രണ്ടു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് മെസഞ്ചറില്‍ അപ്രതീക്ഷിതമായി ഒരു സന്ദേശം: 'രവിയേട്ടാ, മെഹ്ഫില്‍ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ മാതൃക നിങ്ങളാണ്.'മെസേജയച്ചത് ബംഗളൂരുവിലെ യുവനടന്‍ ഷിബു നായര്‍.
അത്ഭുതം തോന്നി, അതിലേറെ ജിജ്ഞാസയും. സമപ്രായക്കാരായ മിക്ക കുട്ടികളെയും പോലെ തൊപ്പിയും കൂളിംഗ് ഗ്ലാസും വെച്ച് സിഐഡിയായി അഭിനയിക്കാനും ക്രൂരവില്ലന്മാരായ കെപി ഉമ്മറിനെയും ജോസ് പ്രകാശിനെയും ഗോവിന്ദന്‍കുട്ടിയെയുമൊക്കെ കുതിരപ്പുറമേറി പിന്തുടരാനും വെടിവച്ചു വീഴ്ത്താനും ഡിഷും ഡിഷും എന്ന് ഇടിച്ചു നിലംപരിശാക്കാനും മോഹിച്ചിരുന്നു പഠിക്കുന്ന കാലത്ത്. എന്നാല്‍ സിനിമയില്‍ ഒരു കഥാപാത്രമായി മാറുക എന്നത് അന്നുമിന്നും സ്വപ്നത്തില്‍ പോലുമില്ലാത്ത കാര്യം. അങ്ങനെയുള്ള ഞാനാണ്..
ഈശ്വരാ ഇത് പരമാര്‍ത്ഥമോ? അതോ ട്രോളോ ?
തീയതി ഏപ്രില്‍ ഒന്നല്ല എന്ന് ഉറപ്പുവരുത്തി ആദ്യം. പിന്നെ ഷിബുവിനോട് മെസഞ്ചറില്‍ തന്നെ ചോദിച്ചു: 'അതെങ്ങനെ? കഥാപാത്രമാകാന്‍ മാത്രം എന്ത് യോഗ്യത എനിക്ക്?'
ചുരുക്കം വാക്കുകളില്‍ ഷിബു കാര്യം പറഞ്ഞു: 'പടത്തിലേക്ക് ക്ഷണിക്കുമ്പോള്‍ സംവിധായകന്‍ ജയരാജേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു താങ്കളെ മനസ്സില്‍ കണ്ടുവേണം അഭിനയിക്കാന്‍ എന്ന്. സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേരില്‍ ചെറിയൊരു വ്യത്യാസമുണ്ടെന്ന് മാത്രം: രഘുമേനോന്‍..'
സംഗീത സൗഹൃദങ്ങളുടെ രാജകുമാരനായ മുല്ലശ്ശേരി രാജുവിന്റെ, കോഴിക്കോട്ടുകാരുടെ രാജുവേട്ടന്റെ ജീവിതകഥയാണ് ജയരാജ് സംവിധാനം ചെയ്യുന്ന മെഹ്ഫില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ പലരുമുണ്ടത്രേ സിനിമയില്‍. മുല്ലശ്ശേരി 'ദര്‍ബാറി'ലെ സ്ഥിരം കൂട്ടായ്മകളുടെ ഭാഗമെന്നെ നിലയ്ക്കാവണം എന്റെ സാന്നിധ്യം. സിനിമയിലെ രഘുവിന്റെ ദൗത്യവും അതുതന്നെ. ചെറിയൊരു വേഷമാണെങ്കിലും കഴിയുന്നത്ര ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് താനെന്ന് ഷിബു.
ബെംഗളൂരുവില്‍ വന്നാല്‍ വീട്ടില്‍ വരാതിരിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു ഷിബു. രസം തോന്നി. പോയി കണ്ടിട്ടുതന്നെ കാര്യം. കഥാപാത്രം നടനെ കാണാന്‍ ചെല്ലുകയാണല്ലോ. അതിലുമുണ്ടൊരു ത്രില്‍.
മെഹ്ഫിലിലെ 'രഘുമേനോനെ'യും കുടുംബത്തെയും നിറചിരിയോടെ സ്വീകരിച്ചു ഷിബു നായര്‍. നടന്റെയും കഥാപാത്രത്തിന്റെയും വ്യക്തിത്വങ്ങള്‍, അഭിരുചികള്‍ എവിടെയൊക്കെയോ പരസ്പരം ലയിച്ചു ചേരുന്നുണ്ടല്ലോ എന്ന് അത്ഭുതം കൊണ്ടു. 'മുല്ലശ്ശേരി രാജു എന്ന വ്യക്തിയെക്കുറിച്ചു കൂടുതല്‍ അറിയുന്നത് പടത്തിന്റെ ഷൂട്ടിംഗിനിടയിലാണ്. ഓരോ അറിവും അത്ഭുതമായിരുന്നു എനിക്ക്. ഇങ്ങനെയും ഒരാള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും...'ഷിബു.
നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ കലാകാരനാണ് ഷിബു. പതിനെട്ടു കൊല്ലത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് അഭിനയമോഹവുമായി നാട്ടില്‍ തിരിച്ചെത്തിയ ആള്‍. അമേരിക്കന്‍ വാസത്തിനിടെ എംടിയുടെ കഥ ആസ്പദമാക്കി സാന്‍ഫ്രാന്‍സിസ്‌കോയില്‍ അരങ്ങേറിയ സംക്രമപ്പക്ഷി എന്ന നാടകത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷമാണ് സിനിമയിലേക്കുള്ള കുടിയേറ്റം. ജയരാജ് സംവിധാനം ചെയ്ത അവള്‍, പ്രമദവനം, മെഹ്ഫില്‍, കാഥികന്‍, സ്വര്‍ഗം തുറക്കുന്ന സമയം (എം ടി ആന്തോളജി) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വേറെയും പടങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു.
'ദേവാസുര'ത്തിലൂടെ ഇതിഹാസതുല്യ പരിവേഷം നേടിയ മുല്ലശ്ശേരി രാജുവിന്റെ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുകയാണ് മെഹ്ഫില്‍ എന്ന ചിത്രത്തിലൂടെ ജയരാജ്. 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അനശ്വരനാക്കിയത് മോഹന്‍ലാലെങ്കില്‍ 'മെഹ്ഫിലി'ലെ രാജുവിന് ജീവന്‍ പകരുന്നത് മുകേഷ്. രാജുവിന്റെ ഭാര്യയ്ക്ക് ആശ ശരത്തും. സംഗീതമായിരിക്കും മെഹ്ഫിലിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകന്‍ ദീപാങ്കുരനുമാണ് ഗാനശില്‍പികള്‍. പടം ഓഗസ്റ്റ് എട്ടിന് തിയേറ്ററുകളില്‍ എത്തുന്നു.
Content Highlights: Actor Shibu Nair reveals Mehfil movie quality inspired by ravi menon
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·