്‍ ഇന്ത്യ 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്ഥാനം തുലാസിലാക്കി.
Content Highlights: rohit status plans bcci rejects report








English (US) ·