നടൻ കലാഭവൻ നവാസ് അന്തരിച്ചു

5 months ago 5

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്.

സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സിനിമാമേഖലയിലെ പ്രമുഖരിൽ പലരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബന്ധുക്കൾ എത്തിയതിന് ശേഷം മൃതദേഹം കൈമാറുമെന്നാണ് വിവരം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.

Content Highlights: kalabhavan-navas-found-death

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article