നടന്‍ കൃഷ്ണ കുമാറിനെതിരേ തട്ടിക്കൊണ്ടുപോകലിന് കേസ്; പരാതിക്കാര്‍ മകളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍

7 months ago 6

diya krishna, krishna kumar

കൃഷ്ണകുമാറിനൊപ്പം ദിയ കൃഷ്ണ, ദിയ കൃഷ്ണ | photo: instagram/diya krishna

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ്.

സ്ഥാപനത്തിലെ യുപിഐ പേയ്‌മെന്റിനായി ഏര്‍പ്പെടുത്തിയ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടിയെന്ന് ആരോപിച്ച് മൂന്നു ജീവനക്കാര്‍ക്കെതിരേ കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു. 69 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണ കുമാറിന്റെ പരാതി. ഇതില്‍ മൂന്നുപേര്‍ക്കുമെതിരേ കേസെടുത്തു. മകളെ ഫോണില്‍ വിളിച്ചുഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസിലെ ഒന്നാംപ്രതിയായ ജീവനക്കാരിയുടെ ഭര്‍ത്താവിനെതിരേയും കേസെടുത്തിരുന്നു.

കവടിയാറിലാണ് ദിയയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ ജീവനക്കാരെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ജീവനക്കാര്‍ തെറ്റ് സമ്മതിച്ചു. കേസുകൊടുക്കാതിരിക്കാന്‍ പണം തിരികെ ആവശ്യപ്പെട്ടു. എട്ടുലക്ഷം രൂപ ജീവനക്കാര്‍ തിരിച്ചു നല്‍കി. ബാക്കി പണം ഉടന്‍ നല്‍കാമെന്നും പോലീസില്‍ പരാതിപ്പെടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ചര്‍ച്ചയ്ക്കുശേഷം തിരികെ പോയ ജീവനക്കാര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്തതിന് പിന്നാലെയാണ് വനിതാ ജീവനക്കാര്‍ കൃഷ്ണ കുമാറിനും ദിയയ്ക്കുമെതിരേ പരാതിയുമായി രംഗത്തെത്തിയത്. തട്ടിക്കൊണ്ടുപോയി, ബലം പ്രയോഗിച്ച് പണം കൈക്കലാക്കി എന്നീ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

നേരത്തെ, തന്റെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്നവര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ദിയ പരസ്യമായി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണിയായ തന്നെ ജീവനക്കാര്‍ പറ്റിച്ചുവെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രീമിയം കസ്റ്റമേഴ്‌സിനെ കേന്ദ്രീകരിച്ചായിരുന്നു ക്യൂആര്‍ കോഡില്‍ തിരിമറി കാണിച്ചുള്ള തട്ടിപ്പെന്നും അന്ന് ദിയ ആരോപിച്ചിരുന്നു.

Content Highlights: Actor & BJP person Krishna Kumar and girl Diya Krishna case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article