01 June 2025, 08:05 AM IST

തിരുവനന്തപുരം ആകാശവാണി നിലയത്തിലെത്തിയ നടൻ മോഹൻലാൽ റെക്കോഡിങ്ങിനിടെ | Photo: Mathrubhumi, X/ AkashvaniAIR
തിരുവനന്തപുരം: ‘‘നമസ്‌കാരം. ഞാൻ മോഹൻലാൽ...’’ കാതുകൾ വഴി ഹൃദയത്തിലേക്കുള്ള പ്രക്ഷേപണം ഇങ്ങനെ ആരംഭിച്ചു. പിന്നാലെ ഗൃഹാതുരതയുടെ പലകാലങ്ങൾ കടന്നുവന്നു. ടിവിയും ഇന്റർനെറ്റുമൊക്കെ വരുംമുൻപുള്ള ഞങ്ങളുടെ തലമുറയുടെ വീടുകളിലെ ഏറ്റവും വലിയ വിനോദോപാധി റേഡിയോയായിരുന്നു- ചരിത്രം ഉണർന്നിരിക്കുന്ന വഴുതക്കാട്ടെ ആകാശവാണി നിലയത്തിലിരുന്ന് മോഹൻലാൽ പറഞ്ഞു. 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആകാശവാണിയൊരുക്കുന്ന പ്രത്യേക പരിപാടിയുടെ റെക്കോഡിങ്ങിന്റെ ഭാഗമായാണ് വെള്ളിയാഴ്ച മോഹൻലാലെത്തിയത്.
ആകാശവാണിയെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ പ്രിയനടൻ പങ്കുവെച്ചു. പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ വ്യതിരിക്തതയിലും ഉച്ചാരണമേന്മയിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് റേഡിയോയെ സുപരിചിതമാക്കിയത് ബാലലോകം, റേഡിയോ അമ്മാവൻ, യുവവാണി ഉൾപ്പെടെയുള്ള പരിപാടികളായിരുന്നു. തിരുവനന്തപുരം നിലയത്തിന്റെ കുട്ടികൾക്കായുള്ള പരിപാടികളിലും നാടകങ്ങളിലും സ്‌കൂൾ വിദ്യാർഥിയായ താൻ ശബ്ദം നൽകിയിട്ടുണ്ട്. കുട്ടിക്കാലംമുതൽ ആകാശവാണി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിലയത്തിന്റെ റേഡിയോ ക്ലബ്ബിലും അംഗമായിരുന്നു- അദ്ദേഹം പറഞ്ഞു.
‘ഇഷ്ടഗാന’ പരിപാടിയിലേക്കായി തനിക്ക് പ്രിയപ്പെട്ട പത്ത് ഗാനങ്ങളും അദ്ദേഹം പങ്കുവെച്ചു. ദേശീയ കായിക പ്രക്ഷേപണത്തിന്റെ സാരഥികൂടിയായിരുന്ന തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ സർവീസിൽനിന്നു വിരമിക്കുന്ന ദിനംകൂടിയായിരുന്നു വെള്ളിയാഴ്ച. വി. ശിവകുമാറിനെ ആശംസകളോടെ യാത്രയാക്കാൻ മോഹൻലാലുമുണ്ടായിരുന്നു.
Content Highlights: Mohanlal reminisces astir his puerility memories with All India Radio Thiruvananthapuram
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·