31 August 2025, 12:20 PM IST

2011 ലോകകപ്പ് ഫൈനലിനിടെ ഗംഭീറും ധോനിയും | Image Courtesy: AFP
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററാക്കാന്‍ ബിസിസിഐയുടെ ശ്രമം. 2026 ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ധോനിയെ ടീമിന്റെ ഭാഗമാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നതെന്നാണ് വിവരം. അതേസമയം സീനിയര്‍ ടീമില്‍ മാത്രമല്ല, ജൂനിയര്‍, വനിതാ ക്രിക്കറ്റ് ടീമിലും മുന്‍ നായകന്റെ സേവനം പ്രയോജനപ്പെടുത്തുക ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ബിസിസിഐയുടെ ഓഫര്‍ ധോനി ഇതുവരെ സ്വീകരിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചുമതലകളുള്ളതും ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിന്റെ സാന്നിധ്യവും ധോനിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചെന്നൈക്കായി താരം അടുത്ത സീസണില്‍ കളിക്കുമോ എന്നുറപ്പില്ല. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാല്‍ താരത്തിന്റെ സേവനം ഇന്ത്യന്‍ ടീമിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതല വഹിക്കുകയാണ്. ടീമിന്റെ മെന്ററായി എത്തിയാല്‍ അത് ഏതെങ്കിലും തരത്തില്‍ തര്‍ക്കങ്ങളിലേക്ക് വഴിവെക്കുമോയെന്ന ആശങ്കയും മുന്‍ ഇന്ത്യന്‍ നായകന് മുന്നിലുണ്ട്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ കിരീടം നേടിയ നായകനാണ് ധോനി. മൂന്ന് ഐസിസി കിരീടങ്ങളാണ് നായകനായി ധോനി സ്വന്തമാക്കിയത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ ധോനി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് അദ്ദേഹം. യുവതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള വൈഭവവും എടുത്തുപറയേണ്ടതാണ്. ഇതെല്ലാം പരിഗണിച്ചാണ് ക്രിക്കറ്റ് ബോര്‍ഡ് മെന്റര്‍ റോളില്‍ ധോനിയെ പരിഗണിക്കുന്നത്.
അതേസമയം ചെന്നൈ ധോനിക്ക് പകരക്കാരനായി സഞ്ജു സാംസണെ ലക്ഷ്യമിടുന്നുണ്ട്. ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.
Content Highlights: MS Dhoni Offered Team India Mentor Role By BCCI








English (US) ·