കൊച്ചി ∙ 31–ാം ജന്മദിനം നാട്ടിലാഘോഷിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ താരം, നിലവിൽ കൊച്ചിയിലാണ്. ജന്മദിനത്തിലെ ‘സന്തോഷങ്ങൾ’ സഞ്ജു, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. പുലർച്ചെ അഞ്ചരയ്ക്ക് ഒരു മണിക്കൂർ നടന്ന് ജിമ്മിലെത്തിയതും വർക്കൗട്ട് ചെയ്യുന്നതും തിരിച്ച് ഓട്ടോറിക്ഷയിൽ മടങ്ങിയതുമെല്ലാം സ്റ്റോറിയിൽ സഞ്ജു പങ്കുവച്ചിട്ടുണ്ട്. ഭാര്യ ചാരുലതയുടെ സമ്മാനങ്ങളും മറ്റു പ്രിയപ്പെട്ടവരുടെയും ഇന്ത്യൻ ടീമിന്റെയുമടക്കം ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സഞ്ജു റീഷെയർ ചെയ്തിട്ടുമുണ്ട്.
ഐപിഎല്‍ താര കൈമാറ്റ ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സഞ്ജുവിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായാണ് സഞ്ജു ടീമിലേക്ക് എത്തുന്നത്. കൈമാറ്റത്തിനായി മൂന്നു താരങ്ങളും സമ്മതപത്രം നൽകിയതായാണ് റിപ്പോർട്ട്. സങ്കേതികനടപടികൾ പൂർത്തിയായാൽ 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപനമുണ്ടാകും.
നിലവിൽ ഇന്ത്യൻ ടീം അംഗമായ ഏക മലയാളിയാണ് സഞ്ജു സാംസൺ. വിഴിഞ്ഞം മുല്ലൂർക്കോണം ലിജി ഹട്ടിൽ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനായി 1994 നവംബർ 11നാണ് ജനനം. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയർ തുടങ്ങിയത് തിരുവനന്തപുരത്തു നിന്നാണ്. 13–ാം വയസ്സിൽ കേരള അണ്ടർ 16 ടീമിലെത്തി. 20ാം വയസ്സിൽ കേരള രഞ്ജി ടീം ക്യാപ്റ്റൻ. പിന്നീട് ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിന്റെ മികവിലാണ് രാജസ്ഥാൻ ഒരു തവണ ഫൈനലിലും പ്ലേഓഫിലുമെത്തിയത്.
∙ അകത്തും പുറത്തുംസഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് ആദ്യക്ഷണം ലഭിച്ചത് 2015ലാണ്. 20–ാം വയസിൽ സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ. ഐപിഎലിലെയും ആഭ്യന്തര ടൂർണമെന്റുകളിലെയും മികച്ച പ്രകടനമാണ് അതിനു വഴിയൊരുക്കിയത്. എന്നാൽ, പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചത് ഒരു കളിയിൽ മാത്രം. മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും പിന്നീടു നീണ്ട കാത്തിരിപ്പ്. മികച്ച പ്രകടനവുമായി തിളങ്ങുമ്പോഴെല്ലാം ക്രിക്കറ്റ് നിരീക്ഷകർ സഞ്ജുവിനു വേണ്ടി വാദിച്ചെങ്കിലും ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ മുന്നിൽക്കയറിപ്പോയി.
അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം 2019ൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് സഞ്ജു വീണ്ടും ടീമിലെത്തുന്നത്. പക്ഷേ, എല്ലാ കളിയിലും പുറത്തിരിക്കേണ്ടിവന്നു. പിന്നീട് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ തിരുവനന്തപുരത്തെ കളിയിൽ ഉൾപ്പെടെ റിസർവ് ബെഞ്ചിൽ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ശിഖർ ധവാനു പരുക്കേറ്റതോടെ വീണ്ടും ടീമിൽ. കളിക്കാൻ അവസരം ലഭിച്ചത് ഒരേയൊരു കളിയിൽ. ആദ്യപന്ത് സിക്സറടിച്ചപ്പോൾ ക്യാപ്റ്റൻ വിരാട് കോലി വരെ എഴുന്നേറ്റുനിന്നു കയ്യടിച്ചു. എന്നാൽ, ആ തുടക്കം സഞ്ജുവിനു മുതലാക്കാനായില്ല.
ന്യൂസീലൻഡിനെതിരെ ഇന്ത്യ എ ടീമിൽ തിളങ്ങിയതോടെ വീണ്ടും സീനിയർ ടീമിൽ. രണ്ടു കളികളിൽ അവസരം ലഭിച്ചെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാനായില്ല. അതിന്റെ നിരാശ തീർത്തത് ഫീൽഡിലാണ്. അതിർത്തിക്കപ്പുറത്തേക്കു പറന്ന് സഞ്ജു രക്ഷിച്ച സിക്സർ സമൂഹമാധ്യമങ്ങളിൽ തരംഗമായി. മുൻനിരയിൽ നിർഭയനായ കളിക്കാരനെന്ന് ക്യാപ്റ്റൻ കോലിയും സഞ്ജുവിനെ വിശേഷിപ്പിച്ചു.
