നന്ദി പറഞ്ഞ് ഞെട്ടിച്ച് രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ താരം, അടുത്ത സീസണിൽ ക്ലബ്ബ് വിടുമോ?

8 months ago 9

ഓൺലൈൻ ഡെസ്ക്

Published: May 23 , 2025 11:15 PM IST

1 minute Read

 DIBYANGSHU SARKAR/AFP
രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും. Photo: DIBYANGSHU SARKAR/AFP

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിനു നന്ദി പറഞ്ഞ് ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ കുറിപ്പ്. ജയ്സ്വാൾ അടുത്ത സീസണിൽ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണു സമൂഹ മാധ്യമത്തിൽ ‘നന്ദി’ അറിയിച്ച് ആരാധകരെ ഞെട്ടിച്ചത്. നിലവിലെ സീസണില്‍ ഒൻപതാം സ്ഥാനക്കാരായാണ് രാജസ്ഥാൻ മത്സരങ്ങൾ പൂർത്തിയാക്കിയത്.

‘‘എല്ലാത്തിനും നന്ദിയുണ്ട്. ഞങ്ങൾ പ്രതീക്ഷിച്ച സീസണല്ല കടന്നുപോയത്. എന്നാലും ഈ യാത്രയ്ക്ക് നന്ദിയുണ്ട്. ഇനി അടുത്ത വെല്ലുവിളികളിലേക്ക്’’– എന്നായിരുന്നു ജയ്സ്വാൾ ഇസ്റ്റഗ്രാമിൽ കുറിച്ചത്. ഇതോടെ ജയ്സ്വാൾ ഫ്രാഞ്ചൈസി വിടുകയാണെന്ന അഭ്യൂഹങ്ങൾ പരന്നു. ‘ഒരുമിച്ചുള്ള യാത്രയ്ക്കു നന്ദിയുണ്ടെന്നും അതു തുടരുമെന്നും’ ഒരു വരി കൂടി ജയ്സ്വാൾ പിന്നീട് ഇൻസ്റ്റയിൽ കൂട്ടിച്ചേർത്തു.

സീസണിൽ 559 റൺസെടുത്ത ജയ്സ്വാൾ റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റപ്പോൾ ജയ്സ്വാളിനെ തഴഞ്ഞ് റിയാൻ പരാഗിനെയാണ് രാജസ്ഥാൻ ക്യാപ്റ്റനാക്കിയത്. അതിൽ യശസ്വി ജയ്സ്വാളിന് അതൃപ്തിയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഐപിഎലിൽ രാജസ്ഥാന്റെ മത്സരങ്ങൾ അവസാനിച്ചതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാകും ജയ്സ്വാൾ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും.

English Summary:

Yashasvi Jaiswal Drops Big Hint Amid Rajasthan Royals' Exit Rumours

Read Entire Article