Published: September 15, 2025 06:56 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ ഉടലെടുത്ത ഹസ്തദാന വിവാദത്തിൽ നിലപാട് കടുപ്പിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിൽനിന്നു പുറത്താക്കിയില്ലെങ്കിൽ അടുത്ത മത്സരം ബഹിഷ്കരിക്കുമെന്നാണ് പിസിബിയുടെ വെല്ലുവിളി. യുഎഇക്കെതിരെ 17നാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയ്ക്ക് ഹസ്തദാനം നൽകാൻ തയാറായിരുന്നില്ല. മത്സരശേഷം മറ്റു താരങ്ങളും പാക്ക് താരങ്ങൾക്ക് കൈ കൊടുത്തില്ല. ഇതിനെതിരെയാണ് പിസിബിയുടെ പ്രതിഷേധം. സംഭവത്തിൽ ആദ്യം മാച്ച് റഫറിയായ ആൻഡി പൈക്രോഫ്റ്റിന് പിസിബി പരാതി നൽകിയിരുന്നു. ഇതിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് മാച്ച് റഫറിക്കെതിരെ ഐസിസിക്ക് പിസിബി പരാതി നൽകിയിരിക്കുന്നത്.
വിഷയത്തിൽ പൈക്രോഫ്റ്റ് ഏകപക്ഷീയമായി പെരുമാറിയെന്നാണ് പിസിബിയുടെ പരാതി. ചട്ടപ്രകാരം, മാച്ച് റഫറി എന്ന നിലയിൽ ഹസ്തദാനം നൽകേണ്ടതില്ലെന്ന് ക്യാപ്റ്റന്മാരോടു നിർദേശിക്കാൻ പൈക്രോഫ്റ്റിന് അധികാരമില്ലെന്ന് പിബിസി പറയുന്നു. പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 17ന് യുഎഇയ്‌ക്കെതിരായ അടുത്ത മത്സരം ബഹിഷ്‌കരിക്കുമെന്ന തരത്തിലാണ് പിസിബി നിലപാട്.
പാക്കിസ്ഥാൻ-യുഎഇ മത്സരത്തിനുള്ള മാച്ച് റഫറിയും പൈക്രോഫ്റ്റാണ്. ഇക്കാര്യവും ഐസിസിക്കുള്ള കത്തിൽ പിസിബി പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. പിസിബി ചെയർമാനായ മൊഹ്‌സിൻ നഖ്‌വി തന്നെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡന്റും. ഏഷ്യ കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് എസിസിയാണ്. ഐസിസിക്ക് ഇതിൽ കാര്യമായി പങ്കില്ല. മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഐസിസി ചെയർമാൻ.
അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് പിസിബി രാജ്യാന്തര ക്രിക്കറ്റ് ഡയറക്ടർ ഉസ്മാൻ വഹ്‌ലയെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരെ പരാതി നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. 2009 മുതൽ ഐസിസി എലൈറ്റ് പാനലിൽ അംഗമായിട്ടുള്ള ഏറ്റവും പരിചയസമ്പന്നനായ മാച്ച് റഫറിമാരിൽ ഒരാളാണ് സിംബാബ്‍വെ മുൻ ക്രിക്കറ്റ് താരമായ ആൻഡി പൈക്രോഫ്റ്റ്.
പൈക്രോഫ്റ്റിനെ നാമനിർദേശം ചെയ്യുന്നതിനൊപ്പം, ഏഷ്യാ കപ്പിനായി വെസ്റ്റ് ഇൻഡീസിന്റെ റിച്ചി റിച്ചാർഡ്‌സണിന്റെ പേരും എസിസിക്ക് ഐസിസി കൈമാറിയിരുന്നു. ഇവരെ കൂടാതെ ഐസിസിയുടെ എലൈറ്റ് പാനലിൽ നിലവിൽ മൂന്നു മാച്ച് റഫറിമാർ കൂടിയുണ്ട് - ഇന്ത്യയുടെ ജവഗൽ ശ്രീനാഥ്, ന്യൂസീലൻഡിന്റെ ജെഫ് ക്രോ, ശ്രീലങ്കയുടെ രഞ്ജൻ മഡുഗല്ലെ.
English Summary:








English (US) ·