∙ ട്വന്റി20യിൽ സ്ഥാനം ഉറപ്പിച്ചു, വീണ്ടും പുറത്ത്ഒരു ദശാബ്ദം നീണ്ട രാജ്യാന്തര കരിയറില്‍ ഇന്ത്യക്കായി 51 ട്വന്റി20 മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. 2024 ട്വന്റി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ലോകകപ്പിനു പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20യിൽ നിന്നു വിരമിച്ചതോടെയാണ് സഞ്ജു സാംസൺ ടീമിൽ സ്ഥാനം ഉറപ്പിക്കുന്നത്. പരിശീലകനായി ഗൗതം ഗംഭീറിന്റെ വരവും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പിന്തുണയും തുണച്ചു. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണര്‍ റോളിലെത്തിയ സഞ്ജു, ഒരു കലണ്ടര്‍ വര്‍ഷം മൂന്നു സെഞ്ചറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ബംഗ്ലദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ട്വന്റി20 പരമ്പകളിലായിരുന്നു സഞ്ജുവിന്‍റെ സെഞ്ചറികള്‍.
എന്നാൽ ഓപ്പണറായി സഞ്ജു സ്ഥാനമുറപ്പിച്ചെന്ന് കരുതിയപ്പോഴാണ് ഏഷ്യാ കപ്പിനു മുന്നോടിയായി ശുഭ്മാന്‍ ഗില്ലിനെ ട്വന്റി20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിക്കുന്നത്. ഇതോടെ ഓപ്പണർ സ്ഥാനം ഗില്ലിനു നൽകി, മധ്യനിരയിലേക്ക് മാറേണ്ടിവന്ന സഞ്ജു ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ തിലക് വര്‍മക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ചു. എന്നാൽ ഓസ്ട്രേിയയ്ക്കെതിരായ പരമ്പരയ്ക്കിടെ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. എങ്കിലും അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ
∙ സഞ്ജുവിന്റെ ആസ്തി
2018 ഡിസംബറിലാണ് സഞ്ജുവും ചാരുലതയും തമ്മിൽ വിവാഹിതരായത്. മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. 5 വർഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 2025ലെ കണക്കനുസരിച്ച്, സഞ്ജു സാംസണിന്റെ ആസ്തി ഏകദേശം 80-86 കോടി രൂപ (ഏകദേശം 10 മില്യൻ യുഎസ് ഡോളർ) ആണ്. ഐപിഎൽ കരാർ, ബിസിസിഐ കരാർ, ബ്രാൻഡ് എൻഡോഴ്‌സ്മെന്റുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയിൽനിന്നാണ് പ്രധാനമായും വരുമാനം. 2012ൽ, 18–ാം വയസ്സിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു ഐപിഎൽ കരിയർ ആരംഭിച്ചത്. 18 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കെകെആർ ടീമിലെത്തിച്ചത്. എന്നാൽ ആ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല.
അടുത്ത വർഷം രാജസ്ഥാൻ റോയൽസിൽ, 10 ലക്ഷം രൂപയ്ക്കാണ് താരം റോയൽസിന്റെ ഭാഗമായത്. എന്നാൽ തൊട്ടടുത്ത വർഷം സഞ്ജുവിന്റെ കരാർത്തുക നാല് കോടിയിലേക്കു കുതിച്ചു. 2018 മുതൽ 2021 വരെ എട്ടു കോടി വീതം ലഭിച്ചപ്പോൾ 2022 മുതൽ 2024 വരെ 14 കോടി വീതവവും 2025ൽ 18 കോടിയും ലഭിച്ചു. ഐപിഎൽ കരാറുകളിൽ നിന്ന് മാത്രം സഞ്ജുവിന് ഇതുവരെ ഏകദേശം 95 കോടി രൂപ ലഭിച്ചിട്ടുണ്ട്. ബിസിസിഐയുമായി ഗ്രേഡ് സി കരാറിലുള്ള സഞ്ജുവിന് പ്രതിവർഷം ഒരു കോടി രൂപ വീതം ലഭിക്കുന്നുണ്ട്. ഇതിനു പുറമെ ആഭ്യന്തര, രാജ്യാന്തര മത്സരങ്ങൾക്ക് മാച്ച് ഫീയുമുണ്ട്. പ്ലെയർ ഓഫ് മാച്ച് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചാൽ അതിനു പണം വേറെ.
ക്രിക്കറ്റിൽനിന്നു കൂടാതെ മറ്റു വരുമാനങ്ങളും താരത്തിനുണ്ട്. വിവിധ ബ്രാൻഡുകളുമായുള്ള സഹകരണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 6 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ്, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഭൂമി ഉൾപ്പെടെ നിരവധി സ്വത്തുക്കൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. 1.64 കോടി മുതൽ 1.84 കോടി രൂപ വരെ വിലമതിക്കുന്ന ഒരു റേഞ്ച് റോവർ സ്‌പോർട്, 52 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഒരു ബിഎംഡബ്ല്യു 5 സീരീസ്, ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഓഡി എ6 എന്നിവ ഉൾപ്പെടുന്ന ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്.
English Summary:








English (US) ·