
പ്രിയങ്ക, കുക്കു പരമേശ്വരൻ
മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗികാതിക്രമണങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ 2019-ല്‍ കുക്കു പരമേശ്വരനാണ് യോഗം വിളിച്ചതെന്നും നടിമാര്‍ തുറന്നുപറഞ്ഞ അനുഭവങ്ങൾ പകർത്തിയ ഹാര്‍ഡ്ഡിസ്‌ക് കാണാനില്ലെന്ന് പറഞ്ഞ് കുക്കുവിന് ഒഴിയാനാവില്ലെന്നും നടി പ്രിയങ്ക. വാര്‍ത്താസമ്മേളനം വിളിച്ചാണ് പ്രിയങ്ക 2019-ല്‍, ഹേമാ കമ്മറ്റി രൂപീകൃതമാവുന്നതിനു മുമ്പുനടന്ന നടിമാരുടെ യോഗത്തെക്കുറിച്ചും നിര്‍ണായക വെളിപ്പെടുത്തലുകളെക്കുറിച്ചും പറഞ്ഞത്. 'അമ്മ' തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരന്‍ ആദ്യം നേരിടുന്ന ആരോപണങ്ങള്‍ തീര്‍പ്പാക്കണമെന്നും പ്രിയങ്ക പറയയുന്നു. വളരെ ഗൗരവതരവും ഗുരുതരവുമായ വെളിപ്പെടുത്തലുകള്‍ റെക്കോഡ് ചെയ്ത ഹാര്‍ഡ് ഡിസ്‌ക് കൈകാര്യം ചെയ്തത് കുക്കുവാണെന്നും അതില്‍ നിന്നും ഒരു സംഭവം ഇപ്പോള്‍ ലീക്കായത് നടിമാരുടെ അഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്നും പ്രിയങ്ക പറഞ്ഞു.
'മീറ്റു പോലുള്ള സംഭവങ്ങള്‍ ഇനിയും കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് ശക്തമായി ഇതിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം എന്നാണ് കുക്കു പരമേശ്വരന്‍ അന്ന് ഫോണില്‍ വിളിച്ചു പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുമ്പോള്‍ ശക്തമായി പ്രതികരിക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍. പൊന്നമ്മ ബാബു വിളിച്ച് എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു നമ്മള്‍ എറണാകുളത്തുള്ളവരല്ലേ, നമുക്ക് പോകാം. അവിടെ ചെന്നപ്പോള്‍ അമ്മമാരായും ചേച്ചിമാരായും ഒക്കെ അഭിനയിക്കുന്ന സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ അവിടെയിരുന്നു സംസാരം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ക്യാമറ അവിടെയുള്ളത് ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ ഞാന്‍ ചോദിച്ചു. നമ്മള്‍ പറയാന്‍ പോകുന്നത് മീറ്റൂവിനെ കുറിച്ചാണ്. നമ്മുടെ മനസ്സിലുള്ള രഹസ്യങ്ങള്‍ വിശ്വസിച്ചുപറയുമ്പോള്‍ ഒരു ക്യാമറ അത് പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് സ്വാഭാവികമായിട്ടും എനിക്കു തോന്നി, അതു ഞാന്‍ ചോദിച്ചു. ഇത് വെച്ചിരിക്കുന്നത് ഒരു തെളിവിന് വേണ്ടിയിട്ടാണെന്ന് കുക്കു തന്നെയാണ് പറഞ്ഞത്. തെളിവിനാണെങ്കില്‍ ശരി എന്നു പറഞ്ഞു ഞാന്‍ തലയാട്ടി. പക്ഷേ അവിടെ വന്നപ്പോള്‍ ആദ്യം ചെയ്തത് ഞങ്ങളുടെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ മാറ്റിവെക്കണം എന്ന നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു. ഒരാളുടെ കൈയിലും ഫോണ്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശനനിര്‍ദ്ദേശം എല്ലാവരും അനുസരിച്ചു. നിങ്ങള്‍ പറയണം, നിങ്ങള്‍ പറയൂ, നമുക്കിതിന് ഒരു പരിഹാരം ഉണ്ടാക്കണം എന്ന് കുക്കു പറഞ്ഞുകൊണ്ടേയിരുന്നു. അമ്മ എന്ന സംഘടനയിലെ ഇത്രയും സ്ത്രീകള്‍ അവരുടെ അനുഭവം പറയുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഞങ്ങള്‍ അവരെ വിശ്വസിക്കും. വരുന്ന തലമുറയ്ക്ക് ഒരു പ്രശ്‌നവുമില്ലാതെ നല്ല രീതിയില്‍ സിനിമാരംഗം മുന്നോട്ടുപോകണം. അതുകൊണ്ട് എല്ലാവരും തുറന്നുപറച്ചിലിനോട് സഹകരിക്കാന്‍ തയ്യാറായി. കൂടെ ഉണ്ടായിരുന്ന ചേച്ചിമാരും അനിയത്തിമാരും അമ്മമാരും വ്യക്തമായി അവര്‍ക്കനുഭവപ്പെട്ട സംഭവങ്ങള്‍ തുറന്നു പറഞ്ഞു. എനിക്കും പൊന്നമ്മ ബാബുവും ഒന്നും പറയാനുണ്ടായിരുന്നില്ല. എനിക്ക് ഒരു ദുരനുഭവമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ എനിക്കറിയാം. അങ്ങനെ പെരുമാറിയ ആളുകളുടെ പടത്തില്‍ നിന്നും ഇറങ്ങിപ്പോന്ന സംഭവമുണ്ടായിട്ടുണ്ട്. അത് തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. കാരണം ആ പറഞ്ഞയാളുടെ ഭാര്യ ഒരു സ്ത്രീയാണ്, അമ്മ ഒരു സ്ത്രീയാണ്. അതെല്ലാം പരിഗണിക്കുന്നത് എന്റെ പേഴ്‌സണല്‍ കാര്യമാണ്. അതുകൊണ്ടുതന്നെ എനിക്ക് ഇതേക്കുറിച്ച് യാതൊരു കാര്യവും പറയാനുണ്ടായിരുന്നില്ല. പക്ഷേ അന്ന് ഒരുപാടുപേരുടെ തുറന്നുപറച്ചിലിന് ഞാന്‍ സാക്ഷിയാണ്. നമ്മുടെ കൂടെയുള്ള, നമ്മളെ വിശ്വസിച്ച് എല്ലാം തുറന്നുപറഞ്ഞതില്‍ ഒരു കാര്യം ഈയടുത്ത് ലീക്കായത് എന്റെ ശ്രദ്ധയില്‍ പെട്ടു. അതെങ്ങനെ ലീക്കായി. വീഡിയോ എടുത്തുവെച്ചിരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഞങ്ങള്‍ക്ക് കിട്ടണം. നഷ്ടപ്പെട്ടുപോയി എന്നു പറയാന്‍ ഇത് വെറുതേ കളയേണ്ടതായ ഒരു കാസറ്റോ വേറൊരു സംഗതിയോ അല്ല. ഓരോരുത്തരും കരഞ്ഞുകൊണ്ട് മനസ്സില്‍ നിന്നും സങ്കടം കൊണ്ട് പറഞ്ഞ വാക്കുകളാണ്. അതു നഷ്ടപ്പെടുക എന്നത് എന്നെപ്പോലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഞാന്‍ അന്നവിടെ ഇല്ലായിരുന്നുവെങ്കില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ വരികയേ ഇല്ല. അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ആവശ്യപ്പെട്ടത്.'
'ക്യാമറ കൈകാര്യം ചെയ്യാന്‍ വന്ന പുരുഷന്‍ ഇതുകേട്ടുകൊണ്ട് ഇവിടെ നില്‍ക്കുമോ എന്ന് ഞാന്‍ അപ്പോള്‍ ചോദിച്ചു. ഇല്ല പ്രിയങ്കാ, റോളിങ് തുടങ്ങിയാല്‍ അവരെ അപ്പോള്‍ തന്നെ പുറത്താക്കും എന്നായിരുന്നു മറുപടി. കുക്കുവായിരുന്നു എല്ലാം സംഘടിപ്പിച്ചത്. ഇപ്പോള്‍ പറയുന്നു പൊന്നമ്മ ബാബു, മരിച്ചുപോയ ലളിത ചേച്ചി തുടങ്ങിയവരൊക്കെയാണ് യോഗം വിളിച്ചുചേര്‍ത്തത് എന്നാണ്. സംസാരിച്ചുതുടങ്ങി മുക്കാല്‍ മണിക്കൂറായപ്പോള്‍ ലളിത ചേച്ചി പോയി. ഞാനാണ് ചേച്ചിയെ താഴേക്ക് ഇറക്കിക്കൊണ്ടുപോയത്. ഇവര്‍ വിളിച്ചുചേര്‍ത്ത മീറ്റിങ് ആയിരുന്നുവെങ്കില്‍ അതു സമാപിച്ചപ്പോള്‍ ആരുടെ കൈയിലായിരുന്നു ഹാര്‍ഡ് ഡിസ്‌ക് കൊടുക്കേണ്ടത്? അവിടെ മുഴുവന്‍ സമയവും ഉണ്ടായിരുന്ന പൊന്നമ്മ ബാബുവിന്റെ കൈയില്‍ കൊടുക്കണ്ടേ? കുക്കു പരമേശ്വരന്‍ സൂക്ഷിച്ച് വേറെ ആള്‍ക്കാണോ കൊടുക്കേണ്ടത്? ആ മീറ്റിങ്ങിന് നേതൃത്വം കൊടുത്ത് വിളിച്ചത് കുക്കു തന്നെയാണ്. അത്രയധികം ആര്‍ടിസ്റ്റുകള്‍ സംസാരിച്ച ഒരോ വാക്കും എന്റെ ഓര്‍മയിലുണ്ട്. അതില്‍ ഒരു പേര് ലീക്കായി. അത് ഇനിയും തുടരുമോ? ആ ഡിസ്‌ക് എവിടെ? ആരുടെ കൈയിലാണ് ഉള്ളത് ? അതറിയാനുള്ള അവകാശം അവിടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞവര്‍ക്കില്ലേ? കാണാനില്ല എന്ന ്ഈസിയായിട്ട് പറഞ്ഞു. അങ്ങനെ കാണാനാവാത്ത സംഗതിയല്ലല്ലോ ഇത്. ബാങ്കില്‍ ലോക്കറില്‍ എന്നപോലെ വെക്കണമായിരുന്നു. കുറേ സ്ത്രീകള്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് അതിലുള്ളത്. അതങ്ങനെ കാണാതാവാന്‍ പറ്റില്ല.'
ഗുരുതരമായി അറ്റന്‍ഡ് ചെയ്യേണ്ടതായിട്ടുള്ള പ്രശ്‌നങ്ങള്‍ ആ ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. അന്ന് ഹേമാ കമ്മറ്റി വന്നിട്ടില്ലെന്നും 'അമ്മ'യ്ക്കകത്തുള്ള ആര്‍ടിസ്റ്റുകളും ആള്‍ക്കാരുമൊക്കെത്തന്നെയാണ് അനുഭവം പറഞ്ഞത്. ഇത് 'അമ്മ'യ്ക്കകത്തുതന്നെ തീര്‍ക്കണം എന്നാണ് തങ്ങള്‍ കരുതിയതെന്നും പ്രിയങ്ക പറഞ്ഞു.
'2019-ലാണ് ഇങ്ങനെയൊരു കൂട്ടായ തുറന്നുപറച്ചില്‍ നടന്നത്. അന്നത്തെ ക്യാമറയില്‍ ശബ്ദം പതിഞ്ഞില്ലെന്ന് ഇപ്പോള്‍ പറയുന്നു. പിന്നെ എന്തിനായിരുന്നു ക്യാമറ വെച്ചത്? ആംഗ്യഭാഷ കാണാനോ? മൈക്ക് വെച്ചരുന്നത് നടവിലായിരുന്നു. ശബ്ദം പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. കുക്കു ഇപ്പോള്‍ പറഞ്ഞൊഴിയുന്നത് താനതില്‍ ഇല്ലായിരുന്നു എന്നു പറഞ്ഞാണ്. ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത് കുക്കു തന്നെയാണ്. അവിടെ ആരെയും ഏല്‍പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മയുടെ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു മത്സരിക്കുന്നതുകൊണ്ട് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ ആരോപണം നേരിട്ടാല്‍ അത് വ്യക്തമാക്കേണ്ട ചുമതല ആരോപണം നേരിടുന്നയാള്‍ക്കുണ്ട്. ആ ഹാര്‍ഡ് ഡിസ്‌ക് കുക്കു ഇപ്പോള്‍ തരണം. ഇതേച്ചൊല്ലി മനസ്സുവിഷമിച്ചിരിക്കുന്ന കുറേ പാവം ആര്‍ടിസ്റ്റുകളുണ്ട്. കാര്യം തുറന്നു പറഞ്ഞുംപോയി. ഒരു സംഭവം ലീക്കായി. പതിനഞ്ചാം തിയതി വരെ സമയമില്ലേ തിരഞ്ഞെടുപ്പിന്. ഹാര്‍ഡ് ഡിസ്‌ക് എവിടെയാണെന്നു പറയാന്‍ മടിക്കുന്നതെന്തിനാണ് ? അത് ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നാല്‍ എന്താണ് കുഴപ്പം? കാണാനില്ലെന്നു പറഞ്ഞാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല.' - പ്രിയങ്ക പറഞ്ഞു.
Content Highlights: Actress Priyanka Press Meet Against Kukku Parameswaran
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·